Spread the love

 

ന്യൂഡൽ‍ഹി: യാത്രക്കാരുടെ നിയമലംഘനങ്ങൾ തടയുന്നതിനായി ഇന്ത്യൻ റെയിൽവേ പുതിയ വിജ്ഞാപനം പുറത്തിറക്കി. വിവിധ കുറ്റങ്ങൾക്കുള്ള പിഴത്തുക ഗണ്യമായി വർധിപ്പിച്ചുകൊണ്ടുള്ള പുതിയ നിരക്കുകൾ ജൂൺ 20 മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.

video
play-sharp-fill

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് ഇനി കൂടുതൽ തുക പിഴയായി അടയ്‌ക്കേണ്ടിവരും. 1989-ലെ റെയിൽവേ നിയമപ്രകാരം കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി. യാത്രയുടെ ദൂരം, കോച്ചിന്റെ വിഭാഗം എന്നിവ അനുസരിച്ചാകും പുതുക്കിയ പിഴത്തുക ഈടാക്കുക. ജനറൽ കോച്ച് മുതൽ എ.സി. കോച്ചുകൾ വരെ വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്.

പുകവലി നടത്തിയാൽ 2000 രൂപയും ഭിക്ഷാടനം നടത്തിയാൽ 2000 രൂപയും പിഴ ഈടാക്കും. അനധികൃതമായി റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുന്നവർക്ക് 5000 രൂപ വരെ പിഴ ലഭിക്കും. സ്ത്രീകൾക്കായി സംവരണം ചെയ്ത കോച്ചുകളിലോ ഇടങ്ങളിലോ അനധികൃതമായി പ്രവേശിക്കുന്നവർക്ക് 2500 മുതൽ 5000 രൂപ വരെ പിഴ ചുമത്തും. മദ്യപിച്ചുള്ള യാത്രയ്ക്ക് 1000 രൂപ പിഴയ്ക്കൊപ്പം സാമൂഹ്യസേവന ശിക്ഷയും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ മുന്നറിയിപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റില്ലാ യാത്രയുടെ കുറഞ്ഞ പിഴയും വർധിപ്പിച്ചിട്ടുണ്ട്. ജനറൽ കോച്ചിൽ 50 കിലോമീറ്റർ വരെ യാത്ര ചെയ്താൽ 570 രൂപ, റിസർവ്ഡ് സിറ്റിംഗിൽ 585 രൂപ, സ്ലീപ്പർ കോച്ചിൽ 780 രൂപ, എ.സി. ചെയർകാറിൽ 1025 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിക്കുന്നതും ടിക്കറ്റിൽ രേഖപ്പെടുത്തിയ ലക്ഷ്യസ്ഥാനത്തിന് അപ്പുറം യാത്ര ചെയ്യുന്നതും നിയമലംഘനമായി കണക്കാക്കി പിഴ ഈടാക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

നിയമലംഘനങ്ങൾ കുറയ്ക്കുകയും യാത്രാസുരക്ഷയും ക്രമവും ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ടിക്കറ്റില്ലാ യാത്രക്കാരിൽ നിന്ന് മാത്രം കോടിക്കണക്കിന് രൂപ പിഴയായി ലഭിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.