രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നേട്ടമായത് മാങ്കൂട്ടത്തിലിന് തന്നെ ; വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത് രാഹുല്‍ മാങ്കൂട്ടത്തിലിന് പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുത്തതായി ഇടതു നേതാക്കള്‍ക്കിടയില്‍ വിമര്‍ശനം. സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യേണ്ടതിനു പകരം അനാവശ്യ പോലീസ് നടപടി യൂത്ത് കോണ്‍ഗ്രസിന് ഇമേജ് വര്‍ധിപ്പിക്കാനേ മാത്രമേ ഉപകരിക്കൂ എന്ന വിമര്‍ശനമാണ് ഇടതു യുവജന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ഉയരുന്നത്
സ്വന്തം ലേഖകൻ
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പോലീസ് നടപടിയില്‍ ഭരണകക്ഷിയില്‍ തന്നെ വിയോജിപ്പുകളെന്ന് റിപ്പോര്‍ട്ട്.രാഹുലിനെതിരായ പോലീസ് നടപടി അദ്ദേഹത്തിനും കോണ്‍ഗ്രസിനും ഇമേജ് വര്‍ധിപ്പിക്കാനേ ഇടയാക്കിയിട്ടുള്ളു എന്ന വിമര്‍ശനമാണ് ഇടതു യുവജന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ഉയരുന്നത്.
വ്യാജ ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഛായ നഷ്ടപ്പെട്ട യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് ഇമേജ് വര്‍ധിപ്പിച്ച് നല്‍കാനേ അറസ്റ്റ് ഉപകരിച്ചുള്ളു എന്നാണ് പ്രധാന വിമര്‍ശനം.യൂത്ത് കോണ്‍ഗ്രസിന്‍റെ തലസ്ഥാനത്തെ അക്രമ സംഭവങ്ങള്‍ക്കെതിരെ കേസും അറസ്റ്റും എന്ന തീരുമാനത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ പുലര്‍ച്ചെ വീട്ടില്‍കയറി കുടുംബാംഗങ്ങള്‍ക്ക് മുമ്പില്‍ ബെഡ്റൂമില്‍ നിന്നും വിളിച്ചിറക്കി അറസ്റ്റ് ചെയ്തത് പൊതുസമൂഹത്തില്‍ പോലീസിനെതിരെ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് വിമര്‍ശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുലിനെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി അറസ്റ്റ് നടപ്പിലാക്കിയിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന വാര്‍ത്താ പ്രാധാന്യം ഉണ്ടാകുമായിരുന്നില്ല. അതിക്രമ സംഭവങ്ങളില്‍ സമരക്കാര്‍ക്കെതിരെ കേസെടുക്കുന്നതും അറസ്റ്റും പൊതുസമൂഹം അംഗീകരിക്കുന്ന നടപടികളാണ്.
അതേസമയം അസമയത്ത് വീട്ടിലെത്തി കിടപ്പറയില്‍ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോയത് രാഹുല്‍ മാങ്കൂട്ടത്തിലിന് അനാവശ്യ പബ്ലിസിറ്റി ഉണ്ടാക്കി നല്‍കിയെന്ന വിലയിരുത്തല്‍ നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.
വിഷയത്തെ സജീവമായി ഉപയോഗിക്കാന്‍ തന്നെയാണ് യു.ഡി.എഫിന്റെ തീരുമാനം. അയോധ്യാ വിഷയത്തിലുള്‍പ്പെടെ പ്രതിരോധത്തിലായ സമയത്ത് വീണുകിട്ടിയ അനുഗ്രഹമായാണ് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ ഇതിനെ കാണുന്നത്. ഇന്നു നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ കൂടുതല്‍ ശക്‌തമായ സമരപരിപാടികള്‍ക്കു രൂപം നല്‍കും. പിണറായിയുടെ നടപടിയെ മോദിയുടേതുമായി ബന്ധിപ്പിച്ച് ശക്‌തമായ പ്രചാരണത്തിനും തീരുമാനമുണ്ടാകും.
സംഭവം ഉണ്ടായ ഉടന്‍ ശക്‌തമായ പ്രതിഷേധങ്ങളുമായി കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കള്‍ രംഗത്തെത്തി. അതിരാവിലെ വീട് വളഞ്ഞ് അറസ്‌റ്റ് ചെയ്യാന്‍ രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പോലീസും പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂടഭീകരതയുടെ വക്‌താക്കളാകുന്നതെന്നും സതീശന്‍ ആരോപിച്ചു.
കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, ബെന്നി ബെഹനഹ്നാന്‍, ഷാഫി പറമ്ബില്‍, പി.കെ. കുഞ്ഞാലിക്കുട്ടി, യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിന്‍ വര്‍ക്കി തുടങ്ങിയവര്‍ പോലീസിനും സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി. കേരളത്തിലെ പോലീസ് രാജിന്റെ ഉദാഹരണമാണിതെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. സര്‍ സി.പിയെപ്പോലും ലജ്‌ജിപ്പിക്കുന്ന കിരാത നടപടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്‌െറ്റന്ന് കെ.പി.സി.സി. അധ്യക്ഷനും ആരോപിച്ചു.