മൊത്തം ക്ലീനായി പുതുപ്പള്ളി; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് മാതൃകയായി ഹരിതകർമ്മ സേന; ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും, കുപ്പികളും പുതുപ്പള്ളിയിലെ പഞ്ചായത്ത് വക എം.സി.എഫിലേക്ക് മാറ്റി
സ്വന്തം ലേഖിക
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഹരിതകർമ്മ സേന.
പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വമിഷൻ, ആർ.ജി.എസ്.എ എന്നിവയുടെ സംയുക്ത സംഘാടനത്തിലൂടെയാണ് ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മൻചാണ്ടിയുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ടോടെയാണ് ജന്മനാടായ പുതുപ്പള്ളിയിൽ എത്തിച്ചത്. രാവിലെ മുതൽ തന്നെ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലും പ്രദേശത്തുമായി വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനും, നിർദ്ദേശങ്ങൾ നൽകാനുമായി പോലീസുകാർക്കൊപ്പം ഹരിത കർമ്മസേനയും ചേർന്നു.
പുതുപ്പള്ളി, കുറിച്ചി, പനച്ചിക്കാട്, വിജയപുരം, മണർകാട് തുടങ്ങിയ പഞ്ചായത്തുകളിലെ ഹരിതകർമ്മ സേനാംഗങ്ങളാണ് സേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചത്. അഞ്ച് പഞ്ചായത്തുകളിൽ നിന്നുമായി നൂറ്റിഎഴുപത്തിയഞ്ചോളം ഹരിത കർമ്മ സേനാംഗങ്ങളാണ് പുതുപ്പള്ളിയിൽ എത്തിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്, ബസ് സ്റ്റാൻഡ്, പള്ളി, പുതുപ്പള്ളി ടൗൺ തുടങ്ങിയ വിവിധ പ്രദേശങ്ങൾ വൃത്തിയാക്കുന്നതിൽ ഹരിതകർമ്മ സേന മുന്നിൽ നിന്നു. ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായി എത്തിയ വിലാപയാത്രയ്ക്കൊപ്പം ആയിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളിയിലും മറ്റുമായി തടിച്ചു കൂടിയത്.
ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസുകാർക്കൊപ്പം മനുഷ്യചങ്ങല തീർത്തും, ഭൗതികശരീരം കാണുവാനായി എത്തിയവർക്ക് കുടിവെള്ളം വിതരണം ചെയ്യാനും ഹരിതകർമ്മ സേനാംഗങ്ങൾ ഉണ്ടായിരുന്നു. കുടിവെള്ള വിതരണത്തിനു ശേഷം അവശേഷിച്ച പ്ലാസ്റ്റിക് കുപ്പികളും മറ്റും സമയബന്ധിതമായി ഹരിതകർമ്മ സേന നീക്കം ചെയ്തു. സംസ്‌കാര ചടങ്ങുകൾക്ക് പിന്നാലെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും, കുപ്പികളും പുതുപ്പള്ളിയിലെ പഞ്ചായത്ത് വക എം.സി.എഫിലേക്ക് മാറ്റി.