‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളംകുടിക്കും  ‘

‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളംകുടിക്കും ‘

സ്വന്തംലേഖകൻ

സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി പ്രിയ വാര്യര്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടിയുടെ മുന്നറിയിപ്പ്.‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം.. കാരണം കര്‍മ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല’- പ്രിയ കുറിപ്പിലൂടെ പറയുന്നു. ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് പ്രിയയുടെ ഈ വാക്കുകള്‍.പൂര്‍ണമായും പുതുമുഖങ്ങളെ വച്ച് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവില്‍ പ്രിയ വാര്യരും റോഷനും ആണ് നായികാനായകന്‍മാരായി എത്തിയത്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലെ കണ്ണിറുക്കല്‍ രംഗങ്ങള്‍ പ്രിയയെ ലോകപ്രശസ്തയാക്കി. ആദ്യ ചിത്രം റിലീസിനെത്തും മുമ്പെ തന്നെ പ്രിയയ്ക്ക് ബോളിവുഡിലേക്കും ചുവടു വയ്ക്കാനായി. പ്രിയ-റോഷന്‍ ജോഡികളെ ട്രോളിയും പ്രശംസിച്ചും പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു.എന്നാല്‍ ചിത്രം തീയേറ്ററുകളിലെത്തിയ ശേഷമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിച്ച നൂറിന്‍ ഷെരീഫിനെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. പിന്നീട് പ്രേക്ഷകര്‍ പ്രിയയെ വിട്ട് നൂറിനു പിന്നാലെയായി. ട്രോളുകളേക്കാള്‍ പ്രശംസകള്‍ കൊണ്ട് മൂടി. അതിനു ശേഷം നൂറിനും പ്രിയയും തമ്മിലെ ബന്ധത്തില്‍ പോലും വിള്ളല്‍ വന്നു എന്നു തോന്നിപ്പിക്കും വിധത്തില്‍ നൂറിന്‍ പ്രതികരിച്ചു തുടങ്ങി. ചിത്രത്തിന്റെ റിലീസിനു മുമ്പ് പ്രിയയ്ക്കും റോഷനും ലഭിച്ച പ്രശസ്തിയും അംഗീകാരങ്ങളും ആദ്യമൊക്കെ തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ന് അതെല്ലാം മാറിയെന്നും നൂറിന്‍ പ്രതികരിച്ചു. അടുത്തിടെ ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിനിടയില്‍ സംവിധായകന്‍ ഒമര്‍ ലുലു വികാരാധീനരായി സംസാരിച്ചതും വാര്‍ത്തയായി. റോഷന്‍ തനിക്കൊപ്പം അഭിനയിക്കില്ലെന്നും അഭിമുഖങ്ങളിലൊന്നും പങ്കെടുക്കില്ലെന്നും തന്നോടു പറഞ്ഞിട്ടുള്ളതായും പ്രിയ വാര്യരുമായും ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും അഭിമുഖത്തിനിടയില്‍ നൂറിനും വ്യക്തമാക്കിയിരുന്നു.