ആരോപണ പ്രത്യാരോപണങ്ങളില്‍ കലങ്ങി മറിഞ്ഞ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മണ്ഡലത്തെ ഉഴുതുമറിച്ച് മുന്നണികൾ; പ്രചാരണം അന്തിമഘട്ടത്തിലേക്ക്; അവധി ദിവസങ്ങളില്‍ പരസ്യപ്രചാരണത്തിന് ഇടവേള

ആരോപണ പ്രത്യാരോപണങ്ങളില്‍ കലങ്ങി മറിഞ്ഞ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മണ്ഡലത്തെ ഉഴുതുമറിച്ച് മുന്നണികൾ; പ്രചാരണം അന്തിമഘട്ടത്തിലേക്ക്; അവധി ദിവസങ്ങളില്‍ പരസ്യപ്രചാരണത്തിന് ഇടവേള

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്.

അയ്യൻകാളി ജയന്തി, തിരുവോണം, ചതയദിനം തുടങ്ങി തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ കൊണ്ടുപിടിച്ച പ്രചാരണത്തിലാണ് സ്ഥാനാര്‍ഥികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബര്‍ മൂന്നിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം. അഞ്ചിനാണ് തെരഞ്ഞെടുപ്പ്. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഇനി വോട്ടുപിടിക്കാൻ കിട്ടുക. അതിനുമുൻപ് പരമാവധി ആളുകളെ കണ്ട് വോട്ടുറപ്പിക്കണം. തിരുവോണത്തോടനുബന്ധിച്ച്‌ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും പരസ്യപ്രചാരണത്തിന് ഇടവേള നല്‍കിയിരിക്കുകയാണ്.

യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രചാരണം നടത്തിയിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ 41ാം ചരമദിനാചരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച തിരുവനന്തപുരത്തുമായിരുന്നു. തിങ്കളാഴ്ച മണര്‍കാട് പഞ്ചായത്തില്‍ വാഹനപര്യടനം നടത്തും.

തിരുവോണത്തിന്‍റെ അന്ന് ഓണാഘോഷങ്ങളില്‍ പങ്കെടുത്ത് വ്യക്തിപരമായി വോട്ടുതേടും. 30, 31 തീയതികളിലും പരസ്യപ്രചാരണമുണ്ടാവില്ല. 30ന് പൊതുയോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അൻവര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ഒന്നിന് എ.കെ. ആന്‍റണിയും രണ്ടിന് ശശി തരൂരും മണ്ഡലത്തിലെത്തും. ഒന്നിന് വാകത്താനം, രണ്ടിന് അകലക്കുന്നം പഞ്ചായത്തുകളിലാണ് സ്ഥാനാര്‍ഥി പര്യടനം.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസ് ഞായറാഴ്ച അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകളില്‍ പര്യടനം നടത്തി. 28, 29 തീയതികളില്‍ പൊതുപ്രചാരണം ഒഴിവാക്കും. തിരുവോണത്തിന് കോട്ടയം മെഡിക്കല്‍ കോളജില്‍ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണസംരംഭത്തില്‍ പങ്കാളിയാവുകയാണ് പതിവ്. ഇത്തവണയും അതു തുടരും.

30, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മണ്ഡലത്തിലെത്തും. 24ന് അദ്ദേഹം രണ്ട് പഞ്ചായത്തുകളിലെ പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു. എൻ.ഡി.എ സ്ഥാനാര്‍ഥി ലിജിൻലാല്‍ 29, 30, 31 തീയതികളില്‍ പൊതുപ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കും. കേരളത്തിന്‍റെ സംഘടന ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കര്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എന്നിവര്‍ എൻ.ഡി.എയുടെ അവസാന ഘട്ടപ്രചാരണത്തിനെത്തും.