മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു ; അന്ത്യം ഡൽഹി ആർമി റിസർച്ച് ആന്റ് റെഫറൽ ആശുപത്രിയിൽ

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു ; അന്ത്യം ഡൽഹി ആർമി റിസർച്ച് ആന്റ് റെഫറൽ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി (84) നിര്യാതനായി. ഡൽഹി ആർമി റിസർച് ആന്റ് റെഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനുപുറമെ അദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹത്തിന്റെ മകൻ അഭിജിത് മുഖർജിയാണ് അദ്ദേഹത്തിന്റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും, കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും അടക്കമുള്ളവർ പ്രണബ് മുഖർജിക്ക് ആദരമർപ്പിച്ചു.

അരനൂറ്റാണ്ടു കാലത്തെ ഇന്ത്യയുടെ അധികാര രാഷ്ട്രീയ ചരിത്രം എഴുതുമ്‌ബോൾ മായ്ച്ചുകളയാനാകാത്ത സംഭാവനകൾ നല്കിയാണ് പ്രണബ് ദാ എന്ന പ്രണബ് മുഖർജി അരങ്ങൊഴിയുന്നത്.

പ്രധാനമന്ത്രി പദം രണ്ടു തവണ നഷ്ടമായപ്പോഴും മര്യാദകൾ ലംഘിക്കാതെ ജനസേവനം തുടർന്നാണ് പ്രണബ് ഒടുവിൽ രാഷ്ട്രത്തിന്റെ ആദ്യ പൗരനായി ഉയർന്നത്.

രാജ്യസഭയിലെ കാൽനൂറ്റാണ്ടിനു ശേഷമാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ 2004ൽ ലോക്‌സഭയിലെത്തിയത്. പ്രണബ് ഭരിക്കാത്ത മന്ത്രാലയങ്ങൾ കുറവ്. വിദേശകാര്യം, പ്രതിരോധം, ധനകാര്യം. പ്രധാനവകുപ്പുകളിൽ കൈയ്യടക്കത്തോടെ തിളങ്ങിയ മുഖർജിയിൽ നിന്ന് 1984ലും 2004 ലും പ്രധാനമന്ത്രി പദം വഴുതി മാറുകയായിരുന്നു.

പ്രതിഭ പാട്ടീൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2012 ജൂലൈ 25 നാണ് അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തെത്തിയത്. വിവാദങ്ങൾ ഒഴിവാക്കി രാജ്യത്തുടനീളം യാത്ര ചെയ്ത് ജനങ്ങളുമായി ബന്ധം സ്ഥാപിച്ച് പ്രണബ് മുഖർജി അഞ്ചു വർഷം പരമോന്നത പദത്തിൽ ഇരുന്നു.

ദയാഹർജികളിൽ തീരുമാനം എടുക്കാൻ മടിച്ചില്ല. ബിജെപി അധികാരത്തിലെത്തിയപ്പോൾ തർക്കങ്ങൾക്ക് പോയില്ല. ഓർഡിനൻസുകൾ പരിധിവിട്ടപ്പോൾ മുന്നറിയിപ്പ് നല്കി. വിരുദ്ധനിലപാടുള്ളവരോട് ഒരിക്കലും മുഖം തിരിഞ്ഞു നിന്നില്ല. ബംഗാളിലെ സിപിഎം നേതാക്കളായ ജ്യോതിബസുവുമായും പിന്നീട് ബുദ്ധദേബ് ഭട്ടാചാര്യയുമായും നല്ല ബന്ധം കാത്തു. ആർഎസ്എസ് ആസ്ഥാനത്ത് പോകാൻ മടിച്ചില്ല, അപ്പോഴും പറയാനുള്ളത് പറഞ്ഞു.

ചട്ടക്കൂടും മര്യാദയും ഭരണഘടനാ തത്വങ്ങളും തീർത്ത ലക്ഷ്മണരേഖയ്ക്കുള്ളിലായിരുന്നു എന്നും പ്രണബ് മുഖർജിയുടെ പൊതുജീവിതം. ആ അച്ചടക്കമായിരുന്നു പശ്ചിമ ബംഗാളിലെ മിറാടി എന്ന ചെറിയ ഗ്രാമിത്തിൽ നിന്ന് റയ്‌സീന കുന്ന് വരെയുള്ള അത്യുജ്ജ്വല യാത്രയ്ക്ക് പ്രണബ് മുഖ്ര്!*!ജിയുടെ പ്രധാന ആയുധം. സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന കമദ കിങ്കർ മുഖർജിയുടെയും രാജലക്ഷ്മിയുടെയും മകനായി ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബംഗാളിലെ മിറാതിയിൽ 1935 ഡിസംബർ 11 നായിരുന്നു ജനനം. പതിനൊന്ന് കിലോമീറ്റർ നടന്നും പുഴ നീന്തികടന്നും സ്‌കൂളിലേക്ക് പോയിരുന്ന ബാല്യം, കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ഉന്നത ബിരുദങ്ങളുമായി പുറത്ത് എത്തിയ പ്രണബ് മുഖർജി യുഡി ക്‌ളർക്ക്, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ തുടങ്ങിയ റോളുകൾ പരീക്ഷിച്ചാണ് ഒടുവിൽ ജനസഞ്ചയത്തിലേക്കിറങ്ങിയത്.

തലയെടുപ്പിൽ, ജനാധിപത്യ ബോധ്യത്തിൽ, നട്ടെല്ല് വളക്കാത്ത പ്രകൃതത്തിൽ, ചരിത്രത്തിൽ ആഴത്തിലുള്ള താൽപര്യത്തിൽ, ഭക്തിയും വിശ്വാസവും പിന്നോട്ടുവലിക്കാത്ത മതേതര മൂല്യങ്ങളിൽ, റൂൾബുക്ക് അല്ലെങ്കിൽ ചട്ടസംഹിയോട് കാട്ടിയ പ്രതിബദ്ധതയിൽ, ഭരണഘടനയോട് കാട്ടിയ അചഞ്ചല വിശ്വാസത്തിൽ എല്ലാത്തിലും ഒന്നാമനായി തിളങ്ങിയ അഞ്ചടി മൂന്നിഞ്ചുകാരനാണ് ഒടുവിൽ മഹാമാരിക്ക് കീഴടങ്ങിയത്.