പി പി ദിവ്യ ജാമ്യം നേടി പുറത്തിറങ്ങിയത് 11 ദിവസത്തെ ജയിൽവാസത്തിന് ശേഷം; ജാമ്യം അനുവദിച്ചത് സ്ത്രീ, കുടുംബനാഥ, പിതാവിനെ പരിചരിക്കാൻ ദിവ്യ വീട്ടിൽ വേണം എന്നീ വാദങ്ങൾ പരിഗണിച്ച്; പുറത്തിറങ്ങിയ ദിവ്യയെ സ്വീകരിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സിപിഎമ്മിന്റെയും നേതാക്കളുടെ വൻനിര
കണ്ണൂര്‍: എഡിഎം കെ നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജാമ്യം നേടി പുറത്തിറങ്ങിയത് 11 ദിവസത്തെ ജയിൽവാസത്തിന് ശേഷം. ജില്ലാ സെഷന്‍സ് ജഡ്ജി കെ ടി നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്.
പള്ളിക്കുന്ന് വനിതാ ജയിലിൽനിന്ന് പുറത്തിറങ്ങിയ ദിവ്യയെ സ്വീകരിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സിപിഎമ്മിന്റെ ജില്ലാ നേതാക്കളും എത്തിയിരുന്നു. മാനുഷികാവശങ്ങൾ പരിഗണിച്ചാണ് കോടതി ദിവ്യയ്ക്ക് ജാമ്യം നൽകിയിരിക്കുന്നത്.
സ്ത്രീയാണ്, കുടുംബനാഥയാണ്, കുടുംബത്തിലെ നാഥയായ സ്ത്രീ ഇല്ലാതായാൽ കുടുംബത്തിന് എന്ത് സംഭവിക്കും എന്ന കാര്യങ്ങൾ എടുത്ത് പറഞ്ഞാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കുടുംബനാഥ ഇല്ലെങ്കിൽ കുടുംബം അസ്വസ്ഥമാകുമെന്നും കോടതി നിരീക്ഷിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസുഖബാധിതനായ പിതാവിനെ പരിചരിക്കാൻ ദിവ്യ വീട്ടിലുണ്ടാകണം എന്ന വാദം നേരത്തെ തന്നെ പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചിട്ടുണ്ട്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തില്ല എന്നതും ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിലേക്ക് നയിച്ചു.
ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണം, കണ്ണൂർ ജില്ല വിട്ട് പോകരുത്, പാസ്പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കണം, ഇല്ലെങ്കിൽ കോടതിയിൽ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്.