play-sharp-fill
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് !!! കോട്ടയം വഴിയുള്ള റെയിൽ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് !!! കോട്ടയം വഴിയുള്ള റെയിൽ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ – ചിങ്ങവനം ഇരട്ട പാത ജോലികൾ പുരോഗമിക്കുന്നതിനാൽ ഇന്ന് മുതൽ ഫെബ്രുവരി 23 വരെ കോട്ടയം വഴിയുള്ള റെയിൽ ഗതാഗതത്തിന് കൂടുതൽ നിയന്ത്രണം റെയിൽവേ ഏർപ്പെടുത്തിയിരിക്കുന്നു.

എറണാകുളം ടൗണിൽ നിന്നും രാവിലെ 10.50 നുള്ള ട്രെയിൻ നമ്പർ 22647 കോർബ – കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് ഫെബ്രുവരി 14, 18, 21 തിയതികളിൽ ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ സൗകര്യാർത്ഥം എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ ഈ ട്രെയിന് സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ടൗണിൽ നിന്നും ഉച്ചയ്ക്ക് 01.00 ന് പുറപ്പെടുന്ന 17230 തിരുവനന്തപുരം ശബരി എക്സ്പ്രസ്സ്‌ ഇന്ന് മുതൽ മാർച്ച്‌ 5 വരെ ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്.. എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ അധികമായി സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

എറണാകുളം ടൗണിൽ നിന്ന് ഉച്ചയ്ക്ക് 01.45 ന് പുറപ്പെടുന്ന 16649 മംഗലാപുരം – നഗർകോവിൽ പരശുറാം എക്സ്പ്രസ്സ്‌ ഇന്ന് മുതൽ ഫെബ്രുവരി 23 വരെ ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ സൗകര്യാർത്ഥം ഈ ട്രെയിന് എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്

കോട്ടയത്ത് നിന്ന് ഉച്ചയ്ക്ക് 03 05 ന് പുറപ്പെടുന്ന 12625 തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസ്സ്‌ ഇന്ന് മുതൽ ഫെബ്രുവരി 23 വരെ ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിൽ ഈ ട്രെയിന് സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്.

കോട്ടയത്ത് നിന്ന് രാവിലെ 11.20 ന് പുറപ്പെടുന്ന 12202 കൊച്ചുവെളി – ലോക്മാന്യതിലക് ഗരീബ് രഥ് ഫെബ്രുവരി 17, 20 തിയതികളിൽ ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നീ സ്റ്റേഷനിൽ ഈ ട്രെയിന് അധിക സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്.

രാവിലെ 09.05 ന് എറണാകുളം ടൗണിൽ നിന്നുള്ള 18567 വിശാഖപട്ടണം – കൊല്ലം വീക്കിലി എക്സ്പ്രസ്സ്‌ ഫെബ്രുവരി 18 ന് ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്. യാത്രക്കാർക്കായി ഈ ട്രെയിന് എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്.

എന്നാൽ രാവിലെ 09 20 ന് കോട്ടയത്ത്‌ നിന്ന് പുറപ്പെടുന്ന പരശുറാം, രാവിലെ 10 മണിക്ക് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ശബരി എക്സ്പ്രസ്സ്‌, വൈകുന്നേരം 05 00 ന് എറണാകുളം ടൗണിൽ നിന്ന് പുറപ്പെടുന്ന കേരള എക്സ്പ്രസ്സ്‌ മാറ്റമില്ലാതെ കോട്ടയംവഴി തന്നെ സർവീസ് നടത്തുന്നതാണെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.

രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 03 30 വരെയുള്ള സമയമാണ് ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ മറ്റു സർവീസുകളെ ബാധിക്കുകയില്ലെന്ന് അറിയിച്ചിട്ടുണ്ട്.

2022 മാർച്ച്‌ 23 ന് ഇരട്ട പാതയിൽ ട്രയൽ റൺ നടത്തുമെന്നും മാർച്ച്‌ 31 ന് കമ്മീഷൻ ചെയ്യുമെന്നും റെയിൽവേ നോട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്. യാത്രക്കാരുടെ ദീർഘകാലമായുള്ള സ്വപ്നമാണ് ഇതിലൂടെ സാക്ഷാൽക്കരിക്കാൻ പോകുന്നത്. ഇരട്ട പാതയുടെ ജോലികൾ പൂർത്തിയാകുന്നതോടെ കോട്ടയം വഴിയുള്ള ട്രെയിനുകളുടെ സമയപരിഷ്കരണം നടപ്പിലാക്കും.

വേണാട് എക്സ്പ്രസ്സ്‌ എറണാകുളം ജംഗ്ഷനിൽ രാവിലെ 09.30 ന് എത്തിച്ചേരണമെന്നത് യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്‌. സിംഗിൾ ലൈനിൽ പിടിച്ചിടുന്നത് മൂലം യാത്രക്കാർക്ക് ഓഫീസ് സമയം പാലിക്കാൻ കഴിയാത്തത് ഇപ്പോൾ സ്ഥിരം സംഭവമാണ്. കോട്ടയം സ്റ്റേഷനിൽ അഞ്ചു പ്ലാറ്റ് ഫോമുകളും പ്രവർത്തനക്ഷമമാകുമ്പോൾ കാരയ്ക്കൽ -എറണാകുളം എക്സ്പ്രസ്സ്‌, കണ്ണൂർ, എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സുകൾ കോട്ടയം വരെ നീട്ടണമെന്നും യാത്രക്കാരുടെ ആവശ്യമാണ്‌.

കുറുപ്പന്തറ – ഏറ്റുമാനൂർ ഇരട്ട പാത കമ്മീഷൻ ചെയ്യുന്നതിന് മുമ്പ് അനുവദിച്ച പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ നിഷേധിച്ചത് ഏറ്റുമാനൂരിൽ പ്ലാറ്റ്ഫോം ദൗർലഭ്യം ചൂണ്ടിക്കാട്ടിയായിരുന്നു. മറ്റു സാങ്കേതിക തടസ്സമൊന്നുമില്ലാത്ത പാലരുവിയ്ക്ക് ഏറ്റുമാനൂർ – ചിങ്ങവനം ഇരട്ട പാത കമ്മീഷൻ ചെയ്യുന്നതോടൊപ്പം സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് ഏറ്റുമാനൂർ പാസഞ്ചർ അസോസിയേഷൻ പ്രതിനിധികളായ ശ്രീജിത്ത് കുമാർ, അജാസ് വടക്കേടം, ഷിനു. എം. എസ് എന്നിവർ ആവശ്യപ്പെട്ടു.

ഏറ്റുമാനൂർ- ചിങ്ങവനം ഇരട്ട പാത പൂർത്തിയാകുന്നതോടെ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ ഡബിൾ ലൈൻ എന്ന ചരിത്രനേട്ടമാണ് റെയിൽവേയ്ക്കൊപ്പം കേരളവും കൈവരിക്കുന്നത്.