കള്ളൻ കൗണ്ടറിൽത്തന്നെ !!റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നു പണം കവര്‍ന്നു ജീവനക്കാരൻ; മോഷണദൃശ്യം ക്യാമറയിൽ പതിഞ്ഞതോടെ പണം തിരിച്ചു നല്കി തടിയൂരി; സംഭവം കാസർകോട്
സ്വന്തം ലേഖകൻ
കാസര്‍കോട്: റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നു പണം കവര്‍ന്നു. മോഷണദൃശ്യം ക്യാമറയിൽ പതിഞ്ഞ. ഒടുവില്‍ പണി കിട്ടുമെന്നറിഞ്ഞതോടെ പണം തിരിച്ചു നല്കി റെയില്‍വേ ജീവനക്കാരന് തടിയൂരി.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ടിക്കറ്റ് കൗണ്ടറിനു സമീപത്തായി റെയില്‍വേ റിട്ട. ജീവനക്കാരന് നടത്തുന്ന ’ജന സാധാരണ’ അണ് റിസര്‍വ്ഡ് ടിക്കറ്റ് കൗണ്ടറില്‍ നിന്നു ടിക്കറ്റ് വിറ്റു കിട്ടിയ ആയിരത്തോളം രൂപയാണ് കൗണ്ടര്‍ ഉടമ അറിയാതെ ജീവനക്കാരന് പോക്കറ്റിലാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ കൗണ്ടറില്‍ ഉണ്ടായിരുന്നയാള്‍ അല്പസമയം വിശ്രമിക്കാനായി പുറത്തുപോയപ്പോള്‍ കൗണ്ടര്‍ പൂട്ടിയിരുന്നില്ല. ഇത് ശ്രദ്ധിച്ചുകൊണ്ടിരുന്ന ജീവനക്കാരന് ടിക്കറ്റ് മെഷനിലെ ബോക്സില്‍ സൂക്ഷിച്ച പണം എടുക്കുകയായിരുന്നു.
പണം എണ്ണിയെടുത്ത് പോക്കറ്റില്‍ ഇടുന്നത് സ്റ്റേഷനിലെ സി.സി.ടി.വി കാമറ ഒപ്പിയെടുത്തിരുന്നു. അല്പം കഴിഞ്ഞു കൗണ്ടറിലെത്തിയ ജീവനക്കാരന് നോക്കിയപ്പോഴാണു പണം നഷ്ടമായ വിവരം അറിയുന്നത്.
ഉടനെ ടിക്കറ്റ് കൗണ്ടറില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരോട് ഇതേക്കുറിച്ച് തിരക്കിയെങ്കിലും തിരക്കായിരുന്നുവെന്നും കണ്ടില്ലെന്നുമുള്ള മറുപടിയായിരുന്നു നല്‍കിയത്. തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരോടു പരാതിപ്പെട്ടു.
അവരെത്തി സി.സി.ടി.വി പരിശോധിച്ചപ്പോഴാണു കള്ളന് കൗണ്ടറില്‍ തന്നെ ഉണ്ടെന്നു കണ്ടെത്തിയത്. ജീവനക്കാരന് ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടതോടെ സമ്മതിക്കുകയും പണം തിരികെ നല്കുകുമായിരുന്നു.
പണം നഷ്ടപ്പെട്ട ടിക്കറ്റ് കൗണ്ടറിലെ റിട്ട. ജീവനക്കാരന് പരാതി ഇല്ലെന്ന് അറിയിച്ചതിനാല്‍ ആര്.പി.എഫ് നടപടിക്കു മുതിര്‍ന്നില്ല.