play-sharp-fill
മലനിരകളില്‍ യുദ്ധം നയിക്കാന്‍ അഗ്രഗണ്യൻ; നയതന്ത്രകാര്യങ്ങളിലുള്ള ദീര്‍ഘവീക്ഷണം; സത്യസന്ധനായ ദേശസ്‌നേഹി; സേനകളെ ആധുനികവത്കരിക്കുന്നതില്‍ വലിയ സംഭാവന നല്കിയ ഉദ്യോ​ഗസ്ഥൻ; ധീരപുത്രന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

മലനിരകളില്‍ യുദ്ധം നയിക്കാന്‍ അഗ്രഗണ്യൻ; നയതന്ത്രകാര്യങ്ങളിലുള്ള ദീര്‍ഘവീക്ഷണം; സത്യസന്ധനായ ദേശസ്‌നേഹി; സേനകളെ ആധുനികവത്കരിക്കുന്നതില്‍ വലിയ സംഭാവന നല്കിയ ഉദ്യോ​ഗസ്ഥൻ; ധീരപുത്രന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ആദ്യത്തെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകടമരണത്തില്‍ രാജ്യം ഞെട്ടലിലാണ്.

അദ്ദേഹത്തിന് പ്രണാമമര്‍പ്പിച്ചു പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും മറ്റു നേതാക്കളും രംഗത്തെത്തി. അതീവ ദുഃഖകരമെന്നാണ് പ്രധാനമന്ത്രി കുറിച്ചത്. തികഞ്ഞ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ബിപിന്‍ റാവത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അദ്ദേഹം പ്രണാമം അര്‍പ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയെന്ന നിലയില്‍ നമ്മുടെ സേനകളെ മികച്ചതാക്കുന്നതില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് ബിപിന്‍ റാവത്ത് കാഴ്ചവെച്ചത്. കരസേന മേധാവിയായി വളരെ കാലം സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം കൈനിറയെ അനുഭവങ്ങളുമായാണ് അധികാരമേറ്റത്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രഗത്ഭനായ സൈനികനായിരുന്നു ബിപിന്‍ റാവത്ത്. സത്യസന്ധനായ ദേശസ്‌നേഹി. രാജ്യത്തിന്റെ സേനകളെ ആധുനികവത്കരിക്കുന്നതില്‍ വലിയ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. നയതന്ത്രകാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള കാഴ്ചപ്പാടും, ദീര്‍ഘവീക്ഷണവും പകരംവയ്‌ക്കാന്‍ ആകാത്തതാണ്. ബിപിന്‍ റാവത്തിന്റെ അപ്രതീക്ഷിത വിയോഗം അതിയായ ദു:ഖമുളവാക്കുന്നു.

രാജ്യത്തിന് തീരാ നഷ്ടമെന്നാണ് അമിത് ഷാ പറഞ്ഞത്. ഊട്ടിയ്‌ക്ക് സമീപം കൂനൂരില്‍ ഉച്ചയോടെയായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറാണ് തകര്‍ന്നത്.

പതിനാല് പേരായിരുന്നു ഹെലികോപ്‌ടറിലുണ്ടായിരുന്നത്. ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡെര്‍, ലഫ്റ്റ്. കേണല്‍ ഹര്‍ജിന്ദെര്‍ സിംഗ്, നായിക് ഗുര്‍സേവാക് സിംഗ്, നായിക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍.

2019 ഡിസംബര്‍ 30നാണ് ബിപിന്‍ റാവത്ത് ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റത്. ആദ്യത്തെ സിഡിഎസ് കലാപവിരുദ്ധ യുദ്ധത്തില്‍ പരിചയസമ്പന്നനായിരുന്നു അദ്ദേഹം മലനിരകളില്‍ യുദ്ധം നയിക്കാന്‍ അഗ്രഗണ്യനായിരുന്നു. വടക്കന്‍, കിഴക്കന്‍ കമാന്‍ഡുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില ഭൂപ്രദേശങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2016 ഡിസംബര്‍ 17-ല്‍ 27-ാമത് കരസേനാ മേധാവിയായി (സിഒഎഎസ്) ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗില്‍ നിന്ന് ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യന്‍ കരസേനയുടെ ചുമതല ഏറ്റെടുത്തിരുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ), ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐഎംഎ) എന്നിവയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന റാവത്, 11 ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാമത്തെ ബറ്റാലിയനായ പിതാവിന്റെ അതേ യൂണിറ്റില്‍ 1978 ഡിസംബറിലാണ് ഇന്ത്യന്‍ ആര്‍മിയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (MONUSCO) ചാപ്റ്റർ VII ദൗത്യത്തില്‍ അദ്ദേഹം ഒരു മള്‍ട്ടിനാഷണല്‍ ബ്രിഗേഡിന് കമാന്‍ഡറായി പ്രവര്‍ത്തിച്ചിരുന്നു, അവിടെ അദ്ദേഹത്തിന് രണ്ട് തവണ ഫോഴ്സ് കമാന്‍ഡറുടെ പ്രശംസ ലഭിച്ചിരുന്നു. പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട് സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, യുദ്ധസേവാ മെഡല്‍, സേനാ മെഡല്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.