പുനലൂർ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഇരുപക്ഷത്തേയും ആറ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്.
കൊല്ലം : വനിതകളടക്കം മിക്ക കൗണ്‍സിലര്‍മാര്‍ക്കും മര്‍ദനമേറ്റു. യു.ഡി.എഫ് കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ സത്യഗ്രഹം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 11ഓടെ കൗണ്‍സില്‍ യോഗം ആരംഭിക്കുന്ന സമയത്താണ് പ്രശ്നങ്ങളുടെ തുടക്കം. മുൻ കൗണ്‍സില്‍ യോഗങ്ങളിലെ മിനിറ്റ്സ് ഹാജരാക്കിയതിനുശേഷം യോഗം ആരംഭിച്ചാല്‍ മതിയെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കവാടത്തിനുമുന്നില്‍ ഇരുപ്പുറപ്പിച്ചു.
2023 ഏപ്രില്‍ മാസം മുതലുള്ള മിനിറ്റ്സ് ബുക്ക് അടക്കമുള്ള രേഖകള്‍ പല അവസരങ്ങളില്‍ നേരിട്ടും രേഖാമൂലവും കൗണ്‍സില്‍ യോഗത്തിലും ആവശ്യപ്പെട്ടിട്ടും നല്‍കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. മനഃപൂര്‍വമായി ക്രമക്കേടുകള്‍ കാട്ടാനായി മിനിറ്റ്സ് ബുക്കുകള്‍ മാറ്റിയെന്നും കൗണ്‍സില്‍ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യാത്ത വിവരങ്ങളും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നതിനാലാണ് മിനിറ്റ്സ് ബുക്കുകള്‍ പൂഴ്ത്തി വെച്ചിട്ടുള്ളതെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു.
പ്രതിഷേധ വിവരമറിഞ്ഞെത്തിയ പൊലീസ് യു.ഡി.എഫുകാരെ കവാടത്തില്‍ നിന്ന് നീക്കം ചെയ്യാൻ ശ്രമിച്ചു. എന്നാല്‍, കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്സ് ബുക്കുകള്‍ മോഷണം പോയതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് പൊലീസിനോട് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചര്‍ച്ചചെയ്ത് പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കാമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ ബി. സുജാത സമരക്കാരോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന്, പ്രതിപക്ഷാംഗങ്ങളെ തള്ളിമാറ്റി അകത്തേക്ക് പോകുന്നതിന് ഭരണപക്ഷ അംഗങ്ങള്‍ ശ്രമിച്ചു. ഈ സമയം പ്രതിപക്ഷ അംഗങ്ങളെ കസ്റ്റഡിയിലെടുക്കുന്നതിനുവേണ്ടി പൊലീസ് ബലപ്രയോഗം നടത്തി. പൊലീസും കൗണ്‍സിലര്‍മാരും തമ്മില്‍ നടത്തിയ പിടിവലിയില്‍ വൈസ് ചെയര്‍മാൻ ഡി. ദിനേശൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വസന്ത രഞ്ജൻ, എല്‍.ഡി.എഫിലെ കെ. പുഷ്പലത, യു.ഡി.എഫിലെ എൻ. സുന്ദരേശൻ, ഷെമി അസീസ്, ജ്യോതി സന്തോഷ് എന്നിവര്‍ക്ക് പരിക്കേറ്റു.