തിരുനക്കരയിൽ സ്ഥലം കിടക്കുമ്പോൾ വാടകയ്ക്ക് കെട്ടിടമന്വേഷിച്ച് പൊലീസ്: വൈസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റാൻ സ്ഥലം തപ്പി ജില്ലാ പൊലീസ്; പ്രതിഷേധവുമായി സംഘടനകൾ

തിരുനക്കരയിൽ സ്ഥലം കിടക്കുമ്പോൾ വാടകയ്ക്ക് കെട്ടിടമന്വേഷിച്ച് പൊലീസ്: വൈസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റാൻ സ്ഥലം തപ്പി ജില്ലാ പൊലീസ്; പ്രതിഷേധവുമായി സംഘടനകൾ

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കരയിൽ സ്ഥലം കിടക്കുമ്പോൾ നഗരമധ്യത്തിൽ വാടക കെട്ടിടം തപ്പി പൊലീസ്. കോടിമതയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റണമെന്ന നിരന്തര ആവശ്യത്തെ തുടർന്നാണ് പൊലീസ് നഗരമധ്യത്തിൽ വാടക കെട്ടിടം തപ്പിയിറങ്ങിയിരിക്കുന്നത്. എന്നാൽ, നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷനായി കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് കെട്ടിടം നിർമ്മിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയ നഗരത്തിലെ വ്യവസായി ശ്രീകുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
നഗരത്തിലെ പൊലീസ് സാന്നിധ്യം കുറഞ്ഞതോടെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യവസായിയായ ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയനും, ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും നേരത്തെ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് നഗരമധ്യത്തിലേയ്ക്ക് പൊലീസ് സ്റ്റേഷൻ മാറ്റുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ അന്വേഷണം നടത്താൻ കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാറിനു ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നിർദേശവും നൽകിയയിരുന്നു. ഇതേ തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് നഗരമധ്യത്തിൽ അനുയോജ്യമായ കെട്ടിടങ്ങൾ വാടകയ്ക്ക് ലഭിക്കുമോ എന്ന പരിശോധന പൊലീസ് ആരംഭിച്ചത്. തുടർന്ന് ഇതിനുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ നടക്കുകയുമാണ്.
എന്നാൽ, നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷൻ പണിയുക എന്നതിനു മാത്രമായി വിട്ടു നൽകിയ സ്ഥലത്ത് തന്നെ പൊലീസ് സ്റ്റേഷൻ പണിയണമെന്ന ആവശ്യമാണ് ശ്രീകുമാർ ഇപ്പോൾ ഉയർത്തുന്നത്. പൊലീസ് സ്റ്റേഷൻ നിർമ്മിക്കാനുള്ള സ്ഥലത്ത് ഇത് നിർമ്മിക്കാത്തത് നഗരസഭയിലെ ചില വ്യക്തികളും ജോസ്‌കോ ജുവലറിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ഇവർ ആരോപിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഈ സ്ഥലത്തു നിന്നു പൊലീസ് സ്റ്റേഷൻ മാറ്റിയതിനു ശേഷം ഇതുവരെ പുതിയ കോംപ്ലക്‌സ് പോലും നിർമ്മിക്കാത്തത് ഒത്തുകളിയുടെ ഭാഗമാണെന്നും ഇദ്ദേഹം ആരോപണം ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ വാടക കെട്ടിടത്തിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ കോടതിയെ സമീപിക്കുമെന്നും ശ്രീകുമാർ അറിയിച്ചു.