‘മിസ് ഇന്ത്യ മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ ദളിത്, ഗോത്ര, ഒബിസി വനിതകളില്ല’ ; ജാതി സെന്‍സസ് വിഷയത്തില്‍ രാഹുല്‍ ഗാന്ധി
മിസ് ഇന്ത്യ മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ ദളിത്, ഗോത്ര, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി.
ജാതി സെന്‍സസുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കവേയാണ് ഇത്തരമൊരു ഉദാഹരണം രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടിയത്.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വച്ചു നടന്ന സംവിധാന്‍ സമ്മാന്‍ സമ്മേളനില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പട്ടിക ദളിത്, ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ മിസ് ഇന്ത്യ പട്ടിക ഞാന്‍ പരിശോധിച്ചു. എന്നാല്‍ ഈ വിഭാഗത്തില്‍ നിന്നുള്ള ആരുമില്ല – രാഹുല്‍ ഗാന്ധി പറഞ്ഞു.
കര്‍ഷകരുടെയും തൊഴിലാളികളുടെയും കാര്യത്തില്‍ താല്‍പര്യം കാണിക്കാതെ നൃത്തം, സംഗീതം, ക്രിക്കറ്റ്, ബോളിവുഡ് തുടങ്ങിയ വിഷയങ്ങളില്‍ വ്യാപൃതരായിരിക്കുന്ന മാധ്യമങ്ങളെ അദ്ദേഹം വിമര്‍ശിച്ചു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടപ്പാക്കുമെന്നും സംവരണത്തിലെ 50 ശതമാനം പരിധി നീക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജാതി സെന്‍സസ് മാത്രം നടപ്പാക്കിയാല്‍ പോരെന്നും രാജ്യത്തെ വരുമാന വിതരണത്തെ കുറിച്ച് അറിയേണ്ടതും പ്രധാനമാണെന്ന് രാഹുല്‍ വ്യക്തമാക്കി. 90 ശതമാനം ജനങ്ങളും സിസ്റ്റത്തിന്റെ ഭാഗമല്ല. ആവശ്യമായ നൈപുണ്യവും വൈദഗ്ദ്ധ്യവും ഉണ്ടെങ്കിലും ഇവര്‍ക്ക് സംവിധാനവുമായി ബന്ധമില്ല.
അതുകൊണ്ടാണ്, ഞങ്ങള്‍ ജാതി സെന്‍സസ് ആവശ്യപ്പെടുന്നത് – രാഹുല്‍ കൂട്ടിച്ചേര്‍ത്തു.