
പത്തനംതിട്ട : പത്തനംതിട്ട വടശ്ശേരിക്കര റേഞ്ചിൽ നായാട്ടുസംഘത്തെ വനംവകുപ്പ് പിടികൂടി. കേഴമാനെ വെടിവെച്ച് കൊന്ന നാലംഗ സംഘമാണ് പിടിയിലായത്. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. ഗുരുനാഥൻമണ്ണ് സ്വദേശി ജോർജ്ജുകുട്ടി, ബാബു, അലകസ് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെയാണ് സംഘം വേട്ടയ്ക്ക് ഇറങ്ങിയത്.
ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുന്നംഭാഗത്ത് കേഴമാനെ ഇവർ വെടിവെച്ചിട്ടു. റാന്നി ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നായാട്ടു കഴിഞ്ഞ് ഇറങ്ങി വരും വഴി വടശ്ശേരിക്കര റേഞ്ച് ഓഫീസറും സംഘവും ഇവരെ പിടികൂടുകയായിരുന്നു. തോക്കും മറ്റ് മാരകായുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ആനക്കൊമ്പ് കേസിലടക്കം നേരത്തെയും പ്രതികളാണിവർ.






