play-sharp-fill
‘ആള്‍ദൈവങ്ങളെ ആദരിക്കുന്നു ; പാട്ടകൊട്ടിയും ടോര്‍ച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളര്‍ത്താന്‍ കഴിയില്ല’ : മുഖ്യമന്ത്രി

‘ആള്‍ദൈവങ്ങളെ ആദരിക്കുന്നു ; പാട്ടകൊട്ടിയും ടോര്‍ച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളര്‍ത്താന്‍ കഴിയില്ല’ : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാട്ടകൊട്ടിയും ടോര്‍ച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളര്‍ത്താന്‍ കഴിയില്ല. ഇത്തരം അബദ്ധങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍തന്നെ പ്രചരിപ്പിക്കുമ്പോള്‍ അവയിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടേണ്ട സാമൂഹികമായ ഉത്തരവാദിത്വം ശാസ്ത്രവുമായി ചേര്‍ന്നു നില്‍ക്കുന്ന എല്ലാവര്‍ക്കുമുണ്ട്. അവരത് ഏറ്റെടുക്കണമെന്നും വെറുപ്പിന്റെ ആശയങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി പൊതു സമൂഹത്തിന്റെ മനസാക്ഷി ഉണര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് ലോക്ഡൗണ്‍ സമയത്തു ജനങ്ങളോടു പാത്രം കൊട്ടാനും മറ്റും പ്രധാനമന്ത്രി നിര്‍ദേശിച്ചതു സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രം സമൂഹത്തില്‍ വേരോടാതിരിക്കാനുള്ള ശ്രമങ്ങള്‍ ചില അധികാരകേന്ദ്രങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. വെറുപ്പിന്റെ ആശയങ്ങളും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കേരളത്തില്‍ വേരോടാത്തത് പണ്ടുമുതല്‍ തന്നെ നിഷ്‌കര്‍ഷത വച്ചതിനാലാണ്. ദൈവദശകത്തിനൊപ്പം സയന്‍സ് ദശകവും ഉണ്ടായ നാടാണിത്. ആരാധനാലയങ്ങളല്ല, വിദ്യാലയങ്ങളാണ് ഉയരേണ്ടതെന്ന ഉദ്‌ബോധനം ഉണ്ടായ നാടാണിത്. ശാസ്ത്രത്തെ നോക്കുകുത്തിയാക്കി ആള്‍ദൈവങ്ങളെ ആദരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ജനകീയ കല പോലെ ശാസ്ത്രത്തെയും പ്രചരിപ്പിക്കണം. ശാസ്ത്രം കൊള്ളലാഭത്തിനുള്ള ഉപാധിയാകരുത്. ശാസ്ത്രീയ അടിത്തറയുള്ളതു കൊണ്ടാണ് വിദ്വേഷ രാഷ്ട്രീയം കേരളത്തിലോടാത്തത്. ഉത്തരവാദപ്പെട്ടവര്‍ ശാസ്ത്ര വിരുദ്ധത പറയുകയാണ്. മതമാണ് രാജ്യപുരോഗതിക്കുള്ള വഴിയെന്ന് പ്രചരിപ്പിക്കുന്ന ഇതിന്റെ ഫലം പാരതന്ത്ര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയ ജനകീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരം സമരങ്ങള്‍ക്കും ബോധവത്കരണത്തിനും വേണ്ട അധികാരം ഭരണഘടനതന്നെ തരുന്നുണ്ട്. ആ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ് യാര്‍ഥ രാജ്യസ്നേഹികള്‍ ചെയ്യേണ്ടത്. ശാസ്ത്രബോധം വളര്‍ത്തണം എന്നാവശ്യപ്പെടുന്ന ഭരണഘടന പ്രകാരം സ്ത്യപ്രതിജ്ഞ ചെയ്തവര്‍തന്നെ ശാസ്ത്രബോധം തകര്‍ക്കുന്ന യുക്തിരഹിതമായ പ്രസ്താവനകള്‍ നടത്തുന്നു.

കേരളം ഭരണഘടനാപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. അതിന്റെ ഭാഗമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള. കേരളത്തിന്റെ ഓരോ കോണിലും ശാസ്ത്ര പ്രചാരണ സംവിധാനങ്ങള്‍ നിലവില്‍ വരുത്തുക. അവയെല്ലാം പൊതു സമൂഹത്തിന് ഉപയോഗപ്പെടുന്ന രീതിയില്‍ വളര്‍ത്തുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.