രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തും ; ഔദ്യോഗികമായി നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല ; ഫ്രഞ്ചൈസിയുമായി കരാറിലേര്‍പ്പെട്ടതായി വിവരം
സ്വന്തം ലേഖകൻ
ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ തിരിച്ചെത്തുന്നു. ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറിയ ശേഷമാണ് ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നത്. ദ്രാവിഡിന്റെ സഹപരിശീലകനായി ഇന്ത്യന്‍ ടീം മുന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡിനെ എത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി ദ്രാവിഡിന്റെ നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ ഫ്രഞ്ചൈസിയുമായി ദ്രാവിഡ് ഇതിനോടകം കരാറിലേര്‍പ്പെട്ടതായാണ് വിവരം. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ മെന്ററും ഡയറക്ടറും കൂടിയാണ് രാഹുല്‍ ദ്രാവിഡ്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2014, 2015 സീസണുകളിലാണ് ദ്രാവിഡ് രാജസ്ഥാന്റെ ഡയറക്ടറായും മെന്ററുമായത്. ഈ കാലഘട്ടത്തിലാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിലെ താരമായത്. എന്നാല്‍ ഫ്രാഞ്ചൈസിയില്‍ കുമാര്‍ സംഗക്കാരെയുടെ പദവിയില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയില്‍ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായി ശ്രീലങ്കന്‍ ഇതിഹാസം തുടരും.