കുട്ടിയേയും നിരവധി വളർത്തു മൃഗങ്ങളേയും കടിച്ചു; ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേ വിഷബാധ ; പരിശോധന ഫലം പുറത്തു വന്നതോടെ നാട്ടുകാർ ഭീതിയിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നെല്ലിക്കാപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം നായ ഒരു കുട്ടിയേയും നിരവധി വളർത്തു മൃഗങ്ങളേയും കടിച്ചിരുന്നു. പ്രദേശത്ത് പരാക്രമം നടത്തിയതിനെ തുടർന്നു നാട്ടുകാർ നായയെ പിടികൂടാൻ തിരച്ചിൽ നടത്തിയിരുന്നു.
അതിനിടെയാണ് കഴിഞ്ഞ ദിവസം ചത്ത നിലയിൽ നായയെ കണ്ടെത്തിയത്. തുടർന്നു നായയുടെ ശരീരം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിൽ സ്രവ പരിശോധനക്കായി എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനക്കൊടുവിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനാ ഫലം പുറത്തു വന്നതോടെ നാട്ടുകാർ ഭീതിയിലാണ്. നായയുടെ കടിയേറ്റ വളർത്തു മൃഗങ്ങളുമായി സമ്പർക്കം ഒഴിവാക്കണമെന്നു അധികൃതർ നിർദ്ദേശം നൽകി. കുട്ടിയെ കൂടാതെ പ്രദേശത്തെ മറ്റാർക്കെങ്കിലും നായയിൽ ആക്രമണം ഏറ്റിട്ടുണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്.