പൊലീസുകാരുടെ ആത്മഹത്യ ; ഉന്നതതല യോഗം ചേരും : മുഖ്യമന്ത്രി

പൊലീസുകാരുടെ ആത്മഹത്യ ; ഉന്നതതല യോഗം ചേരും : മുഖ്യമന്ത്രി

സ്വന്തം ലേഖിക

കൊല്ലം: പൊലീസ് സേനാംഗങ്ങളുടെ ആത്മഹത്യകളെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ 35-ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കന്റോൺമെന്റ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സേനാംഗങ്ങളുടെ മാനസികാന്തരീക്ഷം നന്നാക്കിയെടുക്കുന്നതിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പരിഗണിക്കും.സുപ്രീം കോടതി പറഞ്ഞത് പോലെ കൂട്ടിലടയ്ക്കപ്പെട്ട അവസ്ഥ കേരളത്തിലെ അന്വേഷണ ഏജൻസികൾ നേരിടുന്നില്ല.. കുറ്റം ചെയ്യുന്നവരുടെ സ്ഥാനവും മാനവും പദവിയും നോക്കിയല്ല പൊലീസ് ഇടപെടുന്നത്. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും രാജ്യത്താകെ പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോൾ, അവരുടെ സംരക്ഷക നാടാണ് കേരളം. രാജ്യത്തെ ഏതൊരു നാടും കൊതിച്ച് പോകുന്ന ജീവിത സാമൂഹിക സാഹചര്യങ്ങളാണ് കേരളത്തിലുള്ളത്. പ്രളയകാലത്തെ ധീരമായ രക്ഷാപ്രവർത്തനത്തിനും കലാപം നടത്താൻ ലക്ഷ്യമിട്ട് ശബരിമലയിലെത്തിയവരെ തടഞ്ഞതിനും പൊലീസിനെ അഭിനന്ദിക്കുന്നു. ശബരിമല സന്നിധാനത്തെ കലാപഭൂമിയാക്കാനെത്തിയവർ ആക്രമിച്ചിട്ടും പൊലീസ് പ്രതികരിച്ചില്ല. അതവരുടെ ദൗർബല്യമല്ല, സഹനശക്തിയും ബോധവുമാണ്. അക്കാര്യത്തിൽ കേരളം പൊലീസിനോട് കടപ്പെട്ടിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ക്രീരതയുടെ പര്യായമാകരുത്

പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായമാകാൻ പാടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. നടക്കാൻ പാടില്ലാത്തതും ചട്ട വിരുദ്ധമായതും പൊലീസ് സ്റ്റേഷനുകളിൽ ഉണ്ടാകാൻ പാടില്ല. ഒറ്റപ്പെട്ടതെങ്കിലും ലോക്കപ്പ് മർദ്ദനത്തെ ഗൗരവമായി കാണണം.പിങ്ക് പൊലീസ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നിവ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് ടി.എസ്.ബൈജു അദ്ധ്യക്ഷത വഹിച്ചു.മന്ത്രിമാരായ കെ.രാജു,ജെ.മേഴ്‌സികുട്ടിയമ്മ, എം.നൗഷാദ് എംഎൽഎ, എ.ഡി.ജി.പി ഓപ്പറേഷൻസ് ഷേക്ക് ദർവേഷ് സാഹിബ്, ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് , റൂറൽ ജില്ലാ പൊലീസ് മേധാവി ആർ. ഹരിശങ്കർ, കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥിരാജ്, പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ, സ്വാഗതസംഘം ചെയർമാൻ എസ്. അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Tags :