play-sharp-fill
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ കോട്ടയം ജില്ലയില്‍ 91604 കുട്ടികള്‍ക്ക് മരുന്നു നല്‍കി ; ജില്ലാതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ കോട്ടയം ജില്ലയില്‍ 91604 കുട്ടികള്‍ക്ക് മരുന്നു നല്‍കി ; ജില്ലാതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ ഇന്നു നടന്ന പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ 91604 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എൻ.വിദ്യാധരൻ അറിയിച്ചു. 96,698 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്. 94.73% കുട്ടികള്‍ക്ക് ആദ്യ ദിനം ബൂത്തുകളില്‍ വച്ച് തുള്ളി മരുന്ന് നല്‍കി.

മുഴുവന്‍ കുട്ടികള്‍ക്കും മരുന്ന് നല്‍കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി അടുത്ത ദിവസങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് കൂടി മരുന്ന് നല്‍കി യജ്ഞം പൂര്‍ത്തീകരിക്കുമെന്ന് ഡി.എം.ഒ. അറിയിച്ചു. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും രണ്ട് ദിവസം കൂടി പ്രവര്‍ത്തിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് 12 മൊബൈല്‍ ബൂത്തുകള്‍, 41 ട്രാന്‍സിറ്റ് ബൂത്തുകള്‍ എന്നിവ ഉള്‍പ്പെടെ 1292 ബൂത്തുകള്‍ ക്രമീകരിച്ചിരുന്നു. റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും ഉത്സവസ്ഥലങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവയുള്‍പ്പടെ ജനങ്ങളെത്തുന്ന ഇടങ്ങളിലെത്തി മരുന്ന് നല്‍കുന്ന മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിച്ചു.

ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ആരോഗ്യകേരളം സാമൂഹ്യക്ഷേമ വകുപ്പ്, കുടുബശ്രീ, വിദ്യാഭ്യാസവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി ക്ളബ് തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.

കോട്ടയം ജില്ലാ ആശുപത്രിയിൽ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായിരുന്നു.