വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എൻ ബാലഗോപാലിന്റെയും പേരിൽ വ്യാജ വാട്സാപ്പ് സന്ദേശങ്ങൾ; തട്ടിപ്പിനു പിന്നിൽ നൈജീരിയൻ സംഘമെന്ന് പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എൻ ബാലഗോപാലിന്റെയും പേരിൽ വ്യാജ വാട്സാപ്പ് സന്ദേശങ്ങൾ. വ്യാജ വാട്സ് ആപ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിനു ശ്രമിച്ചത് നൈജീരിയൻ സംഘമെന്ന് സൈബർ പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. സർക്കാർ വെബ്സൈറ്റുകളിൽ നിന്നാണ് ജീവനക്കാരുടെ നമ്പർ സംഘത്തിന് കിട്ടുന്നതെന്നും പൊലീസ് പറയുന്നു.
മന്ത്രിമാരുടെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പിന് ശ്രമം നടക്കുന്നത്. വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എൻ ബാലഗോപാലിന്റെയും പേരിലാണ് വ്യാജ അക്കൗണ്ടുകൾ. സംസ്ഥാനത്ത് സ്ഥിരം തട്ടിപ്പ് നടത്തുന്ന നൈജീരിയൻ സംഘങ്ങൾക്കു പിന്നാലെയാണ് പൊലീസ് അന്വേഷണം. ഇതുവരെ സാധാരണക്കാരെ ലക്ഷ്യമിട്ടിരുന്ന തട്ടിപ്പ് സംഘങ്ങൾ മന്ത്രിമാരിലേക്കും എത്തിയത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രിമാരുടെ ഫോട്ടോ ഡിപി ആയുള്ള വാട്സ്ആപ് അക്കൗണ്ടിൽ നിന്നാണ് ജീവനക്കാർക്ക് സന്ദേശങ്ങൾ വരുന്നത്. ആദ്യം കുശലാന്വേഷണം. പിന്നെ ആമസോൺ പേ ഗിഫ്റ്റ് കാർഡ് അടക്കമുള്ള സാമ്പത്തിക കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറും. അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇതോടെയാണ് ജീവനക്കാർക്ക് സംശയം തോന്നിയത്.
ധനവകുപ്പിലെ നിരവധി ജീവനക്കാർക്ക് സന്ദേശം ലഭിച്ചു. വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് സന്ദേശങ്ങൾ അയച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിനോട് വ്യവസായ മന്ത്രി ആവശ്യപ്പെട്ടിരുന്നു.