താമസിക്കുന്ന വീടും പണിതുയരാത്ത തറയും സങ്കട കടലാണ് ജീവിതം

താമസിക്കുന്ന വീടും പണിതുയരാത്ത തറയും സങ്കട കടലാണ് ജീവിതം

സ്വന്തം ലേഖകൻ

പരപ്പനങ്ങാടി: ഉല്ലാസയാത്രക്കിടെ താനൂര്‍ കെട്ടുങ്ങല്‍ അഴിമുഖത്തിന് സമീപം നടന്ന ബോട്ടപകടത്തില്‍ ജീവന്‍ പൊലിഞ്ഞ 11 പേരുള്‍പ്പെടെ രണ്ട് കുടുംബങ്ങള്‍ ഒന്നിച്ച്‌ കഴിഞ്ഞിരുന്ന ഒറ്റമുറി വീട് ഇപ്പോള്‍ ഹൃദയഭേദകമാണ്.വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ കുന്നുമ്മല്‍ വീട്ടിലെ ഗൃഹനാഥന്മാരായ സെയ്തലവിയുടെയും സിറാജിന്റെയും അന്തിയുറക്കം തൊട്ടടുത്ത ബന്ധുവിന്റെ വീട്ടിലായിരുന്നു.ഇല്ലായ്മയുടെ ഒറ്റമുറിയില്‍ ഒറ്റപ്പായ വിരിച്ച്‌ കിടന്നുറങ്ങാന്‍ ശീലിച്ച സെയ്തലവിയുടെ ഭാര്യ സീനത്തും സിറാജിന്റെ ഭാര്യ റസീനയും ഇരുവരുടെയും മക്കളും പുത്തന്‍കടപ്പുറത്ത് ഖബര്‍സ്ഥാനില്‍ സമീപഖബറുകളില്‍ അന്തിയുറങ്ങുകയാണ്.

സെയ്തലവിയുടെ മക്കളും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുമായ അസ്ന, ഷംന, അനുജത്തിമാരായ ഷഫ്ല ഷറിന്‍, ഫിദ ദില്‍ന, സിറാജിന്‍റെ മക്കളായ മൂന്നാം ക്ലാസുകാരി ഷഹ്റ, ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി റുഷ്ദ, പത്തുമാസം പ്രായമുള്ള നൈറ ഫാത്തിമ എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.ഉറ്റവരെല്ലാം കൈവിട്ട്, ദ്രവിച്ചാടിയ ഒറ്റമുറി ഓടുപുരക്ക് താഴെ നിലക്കാതെ കണ്ണീര്‍ വാര്‍ക്കുകയാണ് സെയ്തലവിയും സിറാജും മാതാവ് റുഖിയയും. നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടാനുള്ളതല്ലെന്ന ഉറച്ചബോധ്യത്തിലും നിന്നുതിരിയാനിടമില്ലാത്ത ഒറ്റമുറിയില്‍ തടിച്ചു കൂടിയവരുടെ കണ്ണുകളിലേക്കുറ്റുനോക്കുകയാണിവര്‍. ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയ മാതാവിനോടും മക്കളോടും എന്ത് പറയണമെന്നറിയാതെ ക്ഷമ കൊണ്ട് ഉപദേശിക്കുകയാണ് എല്ലാവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ല പഠനനിലവാരം പുലര്‍ത്തിയിരുന്ന മക്കളും ഏറെക്കാലമായി സ്വപ്നം നെയ്ത, ഇനിയും പടുത്ത് ഉയരാത്ത തറയും മാത്രമായിരുന്നു ഈ കുടുംബത്തിന്റെ ജീവിതസമ്ബാദ്യം. വീടെന്ന സ്വപ്നപദ്ധതിയുടെ തറ ഇനി തളിരിടുമെന്ന് പ്രതീക്ഷിക്കാമെങ്കിലും വീട്ടില്‍ ഓടി കളിക്കേണ്ട പ്രകാശകിരണങ്ങള്‍ മിഴിയടച്ചതിന്റെ ഇരുള്‍പാടുകള്‍ എങ്ങിനെ മാറുമെന്നാണ് ഏവരുടെയും ഉള്ളുലക്കുന്ന ചോദ്യം.