‘പ്രിയസഖാവ് വി.എസിന് ഹൃദയം നിറഞ്ഞ ആശംസകള്‍’; മുഖ്യമന്ത്രി പിണറായി വിജയന്
99ാം പിറന്നാള്‍ ആഘോഷിക്കുന്ന വി എസ് അച്യുതാനന്ദന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഎസിന്റെ ചിരിക്കുന്ന പഴയ ഫോട്ടോ ആശംസയ്ക്കൊപ്പം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചു.
‘തൊണ്ണൂറ്റിയൊന്‍പതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം നിറഞ്ഞ ആശംസകള്‍…’എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.
ചികിത്സയിലും വിശ്രമത്തിലും കഴിയുന്ന വി എസ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇന്ന് 99 ആം ജന്മദിനം ആഘോഷിക്കുന്നത്. സന്ദര്‍ശനത്തിന് നിയന്ത്രണമുളളതിനാല്‍ ഫോണിലൂടെയാണ് നേതാക്കളും സ്നേഹിതരും വി എസിന് ആശംസകള്‍ നേരുന്നത്.
ആരോഗ്യപ്രശ്നങ്ങള്‍ മൂലം കഴിഞ്ഞ 3 വര്‍ഷമായി പൂര്‍ണ വിശ്രമത്തിലാണ് വി എസ് എന്ന കേരളത്തിന്റെ വിപ്ലവ പ്രതീകം. മകന് വി എ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലെ വീട്ടില്‍ ഡോക്ടര്‍മാരുടെ സമ്പൂര്‍ണ പരിചരണത്തിലാണ് അദ്ദേഹം. പൊതുരംഗത്ത് സജീവമല്ലെങ്കിലും രാഷ്ട്രീയ സ്പന്ദനങ്ങള്‍ വി എസ് ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്ന് മകന് അരുണ്‍കുമാര്‍ പറഞ്ഞു.