play-sharp-fill
പൊലീസില്‍ ചേരുക എന്നത്  കുട്ടിക്കാലം മുതലുള്ള ആഗ്രഹം; ഫയര്‍ഫോഴ്‌സിലും സെയില്‍ ടാക്‌സിലും ജോലി കിട്ടിയിട്ടും ഇരിപ്പുറച്ചില്ല; വിടാതെ എസ്‌ഐ പരീക്ഷ എഴുതി മൂന്നാം വട്ടം ലക്ഷ്യം കൈവരിച്ചു; ഏറെ ആഗ്രഹിച്ചു കിട്ടിയ പദവിയില്‍ ഇരുപ്പുറയ്ക്കും മുൻപേ  മടക്കം;  ഡ്യൂട്ടിക്കിടെയുള്ള താമരശേരി എസ്‌ഐ സനൂജിന്റെ മരണം താങ്ങാനാവാതെ ഉറ്റവരും സുഹൃത്തുക്കളും…

പൊലീസില്‍ ചേരുക എന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹം; ഫയര്‍ഫോഴ്‌സിലും സെയില്‍ ടാക്‌സിലും ജോലി കിട്ടിയിട്ടും ഇരിപ്പുറച്ചില്ല; വിടാതെ എസ്‌ഐ പരീക്ഷ എഴുതി മൂന്നാം വട്ടം ലക്ഷ്യം കൈവരിച്ചു; ഏറെ ആഗ്രഹിച്ചു കിട്ടിയ പദവിയില്‍ ഇരുപ്പുറയ്ക്കും മുൻപേ മടക്കം; ഡ്യൂട്ടിക്കിടെയുള്ള താമരശേരി എസ്‌ഐ സനൂജിന്റെ മരണം താങ്ങാനാവാതെ ഉറ്റവരും സുഹൃത്തുക്കളും…

സ്വന്തം ലേഖിക

കോഴിക്കോട്: ഏറെ ആഗ്രഹിച്ചു കിട്ടിയ പദവിയില്‍ ഇരുപ്പുറയ്ക്കും മുൻപേ മടക്കം.

താമരശേരി പൊലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ വി എസ്.സനൂജിൻ്റെ ഹൃദയാഘാതത്തെ തുടർന്നുള്ള അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ വിതുമ്പുകയാണ് വീട്ടുകാരും നാട്ടുകാരും.
ഇന്നു രാവിലെ 7.15ന് സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയ സനൂജിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് കോവൂര്‍ സ്വദേശിയാണ് വി എസ് സനൂജ്(38). പൊലീസില്‍ ചേരണം എന്നായിരുന്നു കുട്ടിക്കാലം മുതലുള്ള ആഗ്രഹം. എന്നാല്‍ ആദ്യം കിട്ടിയ ജോലി ഫയര്‍ഫോഴ്സില്‍ ഫയര്‍മാനായി ആയിരുന്നു. അവിടെ ഇരുപ്പുറയ്ക്കാതെ വന്നതോടെ വിവിധ പി.എസ്.സി പരീക്ഷകള്‍ വീണ്ടും എഴുതി. അതിനിടെ സെയില്‍ ടാക്സില്‍ ക്ലാര്‍ക്കായി ജോലി ലഭിച്ചു. തുടര്‍ന്നു എരിഞ്ഞാപ്പാലത്തെ സെയില്‍ ടാക്സ് ഓഫീസില്‍ ഒരുവര്‍ഷത്തിലധികം ജോലി ചെയ്തു. അതിനു ശേഷം ഒന്നരവര്‍ഷം മുൻപാണ് നേരിട്ട് എസ്‌ഐയായി നിയമനം ലഭിക്കുന്നത്.

എസ്‌ഐയാകുക സനോജിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അടുത്ത സുഹൃത്തൃക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ഈ മോഹം അറിയാമായിരുന്നു. മറ്റു ജോലികള്‍ ലഭിച്ചെങ്കിലും എസ്‌ഐ ആവാനായിരുന്നു കഠിനാദ്ധ്വാനം. രണ്ടുതവണ എസ്‌ഐ ടെസ്റ്റ് എഴുതി ലിസ്റ്റില്‍ വന്നെങ്കിലും പലകാരണങ്ങളാല്‍ ലിസ്റ്റ് തള്ളിപ്പോയപ്പോള്‍ സനൂജും പുറത്തായി. പിന്നീട് മൂന്നാം അങ്കത്തിലാണ് വിജയിച്ചു കയറി സീറ്റിലിരുന്നത്.

സനൂജിന്റെ അമ്മ വിലാസിനിയുടെ വീട് കുരുവട്ടൂരാണ്. അമ്മാവന്മാരായ വേണുഗോപാല്‍, പ്രമോദ്, മധുസൂദനന്‍ എന്നിവരെല്ലം സനൂജിനു പ്രോത്സാഹനവുമായി ചെറുപ്പം മുതലെ കൂടെയുണ്ടായിരുന്നു. ഒന്നാംക്ലാസുകാരനായ മകന്‍ നിവേദിനെയും ഭാര്യ നിമിഷയേയും തനിച്ചാക്കിയുള്ള സനോജിന്റെ യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു.

ഹൃദയാഘാതവുമായി ബന്ധപ്പെട്ട സൂചനകളൊന്നും നേരത്തെ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ താമരരേി സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം രാത്രി 10ന്.