പ്രവാസികളെ സഹായിച്ചവരെ പിന്തുണക്കും ; കോട്ടയത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന് വോട്ട് അഭ്യർത്ഥിച്ച് പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ
കോട്ടയം : ഇന്ത്യയിൽ ബിജെപിക്ക് തുടർ ഭരണം ലഭിച്ചാൽ ജനാധപത്യവും മതേതരത്വവും നമുക്ക് പൂർണമായി നഷ്ടമാകുമെന്ന് പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ. പ്രവാസി മന്ത്രാലയം നിർത്തലാക്കിയതും കേരള സർക്കാർ മാതൃകയിൽ ഒരു സഹായവും പ്രവാസികൾക്ക് കേന്ദ്രം നൽകുന്നില്ലെന്നും പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളി പറഞ്ഞു. കോട്ടയം ലോകസഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി തോമസ് ചാഴികാടനെ വിജയിപ്പിക്കുന്നതിനു വേണ്ടി കോട്ടയത്ത് സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ജനത ഉണർന്ന് പ്രവർത്തിക്കേണ്ട സമയം ആണെന്നും, ജനാധിപത്യവും മതേതരത്വവും ആരുടെയും കാൽക്കൽ അടിയറ വയ്ക്കാൻ സമ്മതിക്കരുതെന്നും, ബി ജെ പി ഇനി അധികാരത്തിൽ എത്തുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
ഉറ്റവരെ പിരിഞ്ഞു ഉള്ളതെല്ലാം വിറ്റ് മണലാരണ്യത്തിൽ ജീവിതം ഹോമിക്കുന്നവരാണ് പ്രവാസികൾ. പിറന്ന നാടിന്റെ വളർച്ചക്കായി ഒട്ടേറെ സംഭാവനകൾ ചെയ്യുന്ന ഹതഭാഗ്യരോട് നമ്മുടെ കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയ്ക്കു ഒരു കണക്കുമില്ല. മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ വിമാന ടിക്കറ്റ് നിരക്ക് പോലും അഞ്ചിരട്ടി വർധിപ്പിക്കുന്നത് പ്രവാസികളുടെ ജീവിതത്തെ തകിടം മറിയ്ക്കുന്ന എയർഇന്ത്യ ആണ്. നിരക്ക് വർധനയ്ക്കു തുടക്കം ഇടുന്നതും, എയർ ഇന്ത്യ അടക്കം തോന്നിയപോലെ നിരക്ക് വർധിപ്പിച്ചിട്ടും കേന്ദ്ര സർക്കാർ കാഴ്ചക്കാർ മാത്രമാവുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയിൽ ആദ്യമായി പ്രവാസികൾക്ക് ക്ഷേമനിധി ഏർപെടിത്തിയത് കേരളത്തിൽ ആണ്. 2009 ൽ എൽ ഡി എഫ് സർക്കാരാണ് ഇത് നടപ്പാക്കിയത് 2017 ൽ എൽ ഡി എഫ് സർക്കാർ 500 രൂപയിൽ നിന്ന് 2000 രൂപയാക്കി 2021 ൽ ബഡ്ജറ്റിൽ 3000-3500 രൂപയാക്കി. തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കുന്നതിന് എല്ലാ ബാങ്കുകളിൽ നിന്നും സബ്‌സിഡി ലോൺ നൽകുകയും. നോർക്ക മുഖേന സാന്ത്വന സഹായങ്ങൾ നൽകി വരുന്നതും ഈ സർക്കാർ ആണെന്നും അതിനാൽ പ്രവാസികളെ സഹായിച്ച എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകുവാനും, തോമസ് ചാഴികാടന് വേണ്ടി സ്‌ക്വാഡ് വർക്ക് ആരംഭിക്കാനും സംസ്ഥാന കൺവെൻഷൻ തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി എ ർ സലിം അധ്യക്ഷത വഹിച്ചു മുഹമ്മദ് കലാം, വി ജി ജേക്കബ്, തോമസ് മാത്യു, മുരളീധരൻ നായർ, മധു വാകത്താനം, കെ പി എബ്രഹാം എന്നിവർ സംസാരിച്ചു.