500 കോടി രൂപ വിലമതിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽ പുഴുവരിച്ച് കെട്ടികിടന്ന് നശിക്കുന്നു: പി ടി തോമസ് എംഎൽഎ

500 കോടി രൂപ വിലമതിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽ പുഴുവരിച്ച് കെട്ടികിടന്ന് നശിക്കുന്നു: പി ടി തോമസ് എംഎൽഎ

 

സ്വന്തം ലേഖകൻ

കൊച്ചി: 500 കോടി രൂപ വിലമതിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽ പുഴുവരിച്ച് കെട്ടികിടന്ന് നശിക്കുന്നുവെന്ന് പി ടി തോമസ് എംഎൽഎ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ പിടിപ്പ്‌കേടുമൂലം 500 കോടി രൂപ വിലമതിക്കുന്ന ഭക്ഷ്യധാന്യങ്ങളാണ് ഭക്ഷ്യവിതരണ വകുപ്പിന്റെ ഗോഡൗണുകളിൽ പുഴുവരിച്ച് കെട്ടികിടന്ന് നശിക്കുന്നത്. ഭക്ഷ്യവിതരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ വിവിധ ജില്ലകളിലെ 253 ഗോഡൗണുകളിലാണ് ധാന്യങ്ങൾ കെട്ടികിടന്ന് നശിക്കുന്നത്.

സംസ്ഥാനത്തെ ജനങ്ങൾക്ക് അവകാശപ്പെട്ട 1,65,328 മെട്രിക് ടൺ ധാന്യമാണ് ഭക്ഷ്യയോഗ്യമല്ലാതെ കേടായി പോയതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി സമർപ്പിക്കുമെന്നും അദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 14,0786 മെട്രിക് ടൺ അരിയും ,24542 മെട്രിക് ടൺ ഗോതമ്ബുമാണ് വിതരണം ചെയ്യാതെ നശിപ്പിച്ചത്. എപിഎൽ കാർഡിൽ നിന്ന് ബിപിഎലിലേക്ക് മാറി ഭക്ഷ്യധാന്യത്തിന്റെ അളവ് കൂട്ടുന്നതിന് വേണ്ടി രോഗികളടക്കമുള്ള ആളുകൾ ഓഫീസുകൾ തോറും കയറിയിറങ്ങുന്നതിനിടയിലാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

70,000ത്തോളം ബിപിഎൽ കാർഡ് ഉടമകളെ മുൻഗണന പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭക്ഷ്യവകുപ്പ് തൽസ്ഥാനത്ത് അർഹരായവരെ ഉൾപ്പെടുത്താനുമുണ്ടായ കാലതാമസമാണ് ധാന്യവിതരണത്തെ ബാധിച്ചത്. സ്റ്റോക്കും വിതരണവും പരിശോധിക്കുവാൻ ബന്ധപ്പെട്ട ഉദ്യാഗസ്ഥർ തയാറാകാത്തത് വകുപ്പിനെ നാഥനില്ലാകളരിയാക്കിയിരിക്കുകയാണ്. അനാവശ്യമായി ടൺകണക്കിന് ധാന്യങ്ങൾ കേന്ദ്രത്തിൽ നിന്ന് വാങ്ങികൂട്ടിയതും തിരിച്ചടിയായി.

പുഴുവരിച്ച് നശിച്ച ഈ ധാന്യങ്ങളാണ് റേഷൻകടകൾ വഴി ഇപ്പോൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്നതെന്നും പി ടി തോമസ് എംഎൽഎ പറഞ്ഞു. ബയോമെട്രിക് സംവിധാനം റേഷൻ കടകളിൽ നിർബന്ധമാക്കിയതോടെ ഗോഡൗണുകളിൽ ശേഖരിക്കുന്ന 20 ശതമാനം അരിയും ഉപഭോക്താക്കളിലേക്ക് എത്തുന്നില്ല. നവംബർ മുതൽ കേന്ദ്രവിഹിതത്തിൽ നിന്നും ഭക്ഷ്യധാന്യം 28000 മെട്രിക് ടൺ കേരളം കുറവ് ചെയ്തത് കെട്ടികിടക്കുന്ന ധാന്യങ്ങൾ വിറ്റുതീർക്കുന്നതിന് വേണ്ടിയാണെന്നും പിടി തോമസ് ആരോപിച്ചു.