ഹര്‍ത്താല്‍ ദിനത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കല്ലേ, പിടിവീഴും; കടകള്‍ നിര്‍ബന്ധമായി അടപ്പിച്ചാല്‍ ഉടന്‍ അറസ്റ്റ്; സാധാരണ പോലെ സര്‍വ്വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി; ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൊലീസ് സഹായം തേടാം; സംസ്ഥാനത്ത് ഇന്ന് രാവിലെ ആറ് മണി മുതല്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

ഹര്‍ത്താല്‍ ദിനത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കല്ലേ, പിടിവീഴും; കടകള്‍ നിര്‍ബന്ധമായി അടപ്പിച്ചാല്‍ ഉടന്‍ അറസ്റ്റ്; സാധാരണ പോലെ സര്‍വ്വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി; ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൊലീസ് സഹായം തേടാം; സംസ്ഥാനത്ത് ഇന്ന് രാവിലെ ആറ് മണി മുതല്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

സ്വന്തം ലേഖകന്‍

കോട്ടയം: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ വെള്ളിയാഴ്ച സാധാരണ പോലെ സര്‍വ്വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. ഇതുമായി ബന്ധപ്പെട്ട് എല്ലാ യൂണിറ്റ് അധികാരികള്‍ക്കും കെ.എസ്.ആര്‍.ടിസി. നിര്‍ദ്ദേശം നല്‍കി. ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വ്വീസ് നടത്തും.

എന്തെങ്കിലും ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പോലീസ് സഹായം തേടാനും മുന്‍കൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ അതിന് രേഖാമൂലം അപേക്ഷ നല്‍കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാട്‌സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. വിജയ് സാഖറെ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പട്രോളിങ് ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹര്‍ത്താല്‍ ദിവസം ജനങ്ങളുടെ സഞ്ചാരം തടയുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കേരള, കണ്ണൂര്‍, എംജി സര്‍വകലാശാലകള്‍ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 23) നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കല്‍, വൈവ) മാറ്റി. പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് കേരള പി എസ് സി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.

എന്‍ഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.