ആലുവയില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹത്തിനോടും വേർതിരിവ് ; അന്ത്യകർമ്മങ്ങൾക്കായി പൂജാരിമാരെ തിരഞ്ഞ് ആലുവയിലും മാളയിലും, കുറമശ്ശേരിയിലും അലഞ്ഞു, ഒരു പൂജാരിയും വരാൻ തയാറായില്ലെന്ന് കുട്ടിയുടെ അന്ത്യകര്‍മ്മം ചെയ്ത രേവന്ത് ; അവർ ചോദിച്ചതെല്ലാം ഹിന്ദിക്കാരുടെ കുട്ടിയല്ലെയെന്ന് ; പല പൂജാരികളും കർമം ചെയ്യാൻ വിസമ്മതിച്ചപ്പോഴാണ് ജീവിതത്തിൽ ഒരു മരണത്തിനു മാത്രം കര്‍മ്മം ചെയ്ത ഞാൻ സന്നദ്ധനായെത്തിയതെന്ന് രേവന്ത് !
സ്വന്തം ലേഖകൻ
ആലുവ: കൊച്ചി ആലുവയില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചെന്ന് അന്ത്യകര്‍മ്മം ചെയ്ത രേവന്ത്.
പൂജാരിമാര്‍ എത്താന്‍ വിസമ്മതിച്ചതിനാലാണ് പൂജാകര്‍മ്മങ്ങള്‍ വലുതായി അറിയില്ലെങ്കിലും താന്‍ അതിനു തയ്യാറായതെന്ന് മാധ്യമങ്ങളോട് രേവന്ത് പ്രതികരിച്ചു. കുഞ്ഞിന്റെ മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കരിച്ച ശേഷമാണ് അൻവർ സാദത്തിനൊപ്പം രേവന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂജാരിമാരെ തിരഞ്ഞ് ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവർ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്.
ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ? അപ്പോൾ ഞാന്‍ വിചാരിച്ചു, നമ്മുടെ മോൾടെ കാര്യമല്ലേ, ഞാന്‍ തന്നെ കര്‍മം ചെയ്യാം എന്ന്.
എനിക്ക് കർമങ്ങൾ അത്ര നന്നായി അറിയുന്ന ആളല്ല. ഞാന്‍ ഇതിനു മുന്‍പ് ഒരു മരണത്തിനേ കര്‍മം ചെയ്തിട്ടുള്ളൂ. ഇതു കേട്ടപ്പോൾ എനിക്ക് ആകെ വല്ലായ്മ തോന്നി’’ രേവന്ത് പറഞ്ഞു. ഇതോടെ സമീപത്തുണ്ടായിരുന്ന അൻവർ സാദത്ത് എംഎൽഎ രേവന്തിനെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു.
അഞ്ചു വയസുകാരിയുടെ മൃതദേഹം ആലുവ കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു ശ്മശാനത്തിലെത്തിച്ചത്. സ്‌കൂളിലെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
അതേസമയം അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലം റിമാന്‍ഡിലായി. പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആണെന്ന് പ്രതി മൊഴി നല്‍കി. ഇയാള്‍ ഒറ്റയ്ക്ക് കൃത്യം നിര്‍വഹിച്ചെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം ബിഹാറിലേക്ക് പോകും.