സംഘടനയിലെ പടയൊരുക്കത്തിനെതിരെ ചടുലനീക്കവുമായി പി.ടി. ഉഷ; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ പ്രമേയം നേരിടാനിരിക്കെ എതിരാളികൾക്കെതിരെ കേന്ദ്രത്തിന് പരാതി നൽകി; പ്രവർത്തനം തടസപ്പെടുത്തുന്നവരോടൊപ്പം ചേർന്ന് ജോയിന്‍റ് സെക്രട്ടറിയായ കല്യാൺ ചൗബയും പ്രവർത്തിക്കുന്നുവെന്ന് പരാതി
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ പ്രത്യേക യോഗത്തിൽ അവിശ്വാസ പ്രമേയം നേരിടാനിരിക്കെ എതിരാളികൾക്കെതിരെ കേന്ദ്ര സർക്കാറിനെ സമീപിച്ച് പ്രസിഡന്‍റ് പി.ടി. ഉഷ.
ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബക്കെതിരെ പി.ടി ഉഷ കേന്ദ്രത്തിന് പരാതി നൽകി. ഒളിമ്പിക് അസോസിയേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തുന്നവരോടൊപ്പം ചേർന്ന് ജോയിന്‍റ് സെക്രട്ടറിയായ കല്യാൺ ചൗബയും പ്രവർത്തിക്കുന്നുവെന്ന് ഉഷ പരാതിയിൽ പറയുന്നു.
കല്യാൺ ചൗബ പുറത്തുവിട്ട യോഗത്തിന്‍റെ അജണ്ട തെറ്റാണെന്നും നിയമവിരുദ്ധ നടപടിയാണെന്നും ഉഷ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ 25ന് ചേരുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ പ്രത്യേക യോഗത്തിന്‍റെ അജണ്ടയിലാണ് പ്രസിഡന്‍റ് പി.ടി. ഉഷക്കെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
25ന് നടക്കുന്ന യോഗത്തിലെ 26ാം അജണ്ടയായാണ് പി.ടി. ഉഷക്കെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുക. ‘സംഘടനാ ഭരണഘടനയുടെ ലംഘനവും ഇന്ത്യൻ കായികമേഖലയെ പ്രതികൂലമായി ബാധിക്കുന്ന നടപടികളും ആരോപിക്കപ്പെടുന്ന പശ്ചാത്തലത്തിൽ പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുകയും പരിഗണിക്കുകയും ചെയ്യും’ എന്നാണ് അജണ്ടയായി രേഖപ്പെടുത്തിയിട്ടുള്ളത്.
ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റായി നിയമിതയായി രണ്ട് വർഷം തികയും മുമ്പാണ് ഉഷക്കെതിരെ സംഘടനക്കുള്ളിൽ പടയൊരുക്കം തുടങ്ങിയത്. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റായി നിയമിതയായതിന് പിന്നാലെ എക്സിക്യൂട്ടീവ് സമിതിയിലെ അംഗങ്ങളും ഉഷയും നിരന്തരം കൊമ്പുകോർക്കലിലാണ്.
ട്രഷററും വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷൻ അംഗവുമായ സഹദേവ് യാദവ്, ഭൂപേന്ദർ സിങ് ബജ് വ, രാജലക്ഷ്മി സിങ്, അളകനന്ദ അശോക് അടക്കം പല എക്സിക്യൂട്ടീവ് സമിതി അംഗങ്ങൾക്കും ഉഷ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ഇവർക്കെതിരായ നടപടിയും യോഗത്തിന്‍റെ അജണ്ടയിലുണ്ട്.
അതേസമയം, ഉഷ അമിതാധികാര പ്രയോഗമാണ് നടത്തുന്നതെന്ന് എതിരാളികൾ ആരോപിക്കുന്നു. ഒളിമ്പിക് അസോസിയേഷന് 24 കോടിയുടെ നഷ്ടം റിലയൻസുമായുള്ള സ്പോൺസർഷിപ് കരാറിലൂടെയുണ്ടാക്കിയെന്ന് സി.എ.ജി റിപ്പോർട്ടിലും ഉഷക്കെതിരെ കുറ്റപ്പെടുത്തലുണ്ടായിരുന്നു. എന്നാൽ, ഈ ആരോപണം ഉഷ നിഷേധിച്ചിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായുള്ള തെറ്റായ സ്പോൺസർഷിപ് കരാറിലൂടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 24 കോടിയുടെ നഷ്ടം വരുത്തിയെന്നാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്.
റിലയൻസിന് കരാറിൽ അനാവശ്യ ആനുകൂല്യം നൽകിയതായാണ് കണ്ടെത്തൽ. അധികമായി നാല് കായികമേളകളുടെ സ്പോൺസർഷിപ്പ് റിലയൻസിന് നൽകിയിട്ടും കരാർ തുക വർധിപ്പിക്കാൻ ഒളിമ്പിക് അസോസിയേഷൻ തയാറായില്ലെന്നും ഇതുവഴി 24 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയതെന്നും സി.എ.ജി പറയുന്നു. ഇതിൽ പി.ടി. ഉഷ വിശദീകരണം നൽകണമെന്ന് സി.എ.ജി ആവശ്യപ്പെട്ടിരുന്നു.
സ്പോൺസർഷിപ് കരാറുകൾ സംബന്ധിച്ചും പ്രസിഡന്‍റിന്‍റെ അധികാര പരിധി സംബന്ധിച്ചും 25ലെ യോഗത്തിൽ ചർച്ചചെയ്യും. സി.ഇ.ഒയുടെ നിയമനം, വെയിറ്റ്‌ലിഫ്റ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് 1.75 കോടി രൂപ ലോണ്‍ നല്‍കിയ സംഭവം, അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ നടപടി എന്നിവയെല്ലാം യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.