ട്രെയിനിൽ 117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുമായി യാത്ര ചെയ്ത ചെന്നൈ സ്വദേശിനി കസ്റ്റഡിയിൽ ;ആർ.പി.എഫ് സ്‌പെഷൽ സ്‌ക്വാഡ് പിടികൂടിയപ്പോൾ ആദ്യം തന്റേതല്ലെന്ന വാദം ; പിന്നീട് സ്‌ഫോടക വസ്തുക്കൾ കിണർ നിർമ്മാണത്തിനായി കൊണ്ടുവന്നതാണെന്ന് മൊഴി : തീവ്രവാദ സംഘടനകൾക്ക് വേണ്ടിയാണോ സ്‌ഫോടക വസ്തുക്കൾ കടത്തിയെന്ന സംശയവും ശക്തം

സ്വന്തം ലേഖകൻ

കോഴിക്കോട്: ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ നിന്നും വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളക്കം വിശദമായ അന്വേഷണം നടത്തും.

സംഭവത്തിൽ യാത്രക്കാരിയായ തിരുവണ്ണാമലൈ സ്വദേശിനിയായ രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീകര സംഘടനകൾക്ക് വേണ്ടിയാണോ ഇതുകൊണ്ടു വന്നതെന്ന് പൊലീസ് പരിശോധിക്കും.117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്റർ എന്നിവയാണ് പരിശോധനയിൽ ആർ.പി.എഫ് സ്‌പെഷൽ സ്‌ക്വാഡ് പിടികൂടിയത്.

ഡി വൺ കംപാർട്ട്‌മെന്റിൽ സീറ്റിനടിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. തിരൂരിനും കോഴിക്കോടിനും ഇടയിൽ വച്ചാണ് പാലക്കാട് ആർ.പി.എഫ് സ്‌പെഷൽ സ്‌ക്വാഡ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. സാധാരണ പരിശോധനയ്ക്കിടെയാണ് ഇത് കണ്ടെത്തിയത്. തുടക്കത്തിൽ ഇത് ഇവരുടേതല്ലെന്നായിരുന്നു മൊഴി നൽകിയത്. എന്നാൽ പിന്നീട് ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

ഇവർ ഇരുന്നിരുന്ന സീറ്റിന് അടിയിൽ നിന്നുമാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. ഇവരെ ആർ.പി.എഫും പൊലീസും സ്‌പെഷൽ ബ്രാഞ്ചും ചോദ്യം ചെയ്തു. ചെന്നൈ കട്പാടിയിൽ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. സ്‌ഫോടകവസ്തുക്കൾ തലശ്ശേരിയിൽ കിണറ് നിർമ്മാണ ജോലിക്ക് കൊണ്ടുവന്നതാണെന്ന് ഇവർ സമ്മതിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സ്‌ഫോടക വസ്തുകൾ പിടികൂടിയത്‌