പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; നാല്, അഞ്ച്, എട്ട് തീയതികളില്‍ മണ്ഡലത്തിൽ ഡ്രൈ ഡേ; പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാലിനും അഞ്ചിനും അവധി; മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ മണ്ഡലത്തിൽ നിന്നും വിട്ടുപോകാൻ നിര്‍ദ്ദേശം; ഏർപ്പെടുത്തിയിരിക്കുന്നത് കർശന നിയന്ത്രണം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; നാല്, അഞ്ച്, എട്ട് തീയതികളില്‍ മണ്ഡലത്തിൽ ഡ്രൈ ഡേ; പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാലിനും അഞ്ചിനും അവധി; മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ മണ്ഡലത്തിൽ നിന്നും വിട്ടുപോകാൻ നിര്‍ദ്ദേശം; ഏർപ്പെടുത്തിയിരിക്കുന്നത് കർശന നിയന്ത്രണം

സ്വന്തം ലേഖിക

കോട്ടയം: ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന്, നാല്, അഞ്ച്, എട്ട് തീയതികളില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ മദ്യനിരോധനം (ഡ്രൈ ഡേ) ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ പോളിങ് ദിനമായ അഞ്ചാം തീയതി വൈകീട്ട് ആറു വരെയും, വോട്ടെണ്ണല്‍ ദിവസമായ എട്ടാം തീയതി പുലര്‍ച്ചെ 12 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്. വോട്ടെടുപ്പ് വീണ്ടും നടത്തേണ്ടിവന്നാല്‍ ആ ദിവസത്തിനും ഡ്രൈ ഡേ ബാധകമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി നിയോജമണ്ഡലത്തിന്റെ പരിധിയില്‍ ഹോട്ടല്‍, ഭോജനശാലകള്‍, മറ്റേതെങ്കിലും കടകള്‍, പൊതു-സ്വകാര്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മദ്യമോ സമാനമായ വസ്തുക്കളോ വില്‍ക്കാനോ, നല്‍കാനോ, വിതരണം ചെയ്യാനോ പാടില്ല. മദ്യക്കടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍ തുടങ്ങി മദ്യം വില്‍ക്കുന്ന/വിളമ്പുന്ന മറ്റിടങ്ങളില്‍ ഈ ദിവസങ്ങളില്‍ ആര്‍ക്കും മദ്യം വില്‍ക്കാനോ വിളമ്പാനോ പാടില്ല.

മദ്യം കൈവശംവയ്ക്കാനും വിതരണം ചെയ്യാനും പലവിഭാഗത്തിലുള്ള ലൈസൻസുകളുണ്ടെങ്കിലും ക്ലബ്ബുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കും ഈ ദിവസങ്ങളില്‍ മദ്യം നല്‍കാൻ അനുമതിയില്ല. വ്യക്തികള്‍ക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് ഈ കാലയളവില്‍ വെട്ടിക്കുറയ്ക്കും. ലൈസൻസില്ലാതെ മദ്യം സൂക്ഷിക്കുന്നതിനെതിരേയുള്ള എക്‌സൈസ് നിയമത്തിലെ നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കും.

പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ പോളിങ് സുഗമമായി നടക്കുന്നതിനായി പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാലിനും അഞ്ചിനും അവധി നല്‍കി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവായി.

വിതരണ/സ്വീകരണ/വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള കോട്ടയം ബസേലിയസ് കോളേജിന് നാല് മുതല്‍ എട്ട് വരെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അവധി പ്രഖ്യാപിച്ച്‌ ഉത്തരവായിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.

ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തില്‍ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകിട്ട് ആറിനുശേഷം പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ നിന്നു വിട്ടുപോകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. ഇതുറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിനും ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി. വോട്ടെടുപ്പ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുമ്ബ് പരസ്യപ്രചാരണം നിയന്ത്രിക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 126-ാം വകുപ്പ് പ്രകാരവും തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരവുമാണ് നടപടി.