ഇത് ഭീരുക്കളുടെ സർക്കാർ ; വിദ്യാർത്ഥികളെ തല്ലിച്ചതച്ച ഡൽഹി പൊലീസിനെതിരെ പ്രിയങ്ക ഗാന്ധി

ഇത് ഭീരുക്കളുടെ സർക്കാർ ; വിദ്യാർത്ഥികളെ തല്ലിച്ചതച്ച ഡൽഹി പൊലീസിനെതിരെ പ്രിയങ്ക ഗാന്ധി

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി : മോദി സർക്കാർ ഭീരുക്കളുടെ സർക്കാർ ആണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ ക്യാമ്പസിൽ കയറി തല്ലിച്ചതച്ച പൊലീസ് നടപടിയെ വിമർശിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തത്.

പൊലീസ് യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ കയറി വിദ്യാർത്ഥികളെ മർദ്ദിക്കുകയാണ്. ഗവൺമെന്റ് ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാകണം. ബിജെപി സർക്കാർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തർപ്രദേശിലും ഡൽഹിയിലും വിദ്യാർത്ഥികളേയും മാധ്യമപ്രവർത്തകരേയും അടിച്ചമർത്തുകയാണ്. ഇത് ഭീരുക്കളുടെ സർക്കാരാണ്. ജനങ്ങളുടെ ശബ്ദത്തെ ഈ സർക്കാർ ഭയക്കുന്നു. രാജ്യത്തെ യുവാക്കളെ ഏകാധിപത്യത്തിൽ അടച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത് – പ്രിയങ്ക പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകീട്ട് ജാമിയ ക്യാമ്പസിനകത്തേയ്ക്ക് അധികൃതരുടെ അനുമതിയില്ലാതെ അതിക്രമിച്ചുകയറി പൊലീസ് വിദ്യാർത്ഥികളേയും ജീവനക്കാരേയും മർദ്ദിക്കുകയും ടിയർഗ്യാസ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. ലൈബ്രറിയിലും പള്ളിയും ഹോസ്റ്റലുകളിലും ഉണ്ടായിരുന്ന വിദ്യാർത്ഥികളെ പൊലീസ് ആക്രമിച്ചു. പെൺകുട്ടികളുടെ ഹോസ്റ്റലിലടക്കം കയറി പൊലീസ് അക്രമം അഴിച്ചുവിട്ടിരുന്നു.

വൈസ് ചാൻസലറും പ്രോക്ടറും പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധമറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ബസ് കത്തിച്ചതായി പൊലീസ് ആരോപിക്കുന്നുണ്ടെങ്കിലും വാഹനങ്ങൾക്ക് മേൽ പെട്രോൾ ഒഴിക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഐടിഒയിലെ ഡൽഹി പൊലീസ് ആസ്ഥാനത്തേയ്ക്ക് ജെഎൻയു അടക്കം ഡൽഹിയിലെ വിവിധ സർവകലാശാല കോളേജ് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത 100ലധികം ജാമിയ വിദ്യാർത്ഥികളെ വിട്ടയയ്ക്കണമെന്നും ക്യാമ്പസിൽ നിന്ന് പൊലീസ് പുറത്തുപോകണമെന്നും ആവശ്യപ്പെട്ട് ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം പുലർച്ചെ മൂന്ന് മണി വരെ നീണ്ടു.

ആയിരത്തിലധികം പേരാണ് പൊലീസ് ആസ്ഥാനത്തിന് മുന്നിലെ പ്രതിഷേധത്തിൽ പങ്കെടുത്തത്. വിദ്യാർത്ഥികളെ വിട്ടയച്ച ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.