സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സ്റ്റേഷന് ഹൗസ് ഓഫീസര്‍ സംവിധാനം അവസാനിപ്പിക്കാൻ തീരുമാനം; ആകെയുള്ള 540 സ്റ്റേഷനുകളില്‍ 104 എണ്ണത്തിന്റെ ചുമതല ഇന്‍സ്പെക്ടര്‍മാരില്‍നിന്നു തിരിച്ചെടുത്ത് ഡയറക്ട് എസ്.ഐമാര്‍ക്കു കൈമാറും
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സ്റ്റേഷന് ഹൗസ് ഓഫീസര്‍ സംവിധാനം (ഇന്‍സ്പെക്ടര്‍മാര്‍ക്കു സ്റ്റേഷന് ചുമതല) ഭാഗികമായി പിന്‍വലിക്കുന്നതിന് തീരുമാനം ആയി.
നേരിട്ട് സബ് ഇന്‍സ്പെക്ടര്‍ നിയമനം ലഭിച്ച ചെറുപ്പക്കാരെപ്പോലെ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒമാര്‍ ക്രമസമാധാന പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റകൃത്യങ്ങളുടെ എണ്ണം താരതമ്യേന കുറവുള്ള സ്റ്റേഷനുകള്‍ ഡയറക്ട് എസ്.ഐമാരെ തിരിച്ചേല്‍പ്പിക്കണമെന്ന പോലീസ് ഉന്നതതലത്തിലെ ശിപാര്‍ശ ഉടന്‍ സര്‍ക്കാരിനു കൈമാറും.
ആകെയുള്ള 540 സ്റ്റേഷനുകളില്‍ 104 എണ്ണത്തിന്റെ ചുമതല ഇന്‍സ്പെക്ടര്‍മാരില്‍നിന്നു തിരിച്ചെടുത്ത് ഡയറക്ട് എസ്.ഐമാര്‍ക്കു കൈമാറാനാണു നിര്‍ദേശം. ഇന്‍സ്പെക്ടര്‍മാര്‍ക്കു ചുമതല നല്കിയ എസ്.എച്ച്.ഒ. സംവിധാനം ഫലപ്രദമല്ലെന്ന് ഇന്റലിജന്‍സ് വിഭാഗം കഴിഞ്ഞ വര്‍ഷം ഡി.ജി.പിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അന്ന് പോലീസ് ആസ്ഥാനത്തെ ഉന്നതര്‍ അവഗണിച്ച റിപ്പോര്‍ട്ടാണു പോലീസിന്റെ പ്രതിച്ഛായ ദിനംപ്രതി മങ്ങുന്ന സാഹചര്യത്തില്‍ പൊടിതട്ടിയെടുത്തത്. പോലീസിന്റെ വീഴ്ചകള്‍ അടുത്തിടെയായി ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങള്‍ ചില്ലറയല്ല.
കഴിഞ്ഞ ഒരു വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി പോലീസ് സ്റ്റേഷനുകളെ മൂന്നായി തിരിച്ചിരുന്നു. ആയിരത്തില്‍ത്താഴെ കുറ്റകൃത്യങ്ങളുമായി “സി” ഗ്രേഡില്‍ വന്ന സ്റ്റേഷനുകളുടെ ചുമതലയാണു ചെറുപ്പക്കാരായ എസ്.ഐമാര്‍ക്കു നല്കാന് ഉദ്ദേശിക്കുന്നത്. ആയിരം മുതല്‍ രണ്ടായിരം വരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷനുകള്‍ “ബി” ഗ്രേഡിലും അതിലധികമുള്ളവ “എ” ഗ്രേഡിലുമാണ്. ഇവിടെ ഇന്‍സ്പെക്ടര്‍മാര്‍ എസ്.എച്ച്.ഒമാരായി തുടരും.
“സി” ഗ്രേഡ് സ്റ്റേഷനുകളുടെ ചുമതലയില്‍നിന്നു മാറ്റുന്ന ഇന്‍സ്പെക്ടര്‍മാരെ സ്പെഷ്യല്‍ ബ്രാഞ്ചിലേക്കും തീരദേശ പോലീസിലേക്കും നിയോഗിക്കും.
സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി നിയമിച്ച ചില ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഷനുകളില്‍ ഇരിക്കാറില്ലെന്നും നേരത്തേ ഇന്‍സ്പെക്ടര്‍മാരായി ജോലി ചെയ്തിരുന്ന ഓഫീസിലാണു പ്രവര്‍ത്തിക്കുന്നതെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.