play-sharp-fill
പിങ്ക് പൊലീസ് കേസ്; കുട്ടിക്ക് നഷ്ടപരിഹാരം കൊടുത്തേ തീരൂ എന്ന് ഹൈക്കോടതി; സർക്കാരിനെതിരെ രൂക്ഷ വിമർശനം

പിങ്ക് പൊലീസ് കേസ്; കുട്ടിക്ക് നഷ്ടപരിഹാരം കൊടുത്തേ തീരൂ എന്ന് ഹൈക്കോടതി; സർക്കാരിനെതിരെ രൂക്ഷ വിമർശനം

സ്വന്തം ലേഖിക

കൊച്ചി: പിങ്ക് പൊലീസ് കേസില്‍ സര്‍ക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി.


സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നത് എന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കേസ് ഇനി തിങ്കളാഴ്ചയായിരിക്കും പരിഗണിക്കുക. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കുവാന്‍ ആവുമോ എന്നുള്ളത് അന്ന് സര്‍ക്കാര്‍ അറിയിക്കണം.

ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഡിജിപി ഈ ഉദ്യോഗസ്ഥയെ ഇങ്ങനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അത് അവര്‍ക്ക് ദോഷം ചെയ്യുമെന്നാണ് കോടതി മുന്നറിയിപ്പ്.

പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയ ശേഷം കുട്ടി കരഞ്ഞില്ല എന്ന് സംസ്ഥാന ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ആരെ സംരക്ഷിക്കാന്‍ ആണെന്നാണ് കോടതി ചോദിച്ചത്. ജനം കൂടിയപ്പോള്‍ ആണ് കുട്ടി കരഞ്ഞത് എന്ന് ഡിജിപി പറയുന്നത് തെറ്റാണെന്നും വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ അഭിഭാഷകന്‍ എന്തിനാണ് വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു.

കുട്ടിക്ക് മാനസിക പിന്തുണ മാത്രമല്ല വേണ്ടത്, നീതി കിട്ടിയെന്ന് കുട്ടിക്ക് തോന്നണമെന്ന് കോടതി പറഞ്ഞു. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതാണ് എന്നാണ് തനിക്ക് തോന്നുന്നതെന്ന് കേസ് പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കുട്ടിക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നാണ് കോടതി നിലപാട്. അച്ഛന്‍ അദ്ദേഹത്തിനുണ്ടായ നഷ്ടം നിയമപരമായി നേടിയെടുക്കട്ടേ, പക്ഷേ കുട്ടിക്കുള്ള നഷ്ടപരിഹാരം കൊടുത്തേ മതിയാവൂ.

നമ്പി നാരായണന് കൊടുത്തത് പോലെ നഷ്ടപരിഹാരം കൊടുക്കണമെന്നും അത് എത്ര എന്നുള്ളത് പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കോടതിയില്‍ ഹാജരായിരുന്നു. ഇപ്പോള്‍ കുട്ടിയുടെ മാനസിക ആരോഗ്യത്തില്‍ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍ കോടതിയെ അറിയിച്ചത്.