സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിതകാല സമരം നാലാം ദിനത്തിലേക്ക്; നിലപാടിലുറച്ച് സർക്കാർ ബസുടമകളും; ദുരിതത്തിലായി സാധാരണക്കാർ

സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിതകാല സമരം നാലാം ദിനത്തിലേക്ക്; നിലപാടിലുറച്ച് സർക്കാർ ബസുടമകളും; ദുരിതത്തിലായി സാധാരണക്കാർ

സ്വന്തം ലേഖിക

തിരുവനന്തപുരം: നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിനത്തിലേക്ക്.

യാത്രാക്ലേശം മൂലം സാധാരണക്കാർ ദുരിതത്തിലായെങ്കിലും ഇതുവരെയും ചർച്ചകൾക്കുള്ള വഴി തുറന്നിട്ടില്ല. ബസ് ഉടമകളും സർക്കാരും തങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ചർച്ച നടത്താൻ തയ്യാറായില്ലെന്നും, ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പറഞ്ഞു പറ്റിച്ചുവെന്നാണ് ബസ് ഉടമകൾ ആരോപിക്കുന്നത്. എന്നാൽ ഈ മാസം 30ന് ഇടത് മുന്നണി യോഗത്തിൽ രാഷ്ട്രീയ തീരുമാനമുണ്ടാകുമെന്ന് അറിയിച്ചിട്ടും സമരവുമായി പോയത് ബസുടമകളുടെ പിടിവാശിയാണെന്നാണ് ഗതാഗതമന്ത്രി പറയുന്നത്.

ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബസ് ചാർജ് വർധിപ്പിക്കുവാന്‍ തീരുമാനിച്ചതാണെന്നും. ബുധനാഴ്ച ചേരുന്ന എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്ത് ചാർജ് വർധനവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

മിനിമം ബസ് ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1.10 രൂപ ഉയർത്തുക, വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ബുധനാഴ്‌ച അർധരാത്രിയാണ് സ്വകാര്യ ബസുടമകൾ സമരം ആരംഭിച്ചത്‌.

സമരം നടത്തി ചാർജ് വർധിപ്പിച്ചുവെന്ന് വരുത്തി തീർക്കാനാണ്‌ ബസ്‌ ഉടമകളുടെ സംഘടന ശ്രമിക്കുന്നതെന്ന്‌ ഗതാഗത മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ചാർജ് വർധിപ്പിക്കാമെന്ന് വ്യക്തമാക്കിയിട്ടും ഉടമകൾ പിന്മാറിയില്ലെന്നും പരീക്ഷാ സമയത്ത് സമരം പാടില്ലായിരുന്നുവെന്നും മന്ത്രി പറയുന്നു.

സ്വകാര്യ ബസ് സമരം മൂലം പരീക്ഷയ്ക്ക് എത്താൻ സാധിക്കാതെ വിദ്യാ‍ർത്ഥികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളെയാണ് യാത്രാ ക്ലേശം കൂടുതൽ ബാധിച്ചിരിക്കുന്നത്.

അതേസമയം പരീക്ഷാ കാലത്ത് സമരം നടത്തി ബുദ്ധിമുട്ടിലാക്കി എന്ന് പറയുന്ന ഗതാഗത മന്ത്രി കെഎസ്ആർടിസിയിൽ വിദ്യാ‍ർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടോയെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചോദിക്കുന്നത്. വൈകാതെ യാത്രാ നിരക്ക് കൂട്ടുമെന്ന് പറഞ്ഞ മന്ത്രി വാക്ക് പാലിച്ചില്ലെന്നും അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.
ഇരുവിഭാഗവും നിലപാടിൽ ഉറച്ച് നിൽക്കുന്നതോടെ സാധാരണക്കാരാണ് ബുദ്ധിമുട്ടിലായത്.