പൊലീസിനെ തല്ലിചതച്ച സി പി എം നേതാവിനെ പോലീസ് അസോസിയേഷൻ യോഗത്തിൽ അതിഥിയാക്കി നേതാക്കൾ അണികളെ വഞ്ചിച്ചു,സേനയിൽ അമർഷം പുകയുന്നു

പൊലീസിനെ തല്ലിചതച്ച സി പി എം നേതാവിനെ പോലീസ് അസോസിയേഷൻ യോഗത്തിൽ അതിഥിയാക്കി നേതാക്കൾ അണികളെ വഞ്ചിച്ചു,സേനയിൽ അമർഷം പുകയുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയായ സി.പി.എം നേതാവിനെ പൊലീസ് സമ്മേളനത്തിൽ അതിഥിയാക്കുന്നതിനെച്ചൊല്ലി വിവാദം. കുന്നുകുഴി വാർഡ് കൗൺസിലർ കൂടിയായ ഐ.പി. ബിനുവിനെ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വാർഷിക സമ്മേളനത്തിലേക്ക് ക്ഷണിച്ചതിൽ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനിൽ തന്നെയാണ് പ്രതിഷേധം. ഇന്നു മുതൽ 19 വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് അസോസിയേഷന്റെ വാർഷിക പരിപാടികൾ. ഇന്നു വൈകിട്ട് നാലിനു നടക്കുന്ന യാത്ര അയയപ്പ് യോഗത്തിലാണ് ബിനുവിനെ സംഘാടകർ ക്ഷണിച്ചത്.ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മ്യൂസിയം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രത്യുഞ്ജയകുമാറിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഐ.പി. ബിനു. പാളയം വാർഡ് കൗൺസിലർ ആയ അയിഷാ ബേക്കറിനു പുറമെ മറ്റൊരു കൗൺസിലറായ ബിനുവിനെക്കൂടി പങ്കെടുപ്പിക്കുന്നു എന്നാണ് സംഘാടകരുടെ വിശദീകരണം. അതേസമയം, ഇത് വർഗ വഞ്ചനയാണെന്ന് അസോസിയേഷനിലെ ഒരു വിഭാഗം ആരോപിക്കുന്നു.സമ്മേളനത്തിന്റെ ഉദ്ഘാടനം ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ നിർവഹിക്കും. കെ.പി.ഒ.എ തിരുവനന്തപുരം സിറ്റി പ്രസിഡന്റ് വി.ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും. ജില്ലാ കമ്മിറ്റി അംഗം ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. വൈ.സലീം, പ്രതാപൻ നായർ, ഡി.കെ.പൃഥിരാജ്, ആർ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് നാലിനു നടക്കുന്ന യാത്ര അയപ്പ് യോഗം മന്ത്രി സി. രവീന്ദ്രനാഥും നാളത്തെ സാംസ്‌കാരിക സമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്യും. ഗിരീഷ് പുലിയൂർ, കിഷോർ, അപ്‌സര തുടങ്ങിയവർ പങ്കെടുക്കും. 19 ന് പ്രതിനിധി സമ്മേളനം എ.ഡി.ജി.പി മനോജ് എബ്രഹാം ഉദ്ഘാടനം ചെയ്യും.