എഡിഎം നവീൻ ബാബുവിന്റെ മരണം: ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി ഒക്ടോബർ 29 ന്
കണ്ണൂർ: എ.ഡി.എമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 29ന്. ജാമ്യം കിട്ടിയാല്‍ ഇന്നു തന്നെ ചോദ്യം ചെയ്യലിന് തയ്യാറെന്ന് ദിവ്യ അറിയിച്ചു.
പ്രശാന്ത് ബിനാമി ആണോ എന്ന് അന്വേഷിക്കട്ടെയെന്നും പ്രതിഭാഗം. അഴിമതിക്കെതിരെ പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് ആര് കരുതുമെന്നും പ്രതിവാദം ചോദിച്ചു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പി.പി. ദിവ്യ വാദിച്ചു. ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തനരംഗത്തുണ്ട്. ഇതുവരെ ഏഴ് അവാര്‍ഡുകള്‍ ലഭിച്ചു. അഴിമതിക്കെതിരെ എപ്പോഴും നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് താന്‍. സര്‍ക്കാര്‍ ജീവനക്കാരെല്ലാം അഴിമതിക്കാരെന്ന അഭിപ്രായമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസിറ്റീവ് ചിന്താഗതി പുലര്‍ത്തുന്ന വ്യക്തിയാണ് താന്‍. പോസിറ്റീവ് ചിന്താഗതിയോടെയാണ് യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തത്. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നത് ഉത്തരവാദിത്തമാണ്. കുറച്ച് പരാതികള്‍ വന്നിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് വിമര്‍ശിച്ചത്.
ജില്ലാ കലക്ടർ അറിയിച്ചത് അനുസരിച്ചത് ആണ് പരിപാടിക്ക് വന്നത്. ഓദ്യോഗികമായി അറിയിച്ചിട്ടില്ല. പരിപാടി നടക്കുമ്പോൾ കലക്ടറെ ഫോണിൽ വിളിച്ചു. പരിപാടി പുരോഗമിക്കുന്നു എന്ന് കലക്ടര്‍ പറഞ്ഞു. താൻ വരുന്നു എന്ന് അറിയിച്ചു. ഒ.കെ എന്ന മറുപടിയും കിട്ടി. പരാമർശം ആത്മഹത്യയിലേക്ക് നയിക്കാൻ വേണ്ടി ചെയ്തത് അല്ലെന്നും ദിവ്യ കോടതിയില്‍ വാദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ദിവ്യയുടെ വാദം.