11-കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം ; റെയിൽവേ ജീവനക്കാരനെ യാത്രക്കാർ അടിച്ചുകൊന്നു
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: 11-കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് റെയില്‍വേ ജീവനക്കാരനെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റു യാത്രക്കാരും ചേർന്ന് അടിച്ചുകൊന്നു. ബറൂണി-ന്യൂഡല്‍ഹി ഹംസഫര്‍ എക്‌സ്പ്രസിലെ തേര്‍ഡ് എസി കോച്ചില്‍ ബുധനാഴ്ചയാണ് സംഭവം. റെയില്‍വേ ഡി ഗ്രൂപ്പ് ജീവനക്കാരനായ പ്രശാന്ത് കുമാറിനെയാണ് അടിച്ചുകൊലപ്പെടുത്തിയത്.
ഹംസഫര്‍ എക്‌സ്പ്രസില്‍ ബിഹാറിലെ സിവാനില്‍നിന്നാണ് പെണ്‍കുട്ടിയുടെ കുടുംബം കയറിയത്. രാത്രി 11.30 ഓടെ പ്രശാന്ത് കുമാര്‍ തന്റെ സീറ്റില്‍ 11-കാരിയെ ഇരുത്തി. ഇതിനിടെ അമ്മ ശൗചാലയത്തിൽ പോയപ്പോള്‍ പെണ്‍കുട്ടിയെ പ്രശാന്ത് കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചതായാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശൗചാലയത്തിൽനിന്ന് അമ്മ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി ഓടിപ്പോയി കെട്ടിപ്പിടിക്കുകയും കരയുകയും സംഭവം പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മ ഭര്‍ത്താവിനെയും മറ്റു ബന്ധുക്കളേയും മറ്റു യാത്രക്കാരേയും വിവരമറിയിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ട്രെയിന്‍ ലഖ്നൗവിലെ ഐഷ്ബാഗ് ജങ്ഷനില്‍ എത്തിയപ്പോള്‍ പ്രകോപിതരായ യാത്രക്കാരും കുടുംബാംഗങ്ങളും പ്രശാന്ത് കുമാറിനെ പിടികൂടി. കോച്ചിന്റെ വാതിലിനടുത്തുള്ള ഭാഗത്തേക്ക് കൊണ്ടുപോയി, ഒന്നര മണിക്കൂര്‍ അകലെയുള്ള കാണ്‍പുര്‍ സെന്‍ട്രലില്‍ ട്രെയിന്‍ എത്തുന്നതുവരെ മര്‍ദിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ 4.35 ഓടെ കാണ്‍പുരില്‍ ട്രെയിനെത്തിയപ്പോള്‍ റെയില്‍വേ പോലീസ് പ്രശാന്ത് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.