play-sharp-fill
രണ്ടാം പിണറായി സര്‍ക്കാരിന് കിട്ടുന്നതെല്ലാം എട്ടിന്റെ പണി ; ഡിപ്ലോമാറ്റിക് പെട്ടി മുതല്‍ വിദേശിയുടെ ജട്ടി വരെ കുരുക്കായി; സ്വപ്ന മുതല്‍ ശബരീനാഥ് വരെയുള്ളവരെ കുരുക്കാന്‍ ശ്രമിച്ചിട്ടും പണിപാളി ; കേഡര്‍ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ഇപ്പോള്‍ വാതുറന്നാല്‍ കോമഡി; രാഷ്ട്രീയ കേരളം ചോദിക്കുന്നു ?എന്താണ് നേതാക്കൻമാരെ നിങ്ങൾക്കൊക്കെ പറ്റിയത് ?

രണ്ടാം പിണറായി സര്‍ക്കാരിന് കിട്ടുന്നതെല്ലാം എട്ടിന്റെ പണി ; ഡിപ്ലോമാറ്റിക് പെട്ടി മുതല്‍ വിദേശിയുടെ ജട്ടി വരെ കുരുക്കായി; സ്വപ്ന മുതല്‍ ശബരീനാഥ് വരെയുള്ളവരെ കുരുക്കാന്‍ ശ്രമിച്ചിട്ടും പണിപാളി ; കേഡര്‍ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ഇപ്പോള്‍ വാതുറന്നാല്‍ കോമഡി; രാഷ്ട്രീയ കേരളം ചോദിക്കുന്നു ?എന്താണ് നേതാക്കൻമാരെ നിങ്ങൾക്കൊക്കെ പറ്റിയത് ?

 

സ്വന്തം ലേഖിക

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ വാങ്ങിക്കൂട്ടുന്നത് എട്ടിന്റെ പണികൾ . സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു ശേഷം സര്‍ക്കാര്‍, പ്രത്യേകിച്ച്‌ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്ന നിലപാടുകള്‍ എല്ലാം പാളുന്ന കാഴ്ച്ചയാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.


ഏറ്റവും ഒടുവിലായി യൂത്ത് കോണ്‍​ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ എസ് ശബരിനാഥിനെ അറസ്റ്റ് ചെയ്തതും തൊട്ടുപിന്നാലെ കോടതി വിട്ടയച്ചതും സംസ്ഥാന സര്‍ക്കാരിന് നാണക്കേടായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യത്തില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും എന്താണ് സംഭവിക്കുന്നത് എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ പാളിച്ചകളും നേതാക്കന്മാരുടെ വാക്കുപിഴയുമെല്ലാം അച്ചടക്കമുള്ള കേഡര്‍ പാര്‍ട്ടിയില്‍ നിന്നും കോമഡി പാര്‍ട്ടിയായി സിപിഎമ്മിനെ മാറ്റുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് തനിച്ചു നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുമ്ബോള്‍ മൗനമല്ലാതെ മറ്റൊന്നും പിണറായി വിജയനില്‍ നിന്നും ഉണ്ടായിരുന്നില്ല. തൊട്ടു പിന്നാലെയാണ് ജനപക്ഷം നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ്ജിനെ പീഡനക്കേസില്‍ അകത്തിടാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം പാളുന്നത്.

എച്ച്‌ ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്റെ അറസ്റ്റും പ്രതികാരമായിരുന്നു. സ്വര്‍ണ്ണ കടത്തില്‍ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിന് ശേഷം ഷാജ് കിരണ്‍ നടത്തിയ ഇടപെടലും പൊളിഞ്ഞു. അങ്ങനെ എവിടെയോ എല്ലാം പിഴയ്ക്കുകയാണ്. പ്രതികാര വഴിയില്‍ സര്‍ക്കാര്‍ നീങ്ങുന്നു. എകെജി സെന്റര്‍ ബോംബാക്രമണ കേസിലെ പ്രതിയെ കണ്ടു പിടിക്കാന്‍ പൊലീസിന് കഴിയുന്നുമില്ല. ഇതെല്ലാം സിപിഎമ്മിനേയും ചിന്തിപ്പിക്കുന്നുണ്ട്. എന്നാല്‍ ശബ്ദിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. വിമര്‍ശനങ്ങളെ പ്രതികാരത്തോടെ കാണുന്ന നയമാണ് ആഭ്യന്തര വകുപ്പിന്റേതെന്ന വാദം ശക്തമാണ്.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നത് പ്രതിഷേധം മാത്രമാണ്. അതില്‍ വധശ്രമ കേസ് ഇട്ടതും തിരിച്ചടിയായി. വീണ്ടും വീണ്ടും ഇപി ജയരാജനെതിരായ വിമാനക്കമ്ബനി നടപടി ചര്‍ച്ചയാകുന്നു. ഇന്‍ഡിഗോ വിമാനത്തിന്റെ ബസ് അടക്കം പിടിച്ചെടുത്താണ് പ്രതികാരം. ഇതിനെല്ലാം പിന്നില്‍ ആഭ്യന്തര വകുപ്പാണെന്ന വിമര്‍ശനവും സജീവമാണ്. ആഭ്യന്തരവകുപ്പിന്റെയും പൊലീസിന്റെയും അമിതോത്സാഹത്തിന് കിട്ടിയ തിരിച്ചടികളില്‍ ഒടുവിലത്തേതാണ് കെ.എസ്.ശബരീനാഥനു ലഭിച്ച ജാമ്യം. ആഭ്യന്തര വകുപ്പിന്റെ മാറുന്ന പ്രവര്‍ത്തനശൈലി ഗുണത്തെക്കാള്‍ ദോഷമെന്നു ചിന്തിക്കുന്ന ഒരു വിഭാഗം സിപിഎം നേതൃത്വത്തിലുണ്ട്.

ഈ തിരിച്ചടികള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് പ്രതിപക്ഷം വിരല്‍ ചൂണ്ടിയത്. അവിടത്തെ പുതിയ അമിതാധികാര ശക്തികള്‍ എന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ദേശിച്ചത് മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ തന്നെ. പുത്തലത്ത് ദിനേശനു പകരം ശശി ആ പദവി ഏറ്റെടുത്തതോടെയാണ് പുതിയ ചര്‍ച്ചകള്‍ തുടങ്ങിയത്. സ്വപ്ന സുരേഷിന്റെ സുഹൃത്തും സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതികളില്‍ ഒരാളുമായ സരിത്തിനെ തിരക്കിട്ട് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തതു മുതലാണ് വിവാദം തുടങ്ങിയത്.

വിജിലന്‍സിന്റെ ചട്ടങ്ങള്‍ ലംഘിച്ചുള്ള നടപടിയെ വിവരക്കേടായാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശേഷിപ്പിച്ചത്. പി.സി.ജോര്‍ജിന്റെ രണ്ട് അറസ്റ്റുകള്‍ ഇതിനു ശേഷം വാര്‍ത്തകളില്‍ ഇടംപിടിച്ചു. വിവാദ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയ ജോര്‍ജിനെ അതുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം സരിത നായരുടെ പരാതിയുടെ പേരില്‍ പൊലീസ് കുടുക്കാന്‍ ശ്രമിച്ചു. രാത്രി തന്നെ ജാമ്യവുമായി ജോര്‍ജ് തലസ്ഥാനം വിട്ടു. ഇതും നാണക്കേടായി. ഇതിനൊപ്പമാണ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ഇതില്‍ കോടതിയുടെ ഇടപെടല്‍ കാരണം ക്രൈം നന്ദകുമാര്‍ അകത്തായി. അതു മാത്രമാണ് ആശ്വാസം.

എച്ച്‌ ആര്‍ ഡി എസ് സെക്രട്ടറി അജികൃഷ്ണനെ ഒരു ദിവസം ജയിലിലാക്കി. ഇതു തന്നെയാണ് ശബരിനാഥിന്റെ അറസ്റ്റിലും ആഗ്രഹിച്ചത്. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് സമാനം. ശബരീനാഥന്റെ കാര്യത്തിലും സമാനമായ രീതിയിലാണു കാര്യങ്ങളുണ്ടായത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ മറികടക്കാനുള്ള അടവ് പൊലീസ് ഉപയോഗിച്ചെന്ന ആരോപണം ശക്തം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. എന്നിട്ടും ശബരിക്കു ജാമ്യം നിഷേധിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും പൊലീസ് നടത്തിയത് കോടതി തള്ളി.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് യാത്രാ വിലക്കു പ്രഖ്യാപിച്ച ഇന്‍ഡിഗോ കമ്ബനിക്കെതിരെ സര്‍ക്കാരിന്റെ പ്രതികാര ശൈലി പ്രകടമായതും ഇന്നലെ തന്നെ. നികുതി അടച്ചില്ലെന്ന പേരില്‍ അവരുടെ ബസ് കോഴിക്കോട്ട് പിടിച്ചെടുത്തതും ചര്‍ച്ചകളിലുണ്ട്.

വിക്കറ്റ് തെറിച്ചതും വിനയായി

എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതിയെ കണ്ടെത്താനാകാതെ മുഖം നഷ്ടപ്പെട്ട് നിന്ന സര്‍ക്കാരിനും സിപിഎമ്മിനും വിനയായത് സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗമായിരുന്നു. സിപിഎം വേദിയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസം​ഗം ഒരു വിഭാ​ഗം സിപിഎമ്മുകാര്‍ തന്നെ പുറത്തുവിടുകയായിരുന്നു. ഇതിന്റെ പേരില്‍ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. ആലപ്പുഴയിലെ പിണറായിയുടെ വിശ്വസ്തന് മന്ത്രിമന്ദിരം ഒഴിയേണ്ടി വന്നത് വ്യക്തിപരമായി പിണറായി വിജയനും കനത്ത ആഘാതമായിരുന്നു.

സജി ചെറിയാന്റെ വിവാദ പ്രസംഗം ഇങ്ങനെ:

‘തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തില്‍നിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്ബളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരന്മാരായത്. മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്.

എന്നാല്‍, ഈ രാജ്യത്തെ ജനങ്ങളെ ?കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ?വെച്ചിട്ടുണ്ട്’ -ഇതായിരുന്നു മന്ത്രിയുടെ വിവദമായ പ്രസംഗം.

രണ്ടാം പിണറായി മന്ത്രിസഭയില്‍ രാജിവെക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാന്‍. ഒരു വര്‍ഷമാണ് സജി ചെറിയാന്‍ മന്ത്രി കസേരയില്‍ ഇരുന്നത്. മന്ത്രിയുടെ പരാമര്‍ശങ്ങളെ പ്രതിരോധിച്ചാല്‍ സര്‍ക്കാര്‍ മുഴുവന്‍ പ്രതിരോധത്തിലാകുമെന്ന അവസ്ഥ വന്നതോടെയാണ് സജി ചെറിയാന്റെ രാജിക്ക് അവസരം ഒരുങ്ങിയത്. രാജിവെക്കണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി സജി ചെറിയാന് നല്‍കി. എന്നാല്‍ കേന്ദ്ര നേതൃത്വം കര്‍ശനമായ നിലപാട് സ്വീകരിച്ചതോടെ സജി ചെറിയാന്റെ രാജി സുനിശ്ചിതമായി മാറി.

മണിയുടെ നാവും നാണക്കേട്

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി നിയമസഭയില്‍ കെ കെ രമ എംഎല്‍എയെ അധിക്ഷേപിച്ചതും പൊതുസമൂഹത്തിന് മുന്നിലവ്‍ സിപിഎമ്മിന് തലവേദനയായി. പ്രധാന ഘടകകക്ഷിയായ സിപിഐയുടെ ദേശീയ നേതാവ് ആനി രാജ മണിക്കെതിരെ രം​ഗത്തെത്തിയതും, ആനി രാജയെ പോലും മണി ആക്ഷേപിച്ചതും വലിയ വിവാദത്തിനാണ് തുടക്കമിട്ടത്. പിന്നാലെ സിപിഐയുടെ നിരവധി നേതാക്കള്‍ മണിക്കെതിരെ പരസ്യ നിലപാടെടുത്തു.

എന്നെ ശരിക്ക് അറിയില്ലെന്ന് തോന്നുന്നു.

ഇതിനിടയിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഇന്‍ഡി​ഗോ വിമാന കമ്ബനി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം ഉയരുന്നത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍‌​ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ ആക്രമിച്ചതാണ് യാത്രാ വിലക്കിന് കാരണമായത്. യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച്ചത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ഇ പി ജയരാജന് മൂന്ന് ആഴ്ച്ചത്തെ യാത്രാ വിലക്കായിരുന്നു ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ഇന്‍ഡി​ഗോയെ ബഹിഷ്കരിക്കുന്നെന്ന ബാലിശമായ പ്രസ്താവനയുമായി ഇ പി ജയരാജന്‍ രം​ഗത്തെത്തി.

ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ലെന്നായിരുന്നു ഇ പി യുടെ പ്രതികരണം. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്ബനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച്‌ ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്ബനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.

കേഡറില്‍ നിന്നും കോമഡിയിലേക്ക്

സംസ്ഥാന രാഷ്ട്രീയത്തിലെ വളരെ അച്ചടക്കമുള്ള പാര്‍ട്ടിയാണ് സിപിഎം എന്ന ധാരണകളെ പൊളിച്ചെഴുതുന്ന സംഭവ വികാസങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കാണാന്‍ കഴിയുന്നത്. ക്രമസമാധാന നില തകര്‍ന്നടിഞ്ഞെന്ന് തോന്നുന്ന നിലയില്‍ ​ഗുണ്ടാ ആക്രമണങ്ങള്‍ സ്ഥിരം സംഭവങ്ങളായി. പിന്നാലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്ബര തന്നെ വന്നു. ഇതിനിടയിലാണ് നേതാക്കളുടെ വാവിട്ട വാക്കുകള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദന സൃഷ്ടിക്കുന്നത്.

ചെറിയ സംഭവങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ എണ്ണം കൂട്ടുന്നതും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. ഭീരുവാണ് മുഖ്യമന്ത്രി എന്ന് പ്രതിപക്ഷ നേതാക്കള്‍ പ്രചാരണം നടത്തുന്ന സാഹചര്യം പോലും സംജാതമായി. നേതാക്കളുടെ പ്രസ്താവനകള്‍ ടെലിവിഷനുകളിലെ കോമഡികള്‍ക്കുള്ള സബ്ജക്ടായി പരിണമിച്ചു. സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്കും ഇപ്പോള്‍ സിപിഎം നേതാക്കളോടാണ് ആഭിമുഖ്യം. ഇത്തരത്തില്‍ കോമഡി പാര്‍ട്ടിയായി മാറുകയാണ് സിപിഎം എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്ന ചര്‍ച്ച.

ജട്ടിയും കുരുക്കാകുന്നു

ഇതിനിടയിലാണ് ഒരു ജട്ടിയും സര്‍ക്കാരിന് കുരുക്കാകുന്നത്. നിലവിലെ ​ഗതാ​ഗത മന്ത്രി ആന്റണി രാജുവാണ് ജട്ടി വിവാദത്തില്‍ പെട്ടത്. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച്‌ ലഹരിമരുന്ന് കേസിലെ പ്രതിയായ വിദേശിയെ കേസില്‍ നിന്നും രക്ഷിച്ചു എന്നതാണ് ആന്റണി രാജുവിനെതിരായ കേസ്. ലഹരിക്കേസില്‍ കുടുങ്ങിയ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിവസ്തുവില്‍ കൃത്രിമം നടത്തിയ ആന്‍്റണി രാജുവിന് കുരുക്കായത് കയ്യക്ഷരത്തിന്‍്റെ ഫൊറന്‍സിക് പരിശോധനയാണ്.

ഗതാഗത മന്ത്രി ആന്റണി രാജുവും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ തൊണ്ടി ക്ലര്‍ക്കായിരുന്ന കെ എസ് ജോസുമാണ് കേസിലെ പ്രതികള്‍. തൊണ്ടി മുതല്‍ കടത്തി കൃത്രിമം കാട്ടിയെന്ന കേസില്‍ ആന്റണി രാജുവിന്റെ പങ്ക് വെളിവാകുന്ന നിര്‍ണായക രേഖയാണ് പുറത്തുവന്നതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

1990 ഏപ്രില്‍ നാലിനാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. ഈ സമയം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു ആന്റണി രാജു. തന്റെ സീനിയര്‍ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് വിദേശ പൗരന്റെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. പ്രതിക്ക് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

എന്നാല്‍ തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്ത് പ്രഗല്‍ഭ അഭിഭാഷകനായിരുന്ന കുഞ്ഞിരാമ മേനോനെ ഇറക്കി. അത് ഫലംകണ്ടു. പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി വിധിയായി. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിടുകയും ചെയ്തു. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. മെറ്റിരീയല്‍ ഒബ്ജക്‌ട്, അഥവാ MO 2 ജട്ടി എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കിയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

അടിവസ്ത്രം ചെറുതായത് എങ്ങനെ?

തെളിവായി ഹൈക്കോടതിയില്‍ ഹാജരാക്കിയ അടിവസ്ത്രം ഓസ്‌ട്രേലിയക്കാരന് ഇടാന്‍ പറ്റാത്തത്ര ചെറുതായ മായാജാലമാണ് നടന്നത്. പിന്നാലെ കേസ് കൈകാര്യം ചെയ്ത പോലീസ് ഇന്‍സ്‌പെക്ടര്‍ ഹൈക്കോടതിയെ സമീപിച്ചു. അടിവസ്ത്രം മുറിച്ച്‌ വീണ്ടും തുന്നിച്ചേര്‍ത്ത് പരിഹാസ്യമായ രീതിയില്‍ ചെറുതാക്കി മാറ്റുകയായിരുന്നെന്ന് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ കുറ്റപ്പെടുത്തുന്നു. 1994ല്‍ ഇങ്ങനെ തുടങ്ങിയ കേസ് 2002ല്‍ എത്തിയപ്പോള്‍ തെളിവില്ലെന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി അവസാനിപ്പിക്കാന്‍ പൊലീസ് തന്നെ ശ്രമം നടത്തി. എന്നാല്‍ 2005 ല്‍ കേസ് പുനരന്വേഷിക്കാന്‍ ഉത്തരമേഖലാ ഐ ജിയായിരുന്ന ടി പി സെന്‍കുമാര്‍ നല്‍കിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മീഷണര്‍ വക്കം പ്രഭ നടപടി തുടങ്ങി. ഇതോടെയാണ് കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ എസ് ജോസ്, ആന്റണി രാജു എന്നിവര്‍ ആദ്യമായി ചിത്രത്തിലേക്ക് വരുന്നത്. ഇവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി13ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

ആന്‍ഡ്രൂവിന്റെ വെളിപ്പെടുത്തല്‍

ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വല്ലിയെ വിക്ടോറിയയില്‍ ഒരു കൊലപാതക കുറ്റത്തിന് പൊലീസ് പിടികൂടി. മെല്‍ബണ്‍ റിമാന്‍ഡ് സെന്ററില്‍ കസ്റ്റഡിയില്‍ ആയിരിക്കുമ്ബോള്‍, ആന്‍ഡ്രൂ തന്റെ സഹതടവുകാരന്‍ വെസ്ലി ജോണ്‍ പോളിനോട് തന്റെ ഇന്ത്യന്‍ സാഹസികതയെക്കുറിച്ചും തെളിവുകള്‍ നശിപ്പിക്കാന്‍ കോടതിയിലെ ക്ലര്‍ക്കിന് എങ്ങനെ കൈക്കൂലി നല്‍കിയെന്നും വീമ്ബിളക്കിയതായി ആരോപിക്കപ്പെടുന്നു. വിവരം അറിഞ്ഞ ഓസ്‌ട്രേലിയന്‍ പോലീസ് ഉടന്‍ തന്നെ ഇന്റര്‍പോളിലൂടെ സിബിഐയെ അറിയിച്ചു. സിബിഐ റിപ്പോര്‍ട്ട് കേരള പൊലീസിന് കൈമാറി.

1994ലാണ് മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസില്‍ ആന്റണി രാജുവിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുന്നത്. 2014 മുതല്‍ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാന്‍ പോലുമാകാത്ത പ്രതിസന്ധിയിലാണ്. വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ട് 28 വര്‍ഷമായി. കുറ്റപത്രം സമര്‍പ്പിച്ചിട്ട് 16 വര്‍ഷവും വിചാരണക്കായി കോടതി സമന്‍സ് അയച്ച്‌ പ്രതികളെ വിളിക്കാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷവുമാകുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ്, നിലവില്‍ നെടുമങ്ങാട് കോടതിയിലാണ് വിചാരണ തുടങ്ങാനായി കാത്തിരിക്കുന്നത്. 23ാം തവണ കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിനാണ്.