പരനാറി അടക്കമുള്ള പിണറായിയുടെ പദപ്രയോഗങ്ങള്‍ അന്ന് അണികള്‍ ആവേശത്തോടെ സ്വീകരിച്ചു: ഇപ്പോള്‍ പ്രസംഗത്തില്‍ ആ ആവേശം കൊളളിക്കുന്ന ശൈലി മുഖ്യമന്ത്രിക്കില്ല: മുഖ്യമന്ത്രിയുടെ പല പരാമര്‍ശങ്ങളും പിന്നീട് പ്രസ്താവന ഇറക്കി തിരുത്തുകയോ വിശദീകരിക്കുകയോ ചെയ്യുന്നു; പ്രചരണം നയിക്കാന്‍ ആളില്ലാത്ത പ്രതിസന്ധിയില്‍ സിപിഎം
തിരുവനന്തപുരം:കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം സിപിഎമ്മിന്റെ സ്റ്റാര്‍ ക്യാംപയ്നര്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും മുഖ്യമന്ത്രി ആയപ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി.
പ്രായാധിക്യം മൂലം വിഎസ് വിശ്രമത്തിലേക്ക് പോയതോടെ പിണറായി എന്ന ഒറ്റ നേതാവിനെ വട്ടമിട്ടാണ് സിപിഎം രാഷ്ട്രീയം ചലിച്ചിരുന്നത്. 2016ലെ വിജയത്തിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പും പിണറായി തന്നെയാണ് നയിച്ചത്. ഉപതിരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രി ഓടിനടന്ന് പ്രസംഗിക്കുകയും ചെയ്തു. തുടർഭരണം എന്ന നേട്ടത്തിലേക്ക് മുന്നണിയെ നയിച്ചതും പിണറായി തന്നെയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഒരുപറ്റം ആരോപണങ്ങളുടെ പേരില്‍ പിണറായി സംശയ നിഴലിലാണ്. മന്ത്രിസഭയിലെ മറ്റാർക്കെതിരെയും ഗൗരവമുള്ള ഒരാരോപണവും ഉണ്ടാകാതിരിക്കുകയും മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉയരുകയും ചെയ്യുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഇരട്ടചങ്കനെന്നും ക്യാപ്റ്റനെന്നും വിളിച്ച് സിപിഎം ആഘോഷമാക്കിയിരുന്ന പിണറായിക്ക് ഇന്ന് ആ സ്വീകാര്യതയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഘടകകക്ഷികള്‍ക്കും മുഖ്യമന്ത്രിയോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ തൃക്കാക്കരയിലും പാലയിലും കണ്ടതുപോലെ മുഖ്യമന്ത്രി തന്നെ മുന്നില്‍ നിന്ന് ഉപതിരഞ്ഞെടുപ്പ് നയിക്കുന്ന കാഴ്ച പാലക്കാടും ചേലക്കരയിലും കാണാനില്ല. പേരിന് ചില പൊതുയോഗങ്ങളില്‍ മാത്രം ഒതുങ്ങുകയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യം. പ്രായവും പിണറായി എന്ന പോരാളിയെ തളര്‍ത്തുന്നുണ്ട് എന്നത് വസ്തുതയാണ്.
ഇതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പഴയ മൂര്‍ച്ചയില്ലെന്ന വിലയിരുത്തലുമുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അണികളെ ആവേശത്തിലാക്കിയും എതിരാളികള്‍ക്കെതിരെ കടന്നാക്രമണം നടത്തിയുമുള്ള പിണറായിയുടെ പ്രസംഗരീതി കേരളം ഏറെ കണ്ടതാണ്. പരനാറി അടക്കമുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുള്ള പ്രസംഗങ്ങള്‍ അണികള്‍ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രസംഗത്തില്‍ ആ ആവേശം കൊളളിക്കുന്ന ശൈലി മുഖ്യമന്ത്രിക്കില്ല. മുഖ്യമന്ത്രിയുടെ പല പരാമര്‍ശങ്ങളും പിന്നീട് പ്രസ്താവന ഇറക്കി തിരുത്തുകയോ വിശദീകരിക്കുകയോ ചെയ്യേണ്ട സാഹചര്യവും അടിക്കടി ഉണ്ടാകുന്നു.
പി ജയരാജന്റെ പുസ്തക പ്രകാശനത്തില്‍ പൂര വിവാദത്തില്‍ നടത്തിയ പ്രസംഗം വിവാദത്തിന് തിരികൊളുത്തിയതോടെ ഇങ്ങനെ വിശദീകരിക്കേണ്ടി വന്നതാണ് ഒടുവിലത്തെ ഉദാഹരണം. ഇത് പിണറായി ശൈലിയിലെ പുതിയ കാഴ്ചയാണ്. അത്രമാത്രം ആലോചിച്ച് ഉറപ്പിച്ച് പ്രസംഗിക്കുന്നയാള്‍ ആയിരുന്നു പിണറായി.
: പൂരം അലങ്കോലമായെന്ന് പറഞ്ഞാല്‍ സംഘപരിവാറിന്റെ ബി ടീമാകും; മുഖ്യമന്ത്രിയുടെ നിലപാടില്‍ കറങ്ങി സിപിഐ; എന്ത് പ്രതികരിക്കണമെന്ന് അറിയാതെ നേതൃത്വം
പിണറായി അല്ലാതെ മറ്റാര് എന്നത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന ചോദ്യമാണ്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് അടക്കമുളള നേതാക്കള്‍ക്ക് ജനക്കൂട്ടത്തെ ആകര്‍ഷിക്കാൻ കഴിയില്ല. താത്വികമായ അവലോകനങ്ങള്‍ നിരത്തിയുള്ള ഗോവിന്ദന്റെ പ്രസംഗശൈലി അണികളെ ആവേശത്തിലാക്കുകയുമില്ല.
സീതാറാം യെച്ചൂരിയുടെ മരണത്തോടെ സ്വീകാര്യതയുള്ള ഒരു ജനറല്‍ സെക്രട്ടറിയേയും നഷ്ടമായിരിക്കുകയാണ്. കൂട്ടായ ശ്രമത്തിലൂടെ ഈ വെല്ലുവിളികളെ മറികടക്കാനാണ് സിപിഎം ശ്രമം. അത് എത്രകണ്ട് വിജയിക്കുമെന്ന് അറിയാൻ ഈ തിരഞ്ഞെടുപ്പ് ഫലം വരണം.