സിനിമയെ വെല്ലുന്ന ക്ലൈമാക്സ്; വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച കാറിനെ വിടാതെ പിന്തുടർന്ന് പോലീസ്, കാറും പോലീസ് ജീപ്പും തമ്മിലുള്ള ചെയ്സ് നടന്നത് രണ്ടു മണിക്കൂറിലധികം സമയം, പിന്നിട്ടത് നഗരസഭയും ആറു പഞ്ചായത്തുകളും; ഒടുവിൽ രണ്ടു പേർ പിടിയിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു
എറണാകുളം: അങ്കമാലിയില്‍ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ വണ്ടിയോടിച്ച് പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച കാറിനെ വിടാതെ പോലീസ്. സിനിമയെ വെല്ലുന്ന തരത്തിൽ പോലീസ് കാറിനെ പിന്തുടർന്ന് പിടികൂടി. നഗരസഭയിലൂടെയും ആറു പഞ്ചായത്തുകളിലൂടെയും രണ്ടു മണിക്കൂറിലേറെ നേരം പോലീസിനെ വട്ടം കറക്കിയ കാറോട്ടം ഒക്കലില്‍ അവസാനിച്ചു.
കാറിലുണ്ടായിരുന്ന രണ്ടു പേരെ പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. തൊടുപുഴ കാരിക്കോട് കിഴക്കന്‍ പറമ്പില്‍ അജ്മല്‍ സുബൈര്‍ (29), തൊടുപുഴ പെരുമ്പിള്ളിച്ചിറ ചൂരവേലില്‍ റിന്‍ഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്. അങ്കമാലി, അയ്യമ്പുഴ പെരുമ്പാവൂര്‍ പോലീസ് സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
ഞായര്‍ വൈകിട്ട് 6.30ന് അങ്കമാലി ടി.ബി. ജംഗ്ക്ഷനിലെ വാഹന പരിശോധനക്കിടെയാണ് തൃശൂര്‍ ഭാഗത്തു നിന്നു നമ്പര്‍ പ്ലേറ്റില്ലാതെ വന്ന കാറിനു പോലീസ് കൈകാണിച്ചത്. മൂന്നു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. തുറവൂര്‍ ഭാഗത്തേക്ക് ഓടിച്ചു പോയ കാര്‍ മഞ്ഞപ്ര പഞ്ചായത്ത് വഴി അയ്യമ്പുഴ പഞ്ചായത്തിലേക്കു കടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചുള്ളിയില്‍ വച്ച് അയ്യമ്പുമ്പുഴ പോലീസ് കാര്‍ തടഞ്ഞെങ്കിലും പോലീസ് ജീപ്പില്‍ ഇടിപ്പിച്ചു കാര്‍ വെട്ടിച്ചു കടന്നു.അവിടെ നിന്നു മൂക്കന്നൂര്‍ പഞ്ചായത്തിലേക്കു കടന്ന കാര്‍ കാരമറ്റത്തു പോലീസ് വീണ്ടും തടഞ്ഞു. ഇത്തവണയും കാര്‍ പോലീസ് വാഹനത്തില്‍ ഇടിപ്പിച്ചു.
മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ മതിലില്‍ ഇടിച്ചു. എന്‍ജിന്‍ നിന്നു പോയതോടെ തള്ളി സ്റ്റാര്‍ട്ടാക്കാന്‍ കാറില്‍ നിന്നു പുറത്തിറങ്ങിയ റിന്‍ഷാദിനെ പോലീസ് പിടിച്ചു. അതിനിടെ സ്റ്റാര്‍ട്ടായ കാറുമായി മറ്റു രണ്ടുപേരും പെരുമ്പാവൂര്‍ ഭാഗത്തേക്കു കുതിച്ചു. വല്ലത്തു പോലീസിനെ കണ്ടു കാര്‍ തിരിച്ചു.
ഒക്കലില്‍ എത്തിയ കാര്‍ വെളിച്ചമില്ലാത്ത ഭാഗത്തു നിര്‍ത്തി കാറിലുണ്ടായിരുന്ന രണ്ടു പേരും ഇറങ്ങിയോടി. പോലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് അജ്മല്‍ പിടിയിലായത്. ഒരാള്‍ രക്ഷപ്പെട്ടു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കാറിന്റെ പിന്നിലും മുന്നിലും നമ്പര്‍ പ്ലേറ്റുകള്‍ ഉണ്ടായിരുന്നില്ല. രാസലഹരി കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണു പോലീസ് വഴിയില്‍ പരിശോധന നടത്തിയത്.