പഞ്ചാബിൽ നിലം തൊടാനാകാതെ ബിജെപി ; കോൺഗ്രസ് മുന്നേറ്റം, അകാലിദളിനും എഎപിക്കും ക്ഷീണം
സ്വന്തം ലേഖകൻ
ദില്ലി : കർഷക പ്രക്ഷോഭം ശക്തമായ പഞ്ചാബിൽ നിലം തൊടാനാകാതെ ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപിക്ക് ഒറ്റ സീറ്റിലും ലീഡില്ല. നിലവിൽ 13 സീറ്റുകളിൽ 7 ഇടത്ത് കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നിട്ട് നിൽക്കുകയാണ്. ആംആദ്മി പാർട്ടി മൂന്ന് സീറ്റുകളിലും, അകാലിദൾ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുന്നു. മറ്റ് രണ്ട് സീറ്റുകളിൽ സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്.
കർഷക സമരം നടക്കുന്ന പട്യാലയിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാമതാണ്. അമരീന്ദർ സിംഗിന്റെ ഭാര്യയും സിറ്റിംഗ് എംപിയുമായ പ്രണീത് കൗർ മൂന്നാം സ്ഥാനത്താണ്. കോൺഗ്രസ് സ്ഥാനാർത്ഥി ധരംവീര ഗാന്ധി 7651 വോട്ടിന് ലീഡ് ചെയ്യുന്നു. കോൺഗ്രസ് ടിക്കറ്റിലാണ് കഴിഞ്ഞ തവണ പ്രണീത് കൗർ ഇവിടെ വിജയിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചാബിൽ മുന്നിട്ട് നിൽക്കുന്ന സ്വതന്ത്രരിൽ ഒരാൾ ഖലിസ്ഥാന്‍ നേതാവ് അമൃത്പാൽ സിംഗാണ്. പഞ്ചാബിലെ ഭാദൂർ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം അറുപതിനായിരം കടന്നു. അസമിലെ ജയിലിൽ കഴിയുന്ന അമൃത്പാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
പഞ്ചാബിലെ കർഷക സമരമാണ് ബിജെപിക്ക് വലിയ തിരിച്ചടിയായത്. ബിജെപിക്കെതിരെ വലിയ പ്രതിഷേധമാണ് കർഷക സംഘടനകൾ തെരഞ്ഞെടുപ്പ് വേളയിലും ഉയർത്തിയത്. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ നേതൃത്വത്തിൽ ബിജെപി സ്ഥാനാർത്ഥികളുടെ വീടിന് മുന്നിൽ പന്തൽ കെട്ടി സമരം പോലും നടന്നിരുന്നു. പഞ്ചാബിലെ അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന കർഷകർ ഒരു ഘട്ടത്തിൽ ഉപരോധസമരം ബിജെപി നേതാക്കളുടെ വീടിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. കർഷക പ്രക്ഷോഭത്തെ ഒരു ഘട്ടത്തിലും നേരിടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. കർഷകരുടെ ഈ അതൃപ്തിയാണ് ബിജെപിക്ക് വോട്ടെടുപ്പിലും തിരിച്ചടിയായത്.
ഒരുകാലത്ത് പഞ്ചാബിലെ അതികായർ ആയിരുന്ന ശിരോമണി അകാളിദളിന് ഈ തെരഞ്ഞെടുപ്പ് നിലനിൽപ്പിനായുള്ള പോരാട്ടമായിരുന്നെങ്കിലും നിലംതൊടാനായില്ല. വർഷങ്ങൾ നീണ്ട ബിജെപി ബന്ധം ഉപേക്ഷിച്ച് ഇത്തവണ ഒറ്റയ്ക്കാണ് അകാലിദൾ മത്സരത്തിനിറങ്ങിയത്. 2020ൽ ഒന്നാം കർഷക സമരത്തിൽ എൻഡിഎ ബന്ധത്തിന് എതിരെ വിമർശനം ശക്തമായതോടെ 1996 മുതലുള്ള സഖ്യം അകാലിദൾ ഉപേക്ഷിക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വീണ്ടും അകാലിദളിനെ എൻഡിഎയിൽ തിരിച്ചെത്തിക്കാൻ ശ്രമിച്ചെങ്കിലും രണ്ടാം കർഷക സമരം ഫെബ്രുവരിയിൽ തുടങ്ങിയതോടെ അകാലിദൾ അപകടം മണത്തു പിൻവാങ്ങിയെങ്കിലും തെരഞ്ഞെടുപ്പിൽ മെച്ചമുണ്ടാക്കാനായില്ല.