പിണറായിക്ക് മുന്നിൽ മുട്ടിടിക്കില്ല: ധർമ്മടത്ത് പിണറായിയോട് മുട്ടിനോക്കാൻ മുല്ലപ്പള്ളി രാമചന്ദ്രനിറങ്ങിയേക്കും: സുധാകരൻ പിൻ വാങ്ങിയിടത്ത് പോരിനിറങ്ങാൻ കെ.പി.സി.സി പ്രസിഡൻ്റ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിന് ശക്തനെ തന്നെ രംഗത്തിറക്കാൻ കെ.പി.സി.സി. മുഖ്യമന്ത്രി പിണറായി വിജയന് പിന്നിൽ കോൺഗ്രസിന് മുട്ടിടിച്ചെന്ന പ്രചാരണം ശക്തമായിരിക്കെയാണ് ഇത് മറികടക്കാൻ കെ.പി.സി.സി പ്രസിഡൻ്റിനെ തന്നെ കോൺഗ്രസ് രംഗത്തിറക്കുന്നത്.
പിണറായിക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന് സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മത്സരത്തിന് കെ സുധാകരന്‍ വിസമ്മതം അറിയിച്ചതോടെയാണ് ഇത്. കണ്ണൂര്‍ ലോക്‌സഭയെ പ്രതിനിധീകരിച്ച മുല്ലപ്പള്ളി എവിടെ വേണമെങ്കിലും മത്സരിക്കാമെന്ന നിലപാട് നേരത്തെ എടുത്തിരുന്നു. സുധാകരന്‍ പിന്മാറിയ സാഹചര്യത്തില്‍ പുതിയ തീരുമാനം ഹൈക്കമാണ്ടിനെ അറിയിച്ചു. എകെ ആന്റണിയാകും ഇക്കാര്യത്തില്‍ അന്തിമ നിലപാട് എടുക്കുക. മുല്ലപ്പള്ളിയുടെ നിര്‍ദ്ദേശം പ്രായോഗികമാണെന്ന് തോന്നിയാല്‍ മുല്ലപ്പള്ളി ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അല്ലെങ്കില്‍ സി രഘുനാഥാകും മത്സരിക്കുക. നേരത്തേയും ഏത് സീറ്റില്‍ വേണമെങ്കിലും മത്സരിക്കാമെന്ന് മുല്ലപ്പള്ളി നിലപാട് എടുത്തിരുന്നു. നേമത്തോ വട്ടിയൂര്‍ക്കാവിലോ ധര്‍മ്മടത്തോ മത്സരിക്കാമെന്നായിരുന്നു നിലപാട്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മത്സരിക്കുന്നതിനെ സംസ്ഥാനത്തെ നേതാക്കള്‍ എതിര്‍ത്തു. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയിലും മറ്റും മുല്ലപ്പള്ളി സജീവമായി. നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കാന്‍ ധാരണയായി. ഇതിന് ശേഷം ധര്‍മ്മടത്ത് കെ സുധാകരനേയും മനസ്സില്‍ കണ്ടു. എന്നാല്‍ കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ സുധാകരനെ അതിന് സമ്മതിച്ചില്ല. ഈ സാഹചര്യത്തില്‍ സുധാകരന്‍ പിന്മാറി. ഇതോടെയാണ് ധര്‍മ്മടത്തെ അതിശക്തനാകാന്‍ മുല്ലപ്പള്ളി സമ്മതം അറിയിക്കുന്നത്.
എന്നാല്‍ സി രഘുനാഥിന്റെ പേരാണ് കണ്ണൂര്‍ ഡിസിസി മുമ്പോട്ട് വയ്ക്കുന്നത്. മുല്ലപ്പള്ളിയുടേയും രഘുനാഥിന്റേയും പേരുകളാണ് കെപിസിസിയും പരിഗണിച്ച് ഹൈക്കമാണ്ടിനെ അറിയിച്ചത്. നേരത്തെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത് മുല്ലപ്പള്ളിയാണ്. എന്നാല്‍ ധര്‍മ്മടത്തെ പേര് ഹൈക്കമാണ്ട് പ്രഖ്യാപിക്കുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. തന്റെ പേരും സാധ്യതാ പട്ടികയിലുള്ളതു കൊണ്ടാണ് ഇത്. ഈ പട്ടികയില്‍ എകെ ആന്റണിയാകും അന്തിമ തീരുമാനം എടുക്കുക. ധര്‍മ്മടം ചലഞ്ച് മുല്ലപ്പള്ളി ഏറ്റെടുത്താല്‍ അത് കോണ്‍ഗ്രസിന് ഊര്‍ജ്ജവും ആവേശവുമാകും. കെ മുരളീധരനെ പോലെ ധൈര്യമുള്ള നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്ന സന്ദേശവും കിട്ടും.
ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍ എം പി നേരത്തെ പറഞ്ഞിരുന്നു. കെപിസിസിയും ഹൈക്കമാന്‍ഡും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാല്‍ മത്സരിക്കാനാവില്ലെന്ന് അറിയിച്ചെന്നും സുധാകരന്‍ വിശദീകരിച്ചു കഴിഞ്ഞു. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വുമായി ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ വിമുഖതയുണ്ടെന്ന് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനുള്ള സമയം ലഭിച്ചില്ലെന്നും അദ്ദേഹം ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു. പകരം ധര്‍മടത്ത് ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു.
സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ മാധ്യമങ്ങളോട് പറയുകയുണ്ടായിരുന്നു. പിന്നാലെ തനിക്ക് കൂടിയാലോചനകള്‍ നടത്താന്‍ ഒരു മണിക്കൂര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുധാകരനും അറിയിച്ചു. ധര്‍മടത്ത് കഴിഞ്ഞ രണ്ടു തവണ മത്സരിച്ച മമ്പറം ദിവാകരന്‍ ഇത്തവണ മത്സരത്തിനില്ലെന്ന് അറിച്ചതോടെ ആരെ മത്സരിപ്പിക്കുമെന്ന അനിശ്ചിതത്വം കോണ്‍ഗ്രസില്‍ ഇപ്പോഴും തുടരുകയാണ്.ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ തീരുമാനം. ചര്‍ച്ചകള്‍ തന്റെ നേരെ വന്നപ്പോള്‍ സുധാകരന്‍ തന്നെയാണ് രഘുനാഥിനെ നിര്‍ദ്ദേശിച്ചിരുന്നത്.
വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധര്‍മടത്ത് മത്സരിക്കുമെന്ന് അറിയച്ചതോടെ അവരെ പിന്തുണയ്ക്കുമെന്ന സാഹചര്യത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങി. കെപിസിസി അധ്യക്ഷനും ആ നിലക്ക് പ്രസ്താവനയിറക്കി. പക്ഷേ രണ്ടുദിവസമായിട്ടും തീരുമാനമൊന്നുമായില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാത്ത സാഹചര്യത്തില്‍ ധര്‍മടം മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായായി രംഗത്തെത്തി. കെ.സുധാകരന്‍തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ മണ്ഡലം കമ്മിറ്റി നേതാക്കള്‍ അദ്ദേഹത്തെ കാണുകയുംചെയ്തു. പാര്‍ട്ടിയുടെ നയത്തില്‍ പ്രതിഷേധിച്ച് മെഹറൂഫ് എന്ന കോണ്‍ഗ്രസ് നേതാവ് വിമതനായി പത്രിക നല്‍കാനും തിരുമാനിച്ചു. ബുധനാഴ്ച രാത്രിയോടെ കെ.സുധാകരന്‍തന്നെ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ഉയര്‍ന്നത്. സുധാകന്‍ മത്സരിക്കുന്നതിനായി ഹൈക്കമാന്‍ഡും പച്ചക്കൊടി കാട്ടിയിട്ടുണ്ട്. എന്നാല്‍ സുധാകരന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ഈ വെല്ലുവളി സ്വയം ഏറ്റെടുക്കാന്‍ മുല്ലപ്പള്ളി സന്നദ്ധത അറിയിക്കുകയായിരുന്നു.