പാലിൽ പോലും പ്ളാസ്റ്റിക്ക്: റീസൈക്കിളിങ്ങ് ചെയ്യാവുന്ന ഫ്‌ളക്‌സിന് :  മാത്രം ധൃതി പിടിച്ച നിരോധനം എന്തിന് : സൈന്‍ പ്രിന്റിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷൻ

പാലിൽ പോലും പ്ളാസ്റ്റിക്ക്: റീസൈക്കിളിങ്ങ് ചെയ്യാവുന്ന ഫ്‌ളക്‌സിന് : മാത്രം ധൃതി പിടിച്ച നിരോധനം എന്തിന് : സൈന്‍ പ്രിന്റിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം : ഉലകം മുഴുവന്‍ പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളും പ്ലാസ്റ്റിക്ക് കവറുകളും  നിരവധി നിലവിലിരിക്കേ ധൃതി പിടിച്ച് റീസൈക്കിളിങ്ങ് ചെയ്യാവുന്ന ഫ്‌ളക്‌സ് കേരളാ തദ്ദേശസ്വയംഭരണവകുപ്പ് നിരോധിച്ചത് പൂര്‍ണ്ണമായും ശാസ്ത്രീയ പഠനവും ശരിയായ നിരീക്ഷണവും ഇല്ലാതെയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍ പ്രകാരം റീയുസ് ചെയ്യാവുന്നതോ റീസൈക്കിള്‍ ചെയ്യാവുന്നതോ ആയ പ്രോഡക്റ്റുകള്‍ നിരോധിക്കരുത് എന്ന നിര്‍ദ്ദേശം നിലവിലുണ്ട്. ഫ്‌ളക്‌സ് റീസൈക്കിള്‍ ചെയ്ത് പുനരുപയോഗിക്കാവുന്നവയാണെന്ന് ഫ്‌ളക്‌സ് പ്രിന്റിങ്ങ് യൂണിറ്റുകളുടെ ഏകീകൃത സംഘടനയായ സൈന്‍ പ്രിന്റിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ വിവിധ പരീക്ഷണ ഗവേഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ഫ്‌ളക്‌സ് റീസൈക്കിളിങ്ങ് പ്ലാന്റിന് കേരളാ ഗവണ്‍മെന്റ് കേരളത്തില്‍ സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന്് അസോസിയേഷന്‍ പ്ലാന്റ് കര്‍ണാടകയില്‍ സ്ഥാപിച്ചു പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. കേരളത്തില്‍ നിന്നും ഉപയോഗശേഷമുള്ള ഫ്‌ളക്‌സുകള്‍ നിരവധി ലോഡുകള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്ലാന്റില്‍ റിസൈക്കിള്‍ ചെയ്യുന്നുമുണ്ട്.

ലക്ഷക്കണക്കിനു രൂപ ജി.എസ്.ടി. ഗവണ്‍മെന്റില്‍ അടച്ച് കോടിക്കണക്കിന് രൂപയുടെ ഫ്‌ളക്‌സ് നിലവില്‍ സ്റ്റോക്കുള്ള അനേകം ഡീലേഴ്‌സ് കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. കൂടാതെ ലക്ഷക്കണക്കിനു രൂപ ജി.എസ്.ടി. സര്‍ക്കാരിലടച്ച് ലക്ഷക്കണക്കിന് രുപയുടെ സ്റ്റോക്ക് ഫ്‌ളക്‌സ് പ്രിന്റിങ്ങ് യൂണിറ്റുകളില്‍ നിലവിലുണ്ട്. പൊതുവേ മാന്ദ്യത അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഡസ്ട്രിയില്‍ പ്രളയ ദുരിതങ്ങള്‍ സൃഷ്ട്ടിച്ച വെല്ലുവിളി ചെറുതല്ല. അതില്‍ നിന്നും കരകയറാന്‍ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ നിരോധനവും ഉദ്ദേശം 1500ല്‍ അധികം പ്രിന്റിങ്ങ് യൂണിറ്റുകളും പ്രത്യക്ഷമായും പരോക്ഷമായും 2ലക്ഷത്തിലധികം കുടുംബങ്ങള്‍ ഉപജിവനമാര്‍ഗ്ഗം തേടുന്നതുമായ ഒരുസ്വയം തൊഴില്‍ മേഖലയെ ഇല്ലാതാക്കുകയാണ് ഇത്തരം മുന്‍വിധിയോട് കൂടിയുള്ള ഓര്‍ഡറുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ വ്യവസായത്തില്‍ നിന്നും ഉണ്ടായേക്കാവുന്ന മാലിന്യം നമ്മള്‍ തന്നെ സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയില്‍ നമ്മുടെ സംഘടന പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിവരം കൃത്യമായി തദ്ധേശസ്വയംഭരണ വകുപ്പിനെ ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഒപ്പം താല്‍ക്കാലിക ആവശ്യങ്ങള്‍ക്കുള്ള പരസ്യപ്രചരണത്തിനുള്ള ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ 100% ബയോഡീഗ്രേഡബിള്‍ പ്രോഡക്റ്റുകളില്‍ മാത്രമേ ഞങ്ങള്‍ നിലവില്‍ പ്രിന്റ് ചെയുന്നുള്ളൂ. പെര്‍മെനന്റ് ആവശ്യങ്ങള്‍ക്കുള്ള ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങ്‌സുകള്‍ എന്നിവ ഞങ്ങള്‍ തന്നെ പ്രിന്റ് ചെയ്ത് ഫിറ്റ് ചെയ്ത് കാലാവധിക്കുശേഷം കൃത്യമായി ഞങ്ങള്‍ തന്നെ തിരികെയെടുത്ത് വേസ്റ്റാവാതെ റീസൈക്കിളിങ്ങിന് കൊണ്ടുപോവുന്നതാണെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും ധൃതിപിടിച്ച് ഫ്‌ളക്‌സുമാത്രം നിരോധിച്ചതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഞങ്ങള്‍ ഉറപ്പിച്ചുപറയുന്നു.

ചെറുകിടക്കാരായ വ്യാപാരി വ്യവസായികളുടെ ബിസിനസ്സ് ഉന്നമനത്തിനുവേണ്ടിയുള്ള ഏറ്റവും ചിലവുകുറഞ്ഞ പരസ്യ പ്രചരണ മീഡിയയാണ് ഫ്‌ളക്‌സ്. ഫ്‌ളക്‌സ് നിരോധിക്കുന്നതുമൂലം താരതമ്യേന ചെറുകിട വ്യവസായ സംരംഭകരുടെ ബിസിനസ്സിനെ സാരമായി ബാധിക്കുമെന്ന് മാത്രമല്ല സര്‍ക്കാരിന് ജി.എസ്.ടി. ഇനത്തിലും മറ്റും വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യും. ഇതൊന്നും ശരിയായി പഠിക്കാതെ കോര്‍പ്പറേറ്റുകളെ സാഹായിക്കുക എന്ന ലക്ഷ്യത്തോടെ വളരെ ലാഘവത്തോടെയാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപ കിടപ്പാടം വരെ പണയം വെച്ച് ലോണെടുത്തും മറ്റും പ്രിന്റിങ്ങ് സ്ഥാപനങ്ങള്‍ നടത്തുന്നവരെയും ഇതുവഴി ഉപജീവനമാര്‍ഗം നടത്തിവരുന്ന ലക്ഷക്കണക്കിന് ആളുകളുടെയും ചോറില്‍ മണ്ണ് വാരി ഇടുന്ന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു. നഷ്ടത്തില്‍ പോയിക്കൊണ്ടിരിക്കുന്ന പ്രിന്റിങ്ങ് യൂണിറ്റുകള്‍ക്ക് കൂനില്‍മേല്‍ കുരു എന്ന രീതിയിലുള്ള ഫ്‌ളക്‌സ് നിരോധന പ്രഖ്യാപനം പിന്‍വലിച്ച് നിരവധി കുടുംബങ്ങളെ ആത്മഹത്യാഭീഷണിയില്‍ നിന്നും ഒഴിവാക്കാനുള്ള തത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു.