അടിച്ചുപൊളിക്കാന്‍ അഴിമതിപ്പണം; മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ കറങ്ങിയത് 10 വിദേശരാജ്യങ്ങളില്‍; കൈക്കൂലി വാങ്ങിയ 17 ലക്ഷം രൂപ ഒളിപ്പിച്ചത് പ്രഷർകുക്കറിലും അരിക്കലത്തിലും കിച്ചൺ ക്യാബിനിലുമായി; ചോദ്യം ചെയ്യലിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോട്ടയത്തെ കൈക്കൂലിക്കാരൻ
സ്വന്തം ലേഖകൻ
കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡുകളിലെ അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കോട്ടയം ജില്ലാ ഓഫീസര്‍ എ എം ഹാരിസിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിലെ കണ്ടെത്തല്‍.
25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോട്ടയം ജില്ലാ ഓഫീസര്‍ (എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍) വന്‍തുക തന്നെ കൈക്കൂലി വാങ്ങി സമ്പാദിച്ചു കൂട്ടി എന്നാണ് പുറത്തുവരുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലുവയിലെ ഫ്ലാറ്റില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ മാത്രം 16 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കൂടാതെ 18 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപവുമുണ്ട്. തിരുവനന്തപുരത്ത് 2000 ചതുരശ്ര അടിയുള്ള വീടും പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ടെന്നും കണ്ടെത്തി. അടുക്കളയില്‍ പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചണ്‍ ക്യാബിനിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. 50,000ത്തിന്റെ കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്.
സന്ദര്‍ശിച്ചത് പത്ത് വിദേശ രാജ്യങ്ങള്‍
അവിവാഹിതനായ ഹാരിസ് കൈക്കൂലി പണം കൊണ്ട് വിദേശരാജ്യങ്ങൾ സന്ദര്‍ശിക്കുകയും അവിടെ പണം ആഡംബര ആവശ്യങ്ങള്‍ക്ക് ചെലവിടുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ഹാരിസിന്റെ ഫോണ്‍ പരിശോധിച്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയിരുന്നു. നിറയെ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും ഉണ്ടായിരുന്നു. സ്ത്രീകളെ സപ്ലൈ ചെയ്യുന്ന ചില ഇടനിലക്കാരുമായുള്ള വിലപേശലടക്കം മൊബൈല്‍ ഫോണിലുണ്ട്.
ജര്‍മനി, വിയറ്റ്‌നാം, യുക്രെയിന്‍, മലേഷ്യയിലെ പട്ടായ തുടങ്ങിയ രാജ്യങ്ങളും സ്ഥലങ്ങളും സന്ദര്‍ശിച്ചതായി ഹാരിസിന്റെ പാസ്‌പോര്‍ട്ടില്‍ നിന്ന് വ്യക്തമായി. പത്തോളം രാജ്യങ്ങളിലാണ് ഇതുവരെ പോയിട്ടുള്ളത്.
‘കൈയില്‍ 60,000 രൂപ മാത്രം… ‘
കൈക്കൂലി വാങ്ങിയ പണമൊക്കെ എവിടെ എന്നു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആദ്യം ചോദിച്ചപ്പോള്‍ തന്റെ കൈയില്‍ വെറും 60,000 രൂപയാണുള്ളതെന്നായിരുന്നു മറുപടി. തുടര്‍ന്ന് അക്കൗണ്ടും ഇപ്പോള്‍ താമസിക്കുന്ന ഫ്‌ളാറ്റുമെല്ലാം പരിശോധിക്കുകയായിരുന്നു. ആലുവ ആലങ്ങാട്ടുള്ള ഫ്‌ളാറ്റിലായിരുന്നു ഹാരിസിന്റെ താമസം. പന്തളമാണ് സ്വദേശമെങ്കിലും അവിടെയുള്ളവരുമായി വലിയ അടുപ്പമില്ല. ആലുവ, എറണാകുളം, പെരുമ്പാവൂര്‍ മേഖലകളിലായിരുന്നു മുന്‍പ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
അച്ചടക്കമുളള കൈക്കൂലി;17 ലക്ഷം രൂപ കെട്ടുകളാക്കി അരിക്കലത്തിലും കുക്കറിലും കിച്ചന്‍ ക്യാബിനിലും
ഹാരിസുമായി എത്തിയ വിജിലന്‍സ് സംഘം ഇയാളുടെ ഫ്‌ളാറ്റില്‍ അടുക്കി വച്ചിരുന്ന പണം കണ്ടെത്തി. ഓരോ കെട്ടു നോട്ടും പ്രത്യേകം കവറുകളിലാക്കി സൂക്ഷിച്ചിരുന്നു. കൃത്യമായ കണക്കും ഇയാള്‍ക്കുണ്ടായിരുന്നു. 16.60 ലക്ഷം രൂപയുണ്ടെന്ന് ഹാരിസ് വിജിലന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞു. നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ച് എണ്ണി നോക്കിയപ്പോള്‍ തുക കൃത്യമായിരുന്നു.
പിടിയിലായത് ഇങ്ങനെ
ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. പാലാ പ്രവിത്താനത്തെ ടയര്‍ റീട്രേഡിങ് സ്ഥാപനത്തിന് നോണ്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെയാണ് ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. നേരത്തേ വിജിലന്‍സില്‍ വിവരം നല്‍കിയതിനുശേഷം സ്ഥാപന ഉടമ ജോബിന്‍ സെബാസ്റ്റ്യന്‍ പണം കൈമാറുകയായിരുന്നു.
ശബ്ദ മലിനീകരണമുണ്ടെന്ന് കാട്ടി സ്ഥാപനത്തിനെതിരെ അയല്‍വാസി മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പരാതി നല്‍കിയിരുന്നു. റീട്രേഡിങ്ങിനുള്ള മെഷിനറികളുടെ ശബ്ദം അസഹനീയമാണെന്നായിരുന്നു പരാതി. ഇതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് തടഞ്ഞു. പിന്നാലെ പരിശോധന നടത്തി പരാതിയില്‍ കഴമ്പുണ്ടോയെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജോബിന്‍ ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാല്‍, അനുകൂല നിലപാടുണ്ടായില്ല. ഇതോടെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയും പരിശോധന നടത്താന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.