ആത്മ ബന്ധം, അമ്മക്ക് കൊടുത്ത വാക്ക്…! രാഹുല്‍ ഏത് മണ്ഡലം ‘കൈ’വിടും; അമേഠി പോലും കൈവിട്ടപ്പോള്‍ തുണച്ച വയനാടിനെയോ..? അതോ ഗാന്ധി കുടുംബത്തിനും തനിക്കും ആത്മബന്ധമുള്ള റായ്ബറേലിയോ..? പകരം പ്രിയങ്ക കന്നിയങ്കത്തിന് ഇറങ്ങുമോ…?
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചടുത്തോളം ഇത്തവണത്തെ ഫലം ത്രസിപ്പിക്കുന്നതാണ്.
കഴിഞ്ഞ തവണ ഒരു മണ്ഡലത്തില്‍ പരാജയപ്പെട്ട രാഹുല്‍ ഇക്കുറി മത്സരിച്ച രണ്ട് മണ്ഡങ്ങളിലും വമ്പൻ ജയമാണ് സ്വന്തമാക്കിയത്.
വയനാട്ടിലും റായ്ബറേലിയിലും മൂന്നര ലക്ഷത്തിലധികം വോട്ടിനാണ് രാഹുല്‍ ജയിച്ചുകയറിയത്.
ഇന്ത്യ മുന്നണിയുടെ പ്രധാനമുഖമായി രാഹുല്‍ ഗാന്ധി ലോക്സഭയിലേക്ക് പോകുമ്പോള്‍ ഏത് മണ്ഡലത്തെയാകും പ്രതിനിധീകരിക്കുകയെന്നതാണ് ഇപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം. അമേഠി പോലും കൈവിട്ടപ്പോള്‍ തുണച്ച വയനാടിനെയോ? അതോ അമ്മ സോണിയാ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനും തനിക്കും ആത്മബന്ധമുള്ള റായ്ബറേലിയോ?
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടില്‍ ഏത് മണ്ഡലത്തെയാകും രാഹുല്‍ ‘കൈ’ വിടുക എന്നത് ആകാംക്ഷയാണ്.
റായ്ബറേലിയെ കൈവിടില്ലെന്ന സൂചനയാണ് രാഹുല്‍ ഗാന്ധി നേരത്തെ തന്നെ നല്‍കിയിട്ടുള്ളത്. റായ്ബറേലിയില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ തന്നെ അമ്മക്ക് കൊടുത്ത വാക്കാണ് ഈ പോരാട്ടം എന്നാണ് രാഹുല്‍ ഗാന്ധി വൈകാരികമായി പ്രതികരിച്ചത്.
അത്രയും വൈകാരികമായ റായ്ബറേലിയെ തന്നെയാകും രാഹുല്‍ ലോക്സഭയില്‍ പ്രതിനിധീകരിക്കുകയെന്നാണ് വിലയിരുത്തലുകള്‍. അങ്ങനെയെങ്കില്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്. മറിച്ചാണെങ്കില്‍ റായ്ബറേലിയിലാകും ഉപതിരഞ്ഞെടുപ്പ്.
ആരാകും രാഹുല്‍ ഗാന്ധിക്ക് പകരം തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുകയെന്നതാണ് അടുത്ത ചോദ്യം. വയനാട്ടില്‍ ആയാലും റായ്ബറേലിയില്‍ ആയാലും ആദ്യ പരിഗണന സഹോദരി പ്രിയങ്ക ഗാന്ധിക്ക് തന്നെയാകും. വയനാടൻ ചുരം കയറി പ്രിയങ്ക ഗാന്ധി എത്തിയാല്‍ രാഹുല്‍ ഗാന്ധി കൈ വിടുന്നതിന്‍റെ പരിഭവം മണ്ഡലത്തിലുണ്ടാകില്ലെന്ന് ഉറപ്പാണ്.
റായ്ബറേലിയിലായാലും സമാനമായിരിക്കും സാഹചര്യം. ഗാന്ധി കുടുംബത്തിന്‍റെ വൈകാരിക അടുപ്പം പ്രിയങ്കയിലൂടെ റായ്ബറേലിക്ക് തുടരാം. മത്സരിക്കാനില്ലെന്ന നിലപാടില്‍ പ്രിയങ്ക വീണ്ടും ഉറച്ചുനിന്നാല്‍ മാത്രമാകും അടുത്തയാളെ പരിഗണിക്കുക. അങ്ങനെയെങ്കില്‍ അത് ആരാകുമെന്നത് കണ്ടറിയണം.