മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥന്‍; ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയെന്ന് പരാതി
സ്വന്തം ലേഖിക
കല്‍പ്പറ്റ: മദ്യലഹരിയില്‍ വാഹനമോടിച്ച പൊലീസുകാരന്‍ അപകടമുണ്ടാക്കിയതായി പരാതി.
ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയെന്നാണ് പരാതി.
പനമരം സ്റ്റേഷനിലെ വിനു എന്ന സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെയാണ് കമ്പളക്കാട് പുലര്‍വീട്ടില്‍ സിയാദ് (38) എന്ന യുവാവ് കമ്പളക്കാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച രാത്രി ഒൻപതരയോടെ കമ്പളക്കാട് കൊഴിഞ്ഞങ്ങാട് റോഡിലായിരുന്നു സംഭവം. തന്റെ ഇരുചക്രവാഹനത്തില്‍ കമ്പളക്കാട് ടൗണിലേക്ക് വരികയായിരുന്ന സിയാദിനെ എതിരെ വന്ന വിനുവിന്റെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടം നടന്നതറിഞ്ഞിട്ടും ഇയാള്‍ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പുറകെ വന്ന മറ്റു വാഹന യാത്രികരാണ് കാലിന് ഗുരുതരമായി പരിക്കേറ്റ സിയാദിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരാതിയെ തുടര്‍ന്ന് കമ്പളക്കാട് പൊലീസ് ആശുപത്രിയിലെത്തി സിയാദിന്റെ മൊഴി രേഖപ്പെടുത്തി. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ കല്‍പ്പറ്റ പൊലീസിന്റെ നേതൃത്വത്തില്‍ വിനുവിനെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി.
അതിനിടെ ആശുപത്രിക്ക് പുറത്ത് വെച്ച് വിനു നാട്ടുകാരോട് മോശമായി പെരുമാറുകയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയുണ്ട്. മദ്യപിച്ച് വാഹനമോടിക്കുകയും അപകടമുണ്ടാക്കിയിട്ടും വാഹനം നിര്‍ത്താതെ പോകുകയും ചെയ്ത വിനുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതേ സമയം പരിശോധന ഫലം തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കമ്പളക്കാട് പോലീസ് അറിയിച്ചു. മാത്രമല്ല സിയാദ് ആശുപത്രിയിലായതിനാല്‍ ബന്ധുവിന്റെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഈ മൊഴിയില്‍ പോലീസുകാരന്‍ മദ്യപിച്ചെന്ന് പറഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.