”ഞാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണോ വര്‍ക്കിസാര്‍ ഇത്രയും കാലം ജീവിച്ചത്; പിറ്റേന്ന് തന്നെ പൊന്‍കുന്നം വര്‍ക്കി യാത്രയായി”; പാമ്പാടി മറക്കില്ല മമ്മൂട്ടിയെന്ന മഹാനടന്റെ സന്ദര്‍ശനം

”ഞാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണോ വര്‍ക്കിസാര്‍ ഇത്രയും കാലം ജീവിച്ചത്; പിറ്റേന്ന് തന്നെ പൊന്‍കുന്നം വര്‍ക്കി യാത്രയായി”; പാമ്പാടി മറക്കില്ല മമ്മൂട്ടിയെന്ന മഹാനടന്റെ സന്ദര്‍ശനം

ബിജി കുര്യന്‍

കോട്ടയം: കേരളമറിയുന്ന പാമ്പാടി ‘നവലോകം സാംസ്‌കാരിക കേന്ദ്രം’ (ഇപ്പോള്‍ നവലോകം പൊന്‍കുന്നം വര്‍ക്കി സ്മാരക ട്രസ്റ്റ്) പ്രസിഡന്റും പിന്നീട് മന്ത്രിയുമായ വി എന്‍ വാസവന്റെ നേതൃത്വത്തില്‍ ക്ഷണിച്ചതനുസരിച്ചാണ് മഹാനടന്‍ മമ്മൂട്ടി, വര്‍ക്കിയുടെ 94ാം ജന്മദിനത്തില്‍ പെരുഞ്ചേരില്‍ വസതി (വര്‍ക്കിയിടം) സന്ദര്‍ശിച്ചത്. അതിന്റെ പിറ്റേന്നാണ് (2004 ജൂലൈ 2) വര്‍ക്കിയുടെ വിടവാങ്ങല്‍. മരണവിവരമറിഞ്ഞ് മമ്മൂട്ടി സ്തബ്ധനായി. കോട്ടയത്ത് നിന്ന് തിരികെ എറണാകുളത്തെ വീട്ടില്‍ എത്തിയതേയുള്ളൂ. അപ്പോഴാണ് അപ്രതീക്ഷിത ദുഃഖവാര്‍ത്ത ഫോണില്‍ അറിയിച്ചത്. അന്ന് വി എന്‍ വാസവനോട് മറുപടിയായി മമ്മൂട്ടി പറഞ്ഞത് ‘ഞാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണോ വര്‍ക്കിസാര്‍ ഇത്രയുംകാലം ജീവിച്ചത്’ എന്നായിരുന്നു. തന്നെപ്പോലെ വളര്‍ന്ന് വിരാജിച്ച എത്രയെത്ര കലാകാരന്മാരെയും പ്രതിഭാശാലികളെയും അടുത്തറിഞ്ഞ് സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പൊന്‍കുന്നം വര്‍ക്കിയെന്ന മഹാമേരുവിനെ തിരിച്ചറിയാനുള്ള വലിപ്പം മമ്മൂട്ടിയുടെ മനസിന് ഉണ്ടായിരുന്നു. മറ്റ് നടീനടന്മാരില്‍ നിന്ന് ഈ ജീനിയസിനെ വ്യത്യസ്തനാക്കുന്നതും അത്തന്നെ.

മമ്മൂട്ടി പാമ്പാടിയില്‍ വരുന്നതിന് കൃത്യം ഒരു വര്‍ഷം മുമ്പാണ് വര്‍ക്കിയുടെ 93ാം ജന്മദിനാഘോഷച്ചടങ്ങിലെ മുഖ്യാതിഥിയായി അദ്ദേഹത്തെ നവലോകം ക്ഷണിച്ചത്. നവലോകം സ്ഥാപക സെക്രട്ടറിയായിരുന്ന ബിജി കുര്യനാണ് പ്രസിഡന്റ് വി എന്‍ വാസവന്റെ നിര്‍ദ്ദേശമനുസരിച്ച് മമ്മൂട്ടിയെ ഫോണില്‍ വിളിച്ചത്. അന്ന് ചെന്നൈയിലാണ് മമ്മൂട്ടി. കോട്ടയം പാമ്പാടിയില്‍ പൊന്‍കുന്നം വര്‍ക്കിയിടത്തേക്കുള്ള ക്ഷണമറിഞ്ഞ മാത്രയില്‍ അന്നദ്ദേഹം പറഞ്ഞത്, ഇനി ഞാന്‍ കോട്ടയത്ത് വരുമ്പോള്‍ വര്‍ക്കി സാറിനെ കാണാനെത്തിക്കൊളളാം എന്നായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ക്കിക്ക് പിറന്നാള്‍ ആശംസ നേരാനും അന്നദ്ദേഹം മറന്നില്ല. ഒരു വര്‍ഷം പിന്നിട്ടാണ് മഹാനടന്‍ പാമ്പാടിയില്‍ എത്തിയത്. എന്നാലും വാക്ക് പാലിച്ച ആ കലാകാരനെ കണ്ട ധന്യതയോടെയാണ് പൊന്‍കുന്നം വര്‍ക്കി വിടവാങ്ങിയതെന്ന് തീര്‍ച്ച. മഹാനായ കഥാകാരന്‍ പൊന്‍കുന്നം വര്‍ക്കിയുടെ 111ാം ജന്മ വാര്‍ഷികവും 17ാം ചരമ വാര്‍ഷികവുമാണ് കഴിഞ്ഞ ജൂലൈ ഒന്നും രണ്ടും തീയതികളിലായി ആചരിച്ചത്.

പെരുഞ്ചേരില്‍ മുറ്റത്തിറമ്പില്‍ തന്നെയാണ് വര്‍ക്കിയുടെ സ്മൃതികുടീരമുള്ളത്. ‘ശബ്ദിക്കുന്ന കലപ്പ’യടക്കം നിരവധി ശ്രദ്ധേയ കഥകളും നാടകങ്ങളും ചലച്ചിത്ര തിരക്കഥകളുമടക്കം രചിച്ച വര്‍ക്കി ആധുനിക കേരളത്തിന് വഴികാട്ടിയ ‘ചുവന്ന പതിറ്റാണ്ടുകളുടെ സൃഷ്ടി’യായാണ് ഗണിക്കപ്പെടുന്നത്.

സാമൂഹ്യ വിമര്‍ശകനായ കഥാകാരന്‍ എന്ന നിലയില്‍ രാജ്യത്താദ്യം ഭരണകൂടം അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ച സാഹിത്യകാരന്‍ കൂടിയായിരുന്നു പൊന്‍കുന്നം വര്‍ക്കി. അജയ്യനായ ആ കഥാകാരന് 94ാം പിറന്നാള്‍ ആശംസ നേരാനാണ് തിരക്കുകളെല്ലാം മാറ്റിവച്ച് മമ്മൂട്ടി 2004ല്‍ പാമ്പാടിയില്‍ എത്തിയത്. ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസും പ്രഭാഷണ മാന്ത്രികന്‍ സുകുമാര്‍ അഴീക്കോടും മറ്റ് നിരവധി പ്രഗത്ഭരും വന്ന പെരുഞ്ചേരില്‍ മുറ്റത്തേക്കാണ് താനും വന്നതെന്ന് അറിഞ്ഞ് അന്നദ്ദേഹം ഏറെ സന്തോഷവാനായി. നവലോകം പ്രവര്‍ത്തകരും പാമ്പാടിയും മറക്കില്ല മഹാനടന്റെ വര്‍ക്കിയിടത്തിലെ സന്ദര്‍ശനം.

അടിക്കുറിപ്പ്:
മറക്കില്ല മമ്മുക്കയെ… 2004ല്‍ പൊന്‍കുന്നം വര്‍ക്കിയുടെ 94ാം പിറന്നാള്‍ ദിനത്തില്‍ പാമ്പാടി പെരുഞ്ചേരില്‍ വീട്ടിലെത്തിയ മമ്മൂട്ടി ‘നവലോകം’ സുവനീര്‍ മറിച്ചുനോക്കുന്നു. സിപിഐ എം നേതാക്കളായ എം എ ബേബിയും വി എന്‍ വാസവനും സമീപം. പിറ്റേന്നാണ് വര്‍ക്കിയുടെ മരണം.