play-sharp-fill
പ്രതീക്ഷിച്ച വിജയം നേടാനായില്ല : ജനവിധി ആഴത്തിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും: മുഖ്യമന്ത്രി

പ്രതീക്ഷിച്ച വിജയം നേടാനായില്ല : ജനവിധി ആഴത്തിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും: മുഖ്യമന്ത്രി

 

തിരുവനന്തപുരം:ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തിന്‍റേയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്‍റേയും  പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം  വ്യക്തമാക്കുന്നത്.

വർഗീയതയും വിഭാഗീയതയും ഉയർത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യൻ ജനത തകർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല.

2019 ലേതിന് ഏറെക്കുറെ  സമാനമായ ഫലമാണുണ്ടായത്.

ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്‍റെ  പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കും.

പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കും.

സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കും.

തൃശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയം  ഗൗരവത്തോടെ കാണുകയാണ്.

ജനാധിപത്യത്തിന്‍റേയും  മതേതരത്വത്തിന്‍റേയും മാതൃകയായ നമ്മുടെ നാട്ടിൽ ബിജെപി ആദ്യമായി  ലോക്സഭ മണ്ഡലം വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്.

അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ്ടതാണ്.

ആ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചും മതനിരപേക്ഷ മൂല്യങ്ങൾക്കായി സമർപ്പണ ബോധത്തോടെ പ്രവർത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു പോകും.

ജനങ്ങളെ ചേർത്തു നിർത്തി നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി അടിയുറച്ച നിലപാടുകളുമായി  മുന്നേറുന്നതിനുള്ള സമഗ്രവും സൂക്ഷ്മതലത്തിലുള്ളതുമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രവർത്തിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നു.

ജനാധിപത്യം  സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടിൽ ബിജെപിക്കെതിരെ വോട്ടുചെയ്ത രാജ്യത്താകെയുള്ള സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.