എല്‍.ഡി.ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് സാധ്യതാപട്ടികകള്‍ ഉടന്‍ പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി.യോഗത്തിൽ തീരുമാനം ; 40 തസ്തികകളില്‍ പുതിയ വിജ്ഞാപനം തയ്യാറായി
സ്വന്തം ലേഖിക
തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ എല്‍.ഡി.ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികകളുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി.യോഗം തീരുമാനിച്ചു.ഈ മാസമോ അടുത്തമാസം ആദ്യമോ ജില്ലാതലത്തില്‍ ഇവ പ്രസിദ്ധീകരിക്കും. രേഖാപരിശോധനയ്ക്കുശേഷം വൈകാതെ റാങ്ക്പട്ടികകള്‍ തയ്യാറാക്കാനും ജില്ലാ ഓഫീസുകള്‍ക്ക് യോഗം നിര്‍ദേശം നല്കി.
മുഖ്യപരീക്ഷ കഴിഞ്ഞ് അഞ്ചുമാസമായിട്ടും സാധ്യതാപട്ടിക വൈകുന്നതായി ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. പ്രതീക്ഷിത ഒഴിവുകള്‍ അറിയിച്ചാല്‍ അത് അടിസ്ഥാനമാക്കി പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു പി.എസ്.സി.യുടെ തീരുമാനം. എന്നാല്‍, വകുപ്പുകളില്‍നിന്ന് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തുകിട്ടിയില്ല. അതാണ് സാധ്യതാപട്ടികകള്‍ വൈകാന്‍ കാരണം.ഒടുവില്‍, കഴിഞ്ഞ പട്ടികയില്‍നിന്നുള്ള നിയമന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ സാധ്യതാപട്ടിക തയ്യാറാക്കാന്‍ തിങ്കളാഴ്ചത്തെ പി.എസ്.സി. യോഗം തീരുമാനിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവശ്യത്തിലേറെ ഉദ്യോഗാര്‍ഥികളെ റാങ്ക്പട്ടികയില്‍ ഉള്‍പ്പെടുത്തി അവരില്‍ അനാവശ്യമായി പ്രതീക്ഷയുണ്ടാക്കുന്ന സമീപനം പാടില്ലെന്ന് ഭൂരിപക്ഷം അംഗങ്ങളും യോഗത്തില്‍ അഭിപ്രായപ്പെട്ടു. അതനുസരിച്ചുള്ള സാധ്യതാപട്ടികയായിരിക്കും പ്രസിദ്ധീകരിക്കുക.
40 തസ്തികകളില്‍ പുതിയ വിജ്ഞാപനം .ഇന്ത്യ റിസര്‍വ് ബറ്റാലിയന് പോലീസ് കോണ്‍സ്റ്റബിള്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയര്‍ ഉള്‍പ്പെടെ 40 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം തയ്യാറായി. ജ്യോഗ്രഫി, സംസ്കൃതം വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, വിവിധ ജില്ലകളില്‍ ലബോറട്ടറി ടെക്നീഷ്യന് തുടങ്ങിയവയ്ക്കും വിജ്ഞാപനങ്ങളുണ്ട്.
മൂന്നുഘട്ടമായി ഇവ പ്രസിദ്ധീകരിക്കും.ആദ്യത്തേത് മേയ് മൂന്നിനും രണ്ടാമത്തേത് മേയ് നാലിനും അവസാനത്തേത് മേയ് 16-നുമുള്ള ഗസറ്റുകളില്‍ പ്രസിദ്ധീകരിക്കും. അതിനുശേഷമാണ് ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടത്.
ട്രെയിനിങ് കോളേജുകളില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ (തസ്തികമാറ്റം), വിവിധ ജില്ലകളില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് എന്നിവയുടെ ചുരുക്കപ്പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കാന്‍ യോഗം നിര്‍ദേശം നല്കി.
ട്രെയിനിങ് കോളേജുകളില്‍ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസര്‍ (തസ്തികമാറ്റം)-ത്തിന് വിവരണാത്മക പരീക്ഷ നടത്താന്‍ തീരുമാനിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഫിസിയോളജി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍ എന്‍ജിനിയറിങ്) എന്നിവയ്ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും.