പോത്തന്‍കോട് കൊലപാതകം; മൂന്ന് പ്രതികള്‍ കൂടി പിടിയില്‍; സുധീഷിന്റെ ഒളിത്താവളത്തെക്കുറിച്ചും രക്ഷപ്പെടാന്‍ സാധ്യതയുള്ള വഴികളെക്കുറിച്ചും കൊലയാളി സംഘത്തിന് വിവരം നല്‍കിയ ഭാര്യാസഹോദരനും പ്രതിപ്പട്ടികയില്‍
സ്വന്തം ലേഖകൻ
പോത്തന്‍കോട്: കല്ലൂരില്‍ ഗുണ്ടാസംഘം വീടുകയറി യുവാവിനെ ക്രൂരമായി വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍.
വേങ്ങോട് കട്ടിയാട് സ്വദേശി അരുണ്‍ (23), വെഞ്ഞാറമൂട് ചെമ്ബൂര് സ്വദേശി സച്ചിന്‍ (24), കന്യാകുളങ്ങര കുനൂര്‍ സ്വദേശി സൂരജ് (23) എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് അന്വേഷണസംഘത്തിന്റെ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിറയിന്‍കീഴ് ശാസ്തവട്ടം സ്വദേശികളായ നന്ദീഷ് (22), നിതീഷ് (24), കണിയാപുരം സ്വദേശി രഞ്ജിത്ത് (28) എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആകെ പിടിയിലായവരുടെ എണ്ണം ആറായി. മൊത്തം 11 പേരാണ് കേസിലെ പ്രതികള്‍.
പിടികൂടാനുള്ള അഞ്ചുപേര്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പൊലീസ് പിടിച്ചെടുത്തു.
കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാസഹോദരന്‍ മിഠായി ശ്യാം എന്ന ശ്യാമിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സുധീഷിന്റെ ഒളിത്താവളത്തെക്കുറിച്ചും രക്ഷപ്പെടാന്‍ സാധ്യതയുള്ള വഴികളെക്കുറിച്ചും കൊലയാളി സംഘത്തിന് വിവരം നല്‍കിയത് ശ്യാമാണ്.
കൃത്യത്തിന് ശേഷം സംഘത്തോടൊപ്പം ഇയാളും മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ പിണക്കത്തിലായിരുന്നു.
കൊലപാതകത്തില്‍ പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച അറസ്റ്റിലായ പ്രതികളെ വെഞ്ഞാറമൂട് പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. വെഞ്ഞാറമൂട് മാര്‍ക്കറ്റ് റോഡിന് സമീപത്തെ ഒളിയിടത്തില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞദിവസം പിടിയിലായ നന്ദീഷ്, നിധീഷ്, ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത് എന്നിവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.